'എനിക്ക് ജീവിക്കാതിരിക്കാൻ കഴിയില്ലല്ലോ, വിമർശിക്കുന്നവർ വിമർശിക്കട്ടെ'; രണ്ടാം വിവാഹത്തെ കുറിച്ച് പൂനം പാണ്ഡെ
ബോളിവുഡിലെ വിവാദ നായികമാരിൽ ഒരാളാണ് പൂനം പാണ്ഡെ. സിനിമ നടി എന്നതിലുപരി ന്യൂഡ് മോഡൽ കൂടിയാണ് പൂനം. ബോളിവുഡിൽ മാത്രമല്ല തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്.
പിന്നീട് പൂനത്തിന്റെ പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു.
ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐിൽ നിന്നുമുണ്ടായ എതിർപ്പിനെ തുടർന്ന് പൂനം പാണ്ഡെ പ്രഖ്യാപനം പിൻവലിച്ചു. 2020ൽ ആണ് പൂനം പാണ്ഡെ ബിസിനസുകാരനായ സാം ബോംബയെ വിവാഹം ചെയ്തത്.
കുടുംബാംഗങ്ങൾ മാത്രമുള്ള ഒരു സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടന്നത്. ഇതിനുശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള ദൃശ്യങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെച്ചിരുന്നു.
എന്നാൽ പുതുമോടി മാറും മുമ്പ് ഭർതൃ പീഡനത്തിന് കേസ് കൊടുക്കേണ്ടി വന്നു പൂനത്തിന്.

ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പൂനം ചൂണ്ടിക്കാട്ടിയിരുന്നത്. ദക്ഷിണ ഗോവയിലെ കാനകോന ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും പൂനം വിശദീകരിച്ചിരുന്നു.
ശേഷം സാംമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികവും മാനസീകവുമായി വലിയ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് പലപ്പോഴും പൂനം തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ ഭാഗത്ത് നിന്നും താൻ നേരിട്ട ഉപദ്രവങ്ങളെ കുറിച്ച് നടി കങ്കണ റണാവത്ത് അവതാരകയായ ലോക്കപ്പ് ഷോയിൽ പൂനം വെളിപ്പെടുത്തിയിരുന്നു.
'വിവാഹത്തിന് ശേഷം ഞാൻ അയാളുടെ പൂർണ നിയന്ത്രണത്തിലായി. അൽപ്പനേരം ഒറ്റയ്ക്ക് ഇരിക്കാനോ എന്റെ സ്വന്തം ഫോൺ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും.'

'മർദ്ദനമേറ്റ് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. എല്ലായ്‌പ്പോഴും അയാൾക്കൊപ്പം സമയം ചെലവഴിക്കണമെന്ന വാശിയായിരുന്നു.'
'ഞാൻ ഒരുപാട് തവണ വിവാഹബന്ധം നിലനിർത്താൻ ശ്രമിച്ചു. എന്നാൽ എനിക്കതിന് സാധിച്ചില്ല. എന്റെ ക്ഷമ നശിച്ചു' എന്നാണ് പൂനം പറഞ്ഞത്. ഇപ്പോൾ ജീവിതത്തിലെ ദുർദിനങ്ങൾ മറന്ന് അഭിനയ ജീവിതവും മോഡലിങ്ങുമായി പഴയ ജീവിത്തതിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പൂനം.
ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് പൂനം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'എന്റെ ജോലിയിലൂടെ ആളുകൾ എന്നെ അറിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.'

'വിവാഹിതയാകില്ല. എനിക്ക് സംഭവിച്ചതിൽ എനിക്ക് വേദനയും സങ്കടവും ഉള്ളതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇനി വിവാഹം കഴിക്കുമോയെന്നത് എനിക്കറിയില്ല' എന്നായിരുന്നു പൂനത്തിന്റെ മറുപടി.
ആക്രമിക്കപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ആളുകൾ കളിയാക്കുകയും വിമർശിക്കുകയും ചെയ്തതിനെ കുറിച്ച് എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോൾ പൂനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ ജനിച്ച ദിവസം മുതൽ ഞാൻ വിമർശിക്കപ്പെട്ട് തുടങ്ങിയതാണ്.'
'ആരും എന്നെ കൈകളിൽ എടുക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായങ്ങളും വിധിന്യായങ്ങളും ഉണ്ടാകും. പക്ഷേ എനിക്ക് ജീവിക്കാതിരിക്കാൻ കഴിയില്ല. അവർ വിധിക്കട്ടെ, ട്രോളട്ടെ, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ ജീവിക്കും' പൂനം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











