ഭർത്താവിന്റെ കുടുംബമോ ആ ബന്ധമോ വലുത്?; സഹോദരനും ഭാര്യയും അകന്നപ്പോൾ പ്രിയങ്കയുടെ തീരുമാനം
പോപ് ഗായകൻ ജോ ജോനാസും ഹോളിവുഡ് നടി സോഫി ടർണറും വേർപിരിഞ്ഞത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നാല് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞത്. മാസങ്ങളായി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലായതോടെ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. കുട്ടികളെ ഒരുമിച്ച് വളർത്താനാണ് തീരുമാനം.
വിവാഹമോചനത്തിന് കാരണമെന്ന പേരിൽ പല അഭ്യൂഹങ്ങളും വരുന്നുണ്ട്. എന്നാൽ എന്താണ് പിരിയാനിടയാക്കിയ പ്രശ്നമെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. നിക് ജോനാസ്-പ്രിയങ്ക വിവാഹത്തിന് ശേഷമായിരുന്നു ജോ ജോനാസും സോഫി ടർണറും തമ്മിലുള്ള വിവാഹം.

സോഫിയും പ്രിയങ്കയും തമ്മിൽ വളരെ നല്ല അടുപ്പമുണ്ടായിരുന്നു. കുടുംബത്തോടൊപ്പമുള്ള സമയങ്ങളിൽ അടുത്തറിഞ്ഞ ഇരുവരും ബന്ധുക്കളെന്നതിലുപരി നല്ല സുഹൃത്തുക്കളായി. കരിയറിലെ നേട്ടങ്ങളിൽ ഇരുവരും പരസ്പരം അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ വിവാഹമോചനത്തോടെ സോഫിക്ക് പ്രിയങ്കയുമായുള്ള സൗഹൃദം അവസാനിച്ചെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹോളിവുഡ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.
പ്രിയങ്ക ചോപ്രയെ സോഫി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. സോഫിയോ പ്രിയങ്കയോ ഇതിനോട് പ്രതികരിച്ചില്ല. അതേസമയം ഏറ്റവും ഒടുവിലായി വരുന്ന വിവരപ്രകാരം പ്രിയങ്കയും സോഫിയും തമ്മിലുള്ള സൗഹൃദം വേണ്ടെന്ന് വെച്ചതിന് കാരണങ്ങളുണ്ട്. സോഫി ടർണറുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവർ തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്നു. പരസ്പരം വിശ്വാസമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പ്രിയങ്കയ്ക്ക് ഭർത്താവിനും കുടുംബത്തിനുമൊപ്പം നിൽക്കേണ്ടതുണ്ട്. സോഫിയെ സംബന്ധിച്ചും ബന്ധങ്ങളിൽ മാറ്റം വന്നു. ജോ ജോനാസുമായി വേർപിരിയുന്നത് ചിലരെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ സോഫിയെ നിർബന്ധിതയാക്കുന്നു. പ്രിയങ്കയും അതിലൊരാളാണെന്ന് സോഫിയുടെ അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ജോ ജോനാസ്-സോഫി വിവാഹ മോചനത്തിൽ പ്രിയങ്കയോ ഭർത്താവ് നിക് ജോനാസോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ജോ ജോനാസിന് താങ്ങായി നിക് ജോനാസ് ഒപ്പമുണ്ട്. വിവാഹമോചനത്തിന് കാരണമായി വന്ന അഭ്യൂഹങ്ങളിലൊന്ന് കഴിഞ്ഞ ദിവസങ്ങളിലായി ചർച്ചയായിരുന്നു. സോഫി ടർണർ കുടുംബത്തിലേക്ക് പൂർണ ശ്രദ്ധ നൽകണമെന്നാണ് ജോ ജോനാസ് ആഗ്രഹിച്ചത്.
എന്നാൽ 27 കാരിയായ താൻ ഈ പ്രായത്തിലേ കുടുംബിനിയായി മാത്രം കഴിയുന്നത് എന്തിനെന്ന് സോഫി ചിന്തിച്ചു. 23ാം വയസിലാണ് സോഫി വിവാഹിതയാകുന്നത്. രണ്ട് കുട്ടികളുടെ അമ്മയുമായി. ചെറുപ്പകാലം മുഴുവൻ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നു എന്ന തോന്നൽ സോഫിക്കുണ്ട്.
ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ ചെറുപ്പകാലം മുതൽ ജനശ്രദ്ധയിലേക്ക് വന്ന നടിയാണ് സോഫി. കൗമാരകാലത്ത് തനിക്ക് നേരെ വന്ന സൈബറാക്രണമണങ്ങളും മറ്റും സോഫിയെ മാനസികമായി ഏറെ ബാധിച്ചു. ഈ ഘട്ടത്തിലാണ് സോഫിയും ജോ ജോനാസും തമ്മിൽ അടുക്കുന്നത്.
മക്കളുടെ സംരക്ഷണവകാശത്തിലുൾപ്പെടെ ധാരണയായ സാഹചര്യത്തിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടനെ കെട്ടടങ്ങുമെന്നാണ് ഏവരും കരുതുന്നത്. മറുവശത്ത് പ്രിയങ്ക ചോപ്രയും നിക് ജോനാസും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. മകൾ പിറന്ന ശേഷമാണ് കുടുംബ ജീവിതത്തിലേക്ക് പ്രിയങ്ക കൂടുതൽ ശ്രദ്ധ നൽകുന്നു.


Click it and Unblock the Notifications