നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നത് കൊണ്ട് താന്‍ രക്ഷപ്പെട്ടു! പ്രിയങ്ക ചോപ്ര പറയുന്നു
അമേരിക്കന്‍ ഗായകന്‍ നിക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയുകയാണ് നടി പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം സ്വന്തമാക്കിയ പ്രിയങ്ക ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ വരെ പോയി തിളങ്ങി നിന്ന നടിയാണ്. എല്ലാ കാലത്തും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നടി.
എന്നാല്‍ താന്‍ കടന്ന് വന്ന വഴികള്‍ വളരെ പ്രയാസം നിറഞ്ഞതാണെന്ന് പലപ്പോഴായി നടി പറഞ്ഞിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍ പോയപ്പോള്‍ നേരിടേണ്ടി വന്നത് മുതല്‍ സിനിമാഭിനയത്തിലേക്ക് എത്തിയതിന് ശേഷവും വലിയ പ്രതിസന്ധികളായിരുന്നു നേരിട്ടത്. ഇപ്പോഴിതാ ആദ്യമായി അഭിനയിക്കാന്‍ പോയ സമയത്തുണ്ടായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് നടി.

ലോക്ഡൗണില്‍ പ്രിയങ്കയുടേത് അടക്കം ഒരുപാട് പേരുടെ പഴയ അഭിമുഖങ്ങള്‍ പുറത്ത് വന്നിരുന്നു. അങ്ങനെ പണ്ടെരിക്കല്‍ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ രണ്‍വീര്‍ അല്ലാഹ്ബാദിയയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയിലെത്തിയ കാലത്ത് അന്ധാസ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുന്ന പ്രിയങ്കയുടെ വീഡിയോ ആയിരുന്നു വീണ്ടും വൈറലാവുന്നത്.

പ്രിയങ്കയ്‌ക്കൊപ്പം അക്ഷയ് കുമാര്‍, ലാറ ദത്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അന്ധാസ്. സിനിമയിലെ ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ടി സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പോയി. അക്ഷയ് കുമാറും പ്രിയങ്കയും ഒരുമിച്ചുള്ള റൊമാന്റിക് സോംഗ് ആയിരുന്നു ഇവിടെ നിന്നും ചിത്രീകരിച്ചത്. എന്നാല്‍ നാല്‍പത് തവണ ടേക്ക് എടുത്തിട്ടും തന്റെ ടാന്‍സ് ശരിയാകാതെ വരികയായിരുന്നു. ഇതിന്റെ പേരില്‍ സെറ്റില്‍ നിന്നും തനിക്ക് നേരെ ആക്രോശം ഉണ്ടായെന്നും നടി പറയുന്നു.

ആദ്യമായി ഞാന്‍ അഭിനയിച്ച പാട്ട് രംഗമായിരുന്നു അത്. ആ സമയത്ത് ഒന്നിലധികം കാര്യങ്ങളെ കുറിച്ച് ഞാന്‍ പഠിക്കാനുണ്ടായിരുന്നു. നാല്‍പത് തവണ ഒരേ രംഗം ഷൂട്ട് ചെയ്തിട്ടും അത് നന്നാക്കാന്‍ എനിക്ക് സാധിച്ചില്ല. എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അന്ന് സരോജ് ഖാന്റെ മകന്‍ രാജു ഖാന്‍ ആയിരുന്നു നൃത്ത സംവിധായകന്‍. എത്ര അഭിനയിച്ചിട്ടും ശരിയാവാതെ വന്നതോടെ രാജു ഖാന്‍ കൈയിലിരുന്ന മൈക്ക് എനിക്ക് നേരെ എറിഞ്ഞു. എന്നിട്ട് നൃത്തം എങ്ങനെ ചെയ്യണമെന്ന് ആദ്യം പഠിച്ചിട്ട് വാ, എന്നിട്ട് എടുക്കാമെന്ന് പറഞ്ഞു.

നിങ്ങളൊരു ലോകസുന്ദരി ആണെന്ന് കരുതി നടി ആകുമെന്നാണോ കരുതിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്ന് ഗര്‍ഭിണിയായിരുന്ന അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ ഷൂട്ടിങ് കുറച്ച് ദിവസത്തേക്ക് കൂടി നീട്ടി വെക്കേണ്ടി വന്നിരുന്നു. അത് തനിക്ക് വലിയൊരു അനുഗ്രഹമായി മാറി. കുറച്ച് ദിവസത്തെ സമയം കൂടി കിട്ടിയതോടെ നൃത്തം പഠിച്ച് നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം കിട്ടിയെന്നും നടി പറയുന്നു.

പിന്നീട് താന്‍ പണ്ഡിറ്റ് വീരു കൃഷ്ണയുടെ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്ന് കഥക് പഠിച്ചതിനെ കുറിച്ചും പ്രിയങ്ക സൂചിപ്പിച്ചിരുന്നു. ദിവസവും ആറ് മണിക്കൂറോളമായിരുന്നു ഡാന്‍സ് പ്രാക്ടീസ് ഉണ്ടാവുക. അതിന് ശേഷം സെറ്റിലേക്ക് എത്തി. മികച്ച രീതിയില്‍ ചെയ്യാന്‍ പറ്റി. ഇപ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കൈയടക്കി എങ്കിലും ആദ്യ സിനിമയിലെ അനുഭവം തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരു കാര്യത്തിന് ഇറങ്ങുമ്പോള്‍ മുന്നൊരുക്കങ്ങള്‍ എത്രത്തോളം വേണമെന്ന കാര്യം ഇത് തന്നെ ഓര്‍മ്മിക്കുമെന്നും പ്രിയങ്ക പറയുന്നു.
പ്രിയങ്കയുടെ വീഡിയോ


Click it and Unblock the Notifications