'പുറത്തേക്ക് പോവുമ്പോൾ മിക്കപ്പോഴും ധരിക്കുന്നത് നിക്കിന്റെ വസ്ത്രങ്ങൾ'; പ്രിയങ്ക ചോപ്ര
ഗ്ലോബൽ ഐക്കണുകളായി തിളങ്ങുകയാണ് പ്രിയങ്ക ചോപ്രയും ഭർത്താവും പോപ് ഗായകനുമായ നിക് ജോനാസും. ബോളിവുഡ് നടിയെന്ന ലേബലിൽ നിന്നും ഗ്ലോബൽ സ്റ്റാർ എന്ന നിലയിലേക്ക് തന്റെ കരിയറിനെ വളർത്തിയ പ്രിയങ്ക ചോപ്ര ഇതിനകം നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.
മാട്രിക്സ് ദ റിസറക്ഷൻ, ബേ വാച്ച്, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയ സിനിമകളിലാണ് പ്രിയങ്ക ഇതിനോടകം അഭിനയിച്ചത്. ഓസ്കാർ, മെറ്റ് ഗാല തുടങ്ങി അന്താരാഷ്ട്ര തലത്തിലെ അവാർഡ്, ഫാഷൻ വേദികളിലും പ്രിയങ്ക തിളങ്ങി.
നിക് ജോനാസിനൊപ്പം ലോസ് ആഞ്ചലസിൽ താമസിക്കുന്ന പ്രിയങ്ക ഇപ്പോൾ കരിയറിനൊപ്പം തന്നെ തന്റെ കുടുംബ ജീവിതത്തിനും പ്രധാന്യം കൊടുക്കുന്നുണ്ട്. അടുത്തിടെയാണ് ഇരുവർക്കും ഒരു കുഞ്ഞും പിറന്നത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു ഇരുവരും കുഞ്ഞിനെ സ്വീകരിച്ചത്.

മേരി മാലതി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ആറ് മാസം പ്രായമായ കുഞ്ഞിന്റെ മുഖം ഇതുവരെയും ഇവർ ആരാധകരെ കാണിച്ചിട്ടില്ല. കുഞ്ഞിന് ഒരു വയസ്സ് പൂർത്തിയാവുമ്പോൾ ചിത്രം പങ്കുവെക്കുമെന്നാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇപ്പോഴിതാ നിക്കിനോടൊപ്പമുള്ള കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക ചോപ്ര. നിക്കിന്റെ വസ്ത്രങ്ങൾ എപ്പോഴും താൻ മോഷ്ടിച്ച് എടുത്ത് അണിയാറുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ആരാധകർ പുറത്ത് കാണുമ്പോൾ മിക്കവാറും താൻ ധരിച്ചിരിക്കുന്നത് നിക്കിന്റെ വസ്ത്രങ്ങളാണെന്നും പ്രിയങ്ക പറയുന്നു.
വസ്ത്രങ്ങൾക്ക് പുറമെ നിക്കിന്റെ സൺ ഗ്ലാസുകളും തനിക്ക് വളരെയേറെ ഇഷ്ടമാണെന്നും പ്രിയങ്ക പറഞ്ഞു. നിക്കിന്റെ ഷൂ തനിക്ക് പാകമല്ല. അല്ലെങ്കിൽ അതും താനെടുത്ത് ധരിച്ചേനെ എന്നും പ്രിയങ്ക ചിരിച്ചു കൊണ്ട് പറഞ്ഞു. 2018 ഡിസംബർ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. ഇന്ത്യയിലും അമേരിക്കയിലും വിവാഹത്തിന്റെ ആഘോഷങ്ങൾ നടന്നിരുന്നു.
ബോളിവുഡിൽ സ്കൈ ഈസ് പിങ്ക്, ദ വൈറ്റ് ടൈഗർ എന്നീ സിനിമകളിലാണ് പ്രിയങ്ക അവസാനം അഭിനയിച്ചത്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലേ സരാ ആണ് പ്രിയങ്കയുടെ അടുത്ത സിനിമ. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്ന മറ്റ് താരങ്ങൾ. അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications