നിക് എന്നെയും ഡാഡിയെയും വിളിച്ച ദിവസം ഞാൻ മറക്കില്ല; വിവാഹ വാർഷിക ദിനത്തിൽ പ്രിയങ്കയുടെ ഭർതൃമാതാവ്
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. 2018 ലാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയ വഴി മെസേജ് അയച്ച് സൗഹൃദത്തിലായ ഇരുവരും വളരെ പെട്ടെന്ന് അടുത്തു. നിക് ജോനാസിനെ പരിചയപ്പെടുന്ന സമയത്ത് താൻ തകർച്ചയുടെ വക്കിലെത്തിയ മറ്റൊരു ബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിക് ജോനാസുമായി അടുക്കുമ്പോൾ പ്രിയങ്കയ്ക്ക് പല ആശങ്കകളുമുണ്ടായിരുന്നു. തന്നേക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്. 26ാം വയസിലാണ് അന്ന് 36 കാരിയായ പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്യുന്നത്.
നിക് ജോനാസ് ഈ പ്രായത്തിൽ വിവാഹത്തിന് തയ്യാറാണോ എന്ന് പ്രിയങ്ക ചിന്തിച്ചിരുന്നു. എന്നാൽ വിവാഹവും കുടുംബ ജീവിതവുമാണ് നിക് ജോനാസ് അന്നേ സ്വപ്നം കണ്ടിരുന്നു. ഒടുവിൽ 2018 ൽ ആഘോഷപൂർവം വിവാഹം നടന്നു. പ്രിയങ്കയ്ക്ക് ഇന്ത്യയിലുള്ള പ്രശസ്തിയെക്കുറിച്ച് വിവാഹത്തിന് മുംബെെയിൽ എത്തിയപ്പോഴാണ് നിക് ജോനാസിന്റെ ബന്ധുക്കൾ അറിയുന്നത്.

താര വിവാഹം നടന്നിട്ട് ആറ് വർഷം പൂർത്തിയായിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ നിക് ജോനാസിന്റെ അമ്മ ഡെനിസ് മില്ലർ ജോനസ് സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട മക്കൾക്ക് വാർഷിക ആശംസകൾ. നിക് കോൾ ചെയ്ത് ഞാൻ ആളെ കണ്ടെത്തി എന്ന് പറഞ്ഞ ദിനം ഡാഡിയും ഞാനും ഒരിക്കലും മറക്കില്ല, ഡെനിസ് മില്ലർ ജോനാസ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്.

നല്ല ഭർതൃമാതാവിനെയാണ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പോൾ കെവിൻ ജോനാസ് എന്നാണ് നിക് ജോനാസിന്റെ പിതാവിന്റെ പേര്. കഴിഞ്ഞ വർഷമാണ് നിക്കിന്റെ സഹോദരൻ ജോ ജോനാസും നടി സോഫി ടർണറും വിവാഹമോചിതരായത്. നാല് വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.
പോപ് ഗായകനായ നിക് ജോനാസ് ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മാൽതി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെയും പേര്. സറൊഗസി വഴിയാണ് ഇരുവരും മകളെ സ്വീകരിച്ചത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് പ്രിയങ്ക ചോപ്ര പ്രാധാന്യം നൽകുന്നു. ഹോളിവുഡ് പ്രൊജക്ടുകളാണ് താരമിന്ന് തുടരെ ചെയ്യുന്നത്. ബോളിവുഡിൽ നടിയെ കണ്ടിട്ട് ഏറെക്കാലമായി.
ബോളിവുഡിലെ മുൻനിര നായിക നടിയായിരിക്കെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് കടക്കുന്നത്. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസ് പ്രിയങ്കയുടെ കരിയർ മാറ്റി മറിച്ചു. പിന്നീട് ഹോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ പ്രിയങ്കയെ തേടി വന്നു. സിതാഡെൽ എന്ന സീരീസിലാണ് അടുത്തിടെ നടി ശ്രദ്ധേയ വേഷം ചെയ്തത്. ജീ ലേ സര എന്ന ബോളിവുഡ് ചിത്രം പ്രിയങ്ക പ്രഖ്യാപിച്ചെങ്കിലും ഏറെക്കാലമായി ഈ സിനിമ അനിശ്ചിതത്വത്തിലാണ്. ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല.


Click it and Unblock the Notifications