ലളിത് മോദി പ്രണയ വിവാദം: സുസ്മിത സെന്നിനെ പിന്തുണച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡിലെ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടി സുസ്മിത സെന്നും മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുമായുള്ള പ്രണയം. സോഷ്യൽ മീഡിയയിൽ വ്യാപക സൈബർ അക്രമമാണ് സുസ്മിതയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. ലളിത് മോദിയുടെ കോടിക്കണക്കിന് രൂപയുടെ ആസ്തി കണ്ടാണ് സുസ്മിത ഈ ബന്ധം സ്ഥാപിച്ചതെന്ന് ഇവർ ആരോപിക്കുന്നു. സുസ്മിതയുടെ പഴയകാല പ്രണയങ്ങളും ഇവർ ചർച്ചാ വിഷയമാക്കുന്നു. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി സുസ്മിത തന്നെ രംഗത്തെത്തി.
തന്നെ ഗോൾഡ് ഡിഗർ എന്ന് പലരും ആക്ഷേപിക്കുന്നുണ്ടെന്നും സ്വർണമല്ല വജ്രം വരെ താൻ സ്വന്തമായി തന്നെയാണ് വാങ്ങുന്നതെന്നായിരുന്നു സുസ്മിതയുടെ ദീർഘമായ കുറിപ്പിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ബോളിവുഡ് താരങ്ങളിൽ നിരവധി പേർ സുസ്മിതയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

രൺവീർ സിംഗും നേഹ ദൂപിയയും ശിൽപ ഷെട്ടിയും നേരത്തെ തന്നെ സുസ്മിതയെ പിന്തുണച്ചിരുന്നു. ഇപ്പോൾ നടി പ്രിയങ്ക ചോപ്രയും സുസ്മിതയ്ക്ക് പിന്തുണയറിയിച്ചിരിക്കുകയാണ്. 'അവർക്ക് പറഞ്ഞു കൊടുക്കൂ രാജ്ഞീ' എന്നാണ് പ്രിയങ്ക ചോപ്ര സുസ്മിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ സുസ്മിതയുമായുള്ള പ്രണയത്തിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന ട്രോളുകളിൽ ലളിത് മോദിയും പ്രതികരിച്ചിരുന്നു. ജീവിക്കുകയും ജീവിക്കാനനുവദിക്കുകയും ചെയ്യുക, മറ്റുള്ളവരുടെ ക്ഷേമത്തിൽ സന്തോഷിക്കുക എന്നായിരുന്നു ലളിത് മോദിയുടെ പ്രതികരണം. അതേസമയം സൈബർ അധിക്ഷേപങ്ങൾക്കിടയിലും സുസ്മിതയുടെ മുൻ കാമുകൻമാർ താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

സുസ്മിത പണം കണ്ട് ബന്ധമുണ്ടാക്കുന്നയാളല്ലെന്നാണ് നടിയുടെ മുൻ കാമുകനായിരുന്ന ഫിലിം മേക്കർ വിക്രം ഭട്ട് പറഞ്ഞത്. ഒരു ബന്ധം സ്ഥാപിക്കുമ്പോൾ അവരുടെ ബാങ്ക് ബാലൻസ് പോലുള്ളവ സുസ്മിത നോക്കാറില്ലെന്ന് പറഞ്ഞ വിക്രം ഭട്ട് താൻ പണമില്ലാതെ ബുദ്ധിമുട്ടിയ കാലത്ത് സുസ്മിത തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ഓർത്തു.
'ഞാനന്ന് ഗുലാം എന്ന സിനിമ സംവിധാനം ചെയ്യുകയായിരുന്നു. എന്റെ കൈയിൽ രൂപയുമില്ല. അന്ന് സുസ്മിത എന്നെ യുഎസിലേക്ക് യാത്രയ്ക്ക് കൊണ്ട് പോയത് ഞാൻ മറക്കില്ല. എന്റെ യാത്രയുടെ ചെലവ് അവളാണ് വഹിച്ചത്. ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയപ്പോൾ അവിടെ എന്നെ കാത്തിരുന്നത് ഒരു ലിമാേസിൻ കാർ ആണ്. എന്റെ യുഎസ് യാത്ര വളരെ മികച്ചതാക്കണമെന്നായിരുന്നു അവൾ അന്ന് പറഞ്ഞത്,' വിക്രം ഭട്ട് പറഞ്ഞു.


Click it and Unblock the Notifications