'കറുമ്പി' എന്ന് കളിയാക്കിയ കുടുംബം, ടൈറ്റ് വസ്ത്രം ധരിക്കാന്‍ പാടില്ല; വീട് ജയിലാക്കിയ അച്ഛന്‍: പ്രിയങ്ക ചോപ്ര
ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര ഇന്ന്. ലോക സുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ തന്റെ കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ കടുത്ത വിവേചനം നേരിട്ടിരുന്നു പ്രിയങ്ക ചോപ്ര. വിദേശത്തെ പഠനകാലത്തും, സ്വന്തം കുടുംബത്തില്‍ നിന്നു പോലും പ്രിയങ്ക വിവേചനം നേരിട്ടിട്ടുണ്ട്.
ഒരിക്കല്‍ ഇരുണ്ട നിറത്തിന്റെ പേരില്‍ കുടുംബത്തിലുള്ളവര്‍ പോലും തന്നെ അധിക്ഷേപിച്ചതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിരുന്നു. പഞ്ചാബികളാണ് പ്രിയങ്കയുടെ അച്ഛനും അമ്മയും. കുടുംബത്തില്‍ ഇരുണ്ടനിറമുണ്ടായിരുന്നത് തനിക്കായിരുന്നുവെന്നും അതിന്റെ പേരില്‍ പലപ്പോഴും തന്നെ കറുമ്പി എന്ന് വിളിച്ച് കളിയാക്കിയിരുന്നതായുമാണ് പ്രിയങ്ക പറയുന്നത്.

''ഞാനായിരുന്നു ഏറ്റവും കറുത്തത്. അതിനാല്‍ കുടുംബത്തിലുള്ളവര്‍ എന്നെ കറുമ്പി എന്നാണ് വിളിച്ചിരുന്നത്. ടീനേജര്‍ ആകുന്നത് വരെ ആ പരിഹാസങ്ങള്‍ എന്നെ എത്രത്തോളം ബാധിച്ചിരുന്നുവെന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല. '' എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. അച്ഛനും അമ്മയും മിലിറ്ററി ഡോക്ടര്‍മാര്‍ ആയിരുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗത്തും പ്രിയങ്ക ജീവിച്ചിട്ടുണ്ട്. യുഎസില്‍ വച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നത്.
യുഎസില്‍ ജീവിച്ചിരുന്ന കാലത്തും കടുത്ത വര്‍ണ വിവേചനം താന്‍ നേരിട്ടതായി പ്രിയങ്ക പറയുന്നുണ്ട്. തന്നെ സ്‌കൂളിലുള്ളവര്‍ ബ്രൗണിയെന്നും കറിയെന്നുമായിരുന്നു വിളിച്ചിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്. സഹപാഠികളുടെ പീഡനം സഹിക്ക വയ്യാതെ പലപ്പോഴും താന്‍ വാഷ്‌റൂമില്‍ ഒളിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും താരം ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
തന്റെ അച്ഛനെക്കുറിച്ചും പ്രിയങ്ക ചോപ്ര സംസാരിക്കുന്നുണ്ട്. അമ്മയുമായിട്ടായിരുന്നു തനിക്ക് കൂടുതല്‍ അടുപ്പമെന്നും അച്ഛന്‍ സ്ട്രിക്റ്റ് ആയിരുന്നുവെന്നുമാണ് പ്രിയങ്ക ചോപ്ര പറയുന്നത്. അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന ശേഷം ഒരിക്കല്‍ തന്നെ കാണാനായി ഒരാള്‍ വീടിന്റെ ബാല്‍ക്കണിയില്‍ അതിക്രമിച്ച് കയറിയതോടെ അച്ഛന്‍ ഭയന്നു പോയെന്നും അതിന് ശേഷം ജനലുകളില്‍ ഇരുമ്പ് കമ്പി വച്ച് ജയില്‍ പോലെയാക്കിയെന്നാണ് പ്രിയങ്ക പറയുന്നത്. വാതിലുകള്‍ക്ക് വലിയ ലോക്കുകള്‍ നിര്‍മ്മിച്ചു. തനിക്ക് ടെെറ്റ് ആയ വസ്ത്രം ധരിക്കാനും അനുവാദമില്ലായിരുന്നു. അതുകാരണം അച്ഛനും താനും തമ്മില്‍ എപ്പോഴും വഴക്കായിരുന്നുവെന്നും പ്രിയങ്ക ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ തന്റെ ആത്മവിശ്വാസവും കഠിനാധ്വാനവും കഴിവും പ്രിയങ്കയെ മിസ് യൂണിവേഴ്‌സ് ആക്കി മാറ്റി. പിന്നാലെ താരത്തെ തേടി സിനിമയില്‍ നിന്നും അവസരങ്ങള്‍ എത്തുകയായിരുന്നു. ഇന്ന് ലോകമെമ്പാടും പ്രിയങ്കയ്ക്ക് ആരാധകരുണ്ട്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയങ്കയുടെ തിരിച്ചുവരവ് തെലുങ്കിലൂടെയായിരിക്കും. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന, മഹേഷ് ബാബു ചിത്രത്തിലൂടെയാണ് പ്രിയങ്ക തിരികെ വരിക.
നേരത്തെ ബോളിവുഡ് ചിത്രം ജീ ലേ സരയിലൂടെ പ്രിയങ്ക തിരികെ വരുമെന്നായിരുന്നു കരുതിയിരുന്നത്. പ്രിയങ്കയ്‌ക്കൊപ്പം ആലിയ ഭട്ടും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയിരുന്ന ഫര്‍ഹാന്‍ അക്തര്‍ സിനിമയായിരുന്നു ജീ ലേ സര. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.


Click it and Unblock the Notifications