വരാൻ സാധ്യതയുള്ള പ്രശ്നം മറികടന്നു, അമ്മയാകാൻ എഗ് ഫ്രീസ് ചെയ്തതിന് കാരണം; ബുദ്ധിമുട്ടായിരുന്നെന്ന് പ്രിയങ്ക
കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി പ്രിയങ്ക ചോപ്ര ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പം അമേരിക്കയിൽ താമസിക്കുന്ന പ്രിയങ്ക വലപ്പോഴുമേ ഇന്ത്യയിലേക്ക് വരാറുള്ളൂ. 39ാം വയസിലാണ് പ്രിയങ്ക ചോപ്ര അമ്മയാകുന്നത്. സറൊഗസി വഴിയാണ് നടിക്ക് കുഞ്ഞ് പിറന്നത്. വിവാഹത്തിന് മുമ്പേ തന്നെ പ്രിയങ്ക ചോപ്ര എഗ് ഫ്രീസ് ചെയ്തിരുന്നു. അമ്മയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇരുപതുകളിൽ കരിയറിലെ തിരക്കുകളിലായിരുന്നു പ്രിയങ്ക.
കുടുംബ ജീവിതം പിന്നീട് മതിയെന്ന് തീരുമാനിച്ച പ്രിയങ്ക അമ്മയാകുന്നതിനുള്ള സാധ്യതകൾ മങ്ങാതിരിക്കാൻ നേരത്തെ തന്നെ എഗ് ഫ്രീസ് ചെയ്തു. ഇതേക്കുറിച്ച് ഒരിക്കൽ പ്രിയങ്ക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുപ്പതുകളുടെ തുടക്കത്തിലാണ് ഞാൻ എഗ് ഫ്രീസ് ചെയ്തത്. ഒരുപാട് ജോലി ചെയ്യുന്ന സമയം. എനിക്കാ സമയത്ത് ബോയ്ഫ്രണ്ട് പോലുമില്ല. ഒരു ബന്ധത്തിൽ നിന്ന് പുറത്ത് വന്നതേയുള്ളൂ.

എനിക്ക് എപ്പോഴും ഉറപ്പുള്ള ഒരു കാര്യം കുട്ടികൾ വേണമെന്നതായിരുന്നു. ഞാൻ ഈ ലോകത്ത് നിന്ന് പോയാലും എന്റെ ഒരു ഭാഗം ഇവിടെ ജീവിക്കണം. മുതിർന്നവരേക്കാൾ കുട്ടികൾക്കൊപ്പമുള്ള സമയമാണ് എനിക്കിഷ്ടം. അമ്മയോട് പറഞ്ഞപ്പോൾ നീ എടുക്കുന്ന ഏറ്റവും സ്മാർട്ടായ തീരുമാനമാണിതെന്ന് പറഞ്ഞു. ഏത് സ്ത്രീക്കും ബയോളജിക്കൽ ക്ലോക്ക് ഒരു സത്യമാണ്. അത് നമ്മൾ തിരസ്കരിക്കാൻ നോക്കിയാലും.
വരാൻ സാധ്യതയുള്ള പ്രശ്നം എനിക്ക് മറികടക്കണമായിരുന്നു. എപ്പോഴാണ് ഞാനാഗ്രഹിക്കുന്നയാളെ വിവാഹം കഴിക്കാനാകുകയെന്ന് അറിയില്ലല്ലോ. പക്ഷെ അപ്പോൾ എനിക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാകണം. കാരണം ദെെവം എനിക്കതിനുള്ള കഴിവ് തന്നു. എഗ് ഫ്രീസ് ചെയ്യുന്ന സമയത്ത് ഞാൻ ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിലാണ്. അത് ബുദ്ധിമുട്ടാണ്. ഒരു മാസത്തോളം ഹോർമോണൽ അപ്സ് ആന്റ് ഡൗൺസ് ഉണ്ടാകും.

അസ്വസ്ഥത തോന്നും. പക്ഷെ എനിക്കത് ചെയ്യണമായിരുന്നു. ഐവിഎഫ് ചെലവേറിയതാണെന്നും പ്രിയങ്ക ചോപ്ര ചൂണ്ടിക്കാട്ടി. പണം സ്വരൂപിക്കണം. നിങ്ങൾക്ക് ഫാൻസി കാറോ ബാഗോ വാങ്ങണമെങ്കിൽ പണം സേവ് ചെയ്യുന്നത് പോലെ. ബയോളജിക്കൽ ക്ലോക്കിൽ നിന്നും കുറച്ച് പവർ നമ്മൾ എടുക്കുന്നു. എത്ര എഗ്സ് സർവെെവ് ചെയ്യുമെന്ന് അറിയില്ല.
ചില സ്ത്രീകൾക്ക് പല തവണ ചെയ്യേണ്ടി വരും. വർക്ക് ചെയ്യുന്ന സ്ത്രീകൾക്കും സിംഗിളായ സ്ത്രീകൾക്കും കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്തവർക്കും ഞാൻ ഐവിഎഫ് നിർദ്ദേശിക്കും. അതൊരു സേവിംഗ്സ് അക്കൗണ്ട് പോലെയാണെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി. മകൾ പിറന്ന ശേഷം കരിയറിലെ തിരക്കുകളിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുന്നത് താൻ നിർത്തിയെന്നും പ്രിയങ്ക ചോപ്ര അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











