»   » സൽമാന്റെ ജോഡിയായി കാജോളും; പ്യാർ കിയാ തൊ ഡർനാ ക്യാ - 20 വർഷങ്ങൾ പിന്നിട്ടു!

സൽമാന്റെ ജോഡിയായി കാജോളും; പ്യാർ കിയാ തൊ ഡർനാ ക്യാ - 20 വർഷങ്ങൾ പിന്നിട്ടു!

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

1998 മാർച്ച് 27 ന് തീയറ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രമാണ് 'പ്യാർ കിയാ തൊ ഡർനാ ക്യാ’ (പ്രണയിക്കുന്നെങ്കിൽ എന്ത് പേടിക്കാൻ). പ്രണയത്തിനും, ഹാസ്യത്തിനും പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം വളരെ മികച്ചതാണെന്ന് പറയാൻ കഴിയില്ല, എന്നിട്ടും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായതിനൊപ്പം തൊണ്ണൂറുകളിലെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷക മനസിൽ സ്ഥാനം നേടിയതാണ്.

20 വർഷങ്ങൾക്ക് മുൻപിറങ്ങിയ ചിത്രത്തിന് ഇന്നും വൻ സ്വീകാര്യതയാണുള്ളത്. ചിത്രത്തിന്റെ കൂടുതൽ പ്രത്യേക്തകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം…

Odiyan: ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി, ലാലേട്ടനെ കണ്ട സന്തോഷത്തില്‍ ഹ്യൂം പറഞ്ഞത്? കാണൂ!

ധർമ്മേന്ദ്രയ്ക്കൊപ്പം സൽമാൻ ഖാൻ

ധർമ്മേന്ദ്ര, സൽമാൻ ഖാൻ, കാജോൾ, അർബ്ബാസ് ഖാൻ, കിരൺ കുമാർ, അഞ്ജല സവേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സൽമാൻ ഖാനും, ധർമ്മേന്ദ്രയും ഒന്നിച്ചഭിനയിച്ച ഏക ചിത്രമാണ് ‘പ്യാർ കിയാ തൊ ഡർനാ ക്യാ'. ചിത്രത്തിലേക്ക് സൽമാന്റെ ആഗ്രഹപ്രകാരമാണ് ധർമ്മേന്ദ്രയെ അഭിനയിക്കാൻ ക്ഷണിച്ചതും.

ഖാൻ സഹോദരങ്ങൾ മൂവരും ഒന്നിച്ച ചിത്രം

സൽമാൻ ഖാനും,സഹോദരൻ അർബ്ബാസ് ഖാനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായ ‘പ്യാർ കിയാ തൊ ഡർനാ ക്യാ'എഴുതി സംവിധാനം ചെയ്തത് ഇവരുടെ ഇളയ സഹോദരൻ സൊഹൈൽ ഖാനാണ്. സൊഹൈൽ ഖാന്റെ സംവിധാന സംരഭത്തിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രവുമാണിത്.

സൽമാൻ - കാജോൾ ജോഡി

സൽമാൻ ഖാനും കാജോളും ജോഡിയായി അഭിനയിച്ച ഏക ചിത്രമാണ് ‘പ്യാർ കിയാ തൊ ഡർനാ ക്യാ'. ഇരുവരും 1995-ലെ ‘കരൺ അർജ്ജുൻ', 1998 ലെ തന്നെ ‘കുച്ച് കുച്ച് ഹോത്താ ഹെ' എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചുവെങ്കിലും രണ്ട് ചിത്രങ്ങളിലും കാജോളിന്റെ നായകൻ ഷാരുഖ് ഖാനായിരുന്നു. പിന്നീട് ഷാരൂഖ് ഖാനിന്റെ തന്നെ ‘ഓം ശാന്തി ഓം'എന്ന ചിത്രത്തിൽ സൽമാനും, കാജോളും അഥിതി വേഷത്തിലും എത്തിയിരുന്നു.

ഹിമേഷ് രേഷമ്മ്യയുടെ സംഗീതം

ഗായകനും, സംഗീത സംവിധായകനും, നടനുമൊക്കെയായ ഹിമേഷ് രേഷമ്മ്യ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത് ‘പ്യാർ കിയാ തൊ ഡർനാ ക്യാ'എന്ന ചിത്രത്തിനു വേണ്ടിയാണ്. ചിത്രത്തിലെ എട്ട് ഗാനങ്ങളിൽ രണ്ടെണ്ണമാണ് ഹിമേഷ് രേഷമ്മ്യ സംവിധാനം ചെയ്തത്. ബാക്കി ഗാനങ്ങൾക്ക് ഈണം നൽകിയത് ജതിൻ ലളിത്, സാജിദ് വാജിദ് എന്നിവരാണ്.

സൽമാന്റെ ഷർട്ടൂരൽ ട്രെൻഡായപ്പോൾ

സൽമാൻ ആദ്യ ചിത്രം മുതൽക്കെ തന്റെ ശരീര സൗന്ദര്യം നിരവധി ചിത്രങ്ങളിൽ കാട്ടിയിട്ടുള്ളതാണ്, പക്ഷെ അപ്പോഴൊന്നും ലഭിക്കാതിരുന്ന ആരാധക ശ്രദ്ധ ‘പാർകിയാ തൊ ഡർനാ ക്യാ'എന്ന ചിത്രത്തിൽ ലഭിച്ചു. ചിത്രത്തിൽ നിരവധി രംഗങ്ങളിൽ സൽമാൻ തന്റെ മസിലുകൾ കാട്ടുന്നുണ്ടെങ്കിലും അതിലേറ്റവും ശ്രദ്ധയാകർഷിച്ചത് ചിത്രത്തിന്റെ തുടക്കത്തിലുള്ള ഗാനത്തിലെ സൽമാന്റെ പ്രകടനമാണ്. ഈ ഗാനത്തിലുടനീളം ഷർട്ടുധരിക്കാതെയാണ് സൽമാൻ അഭിനയിച്ചത്.

"ഒ ഓ ജാനെ ജാനാ"എന്നു തുടങ്ങുന്ന ഈ ഗാനം സിനിമ പുറത്തിറങ്ങുന്നതിനു മുൻപെ ഹിറ്റായതാണ്. ഈ ഗാനമാലപിച്ച കമാൽ ഖാൻ പ്രേക്ഷകർക്കിടയിൽ തരങ്കമായി മാറുകയും മികച്ച ജനപ്രിയ ഗാനത്തിനുള്ള ഫിലിം ഫെയർ അവാർഡ് ഈ ഗാനത്തിന് ലഭിക്കുകയും ചെയ്തു.

ആരാധകരിലെ സ്വീകാര്യതയാണ് പിന്നീടിങ്ങോട്ട് സൽമാന്റെ ചിത്രങ്ങളിൽ മിക്കവയിലും ഷർട്ടൂരി സിക്സ് പായ്ക്ക് ബോഡി കാട്ടുന്ന രംഗങ്ങൾ ഉൾപ്പെടുത്താൻ കാരണം.

പ്രണയവും,സഹോദര സ്നേഹവും

മുസ്കാന്റെയും (കാജോൾ) മുതിർന്ന സഹോദരൻ വിശാലിന്റെയും (അർബ്ബാസ് ഖാൻ) പരസ്പര സ്നേഹമാണ് സിനിമയിൽ ആദ്യം കാണിക്കുന്നത്. അതുപോലെ അവരുടെ മാതാപിതാക്കളുടെ മരണശേഷം അവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ചയാളാണ് ചെറിയച്ഛനായ ഠാക്കൂർ അജയ് സിംഗ് (ധർമ്മേന്ദ്ര ). ഉപരിപഠനത്തിനായി മുംബൈ എത്തുമ്പോഴാണ് സൂരജിനെ (സൽമാൻ ) പരിയപ്പെടുന്നത്, അവരുടെ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുമ്പോളാണ് അവർക്കിടയിലേക്ക് വിശാൽ വരുന്നത്.
വിശാൽ മുസ്കാനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോഴും പിറകെ സൂരജ് അവിടെയെത്തുന്നുവെങ്കിലും, അനിയത്തിയെ ജീവനെക്കാളേറെ സ്നേഹിക്കുന്നയാളാണെങ്കിലും സൂരജിന്റെ പ്രണയം അംഗീകരിക്കാൻ വിശാൽ തയ്യാറാകുന്നില്ല. വിശാലിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ സൂരജ് വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. വിശാലിന്റെ മനസിൽ ഇടം നേടി മുസ്കാനെ സ്വന്തമാക്കാൻ സൂരജിന് എങ്ങനെ സാധിക്കുന്നു എന്നതാണ് തുടർന്നുള്ള ചിത്രത്തിന്റെ കഥ.
വിജയ് സിംഗ് എന്നയാൾക്കും മക്കൾക്കും വിശാലിനോടും, ഇളയച്ഛൻ അജയ് സിംഗിനോടുമുള്ള വൈരാഗ്യവും കഥയിൽ പ്രതിപാദിക്കുന്നുണ്ട്.

പിന്നീട് പല തവണ ആവർത്തിച്ച പ്രമേയം

‘പ്യാർ കിയാ തോ ഡർനാ ക്യാ' എന്ന ചിത്രത്തിന് ഔദ്യോഗിക റീമേക്കുകൾ ഇല്ല. പക്ഷെ 2005 ൽ പ്രഭുദേവ ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് ചിത്രവും സമാനമായ കഥയാണ് പറഞ്ഞത്. സിദ്ധാർത്ഥും, തൃഷയും അഭിനയിച്ച ‘നുവ്വോസ്ഥാനത്തെ നേനോഡണ്ടാന' എന്ന ചിത്രം വൻ വാണിജ്യ വിജയം നേടുകയും ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്കുകളുണ്ടായ ചിത്രമായി മാറുകയും ചെയ്തു. പ്രഭുദേവ തന്നെ ഈ തെലുങ്ക് ചിത്രം ഹിന്ദിയിലേക്ക് ‘രാമയ്യ വസ്താവയ്യ' എന്ന പേരിൽ 2013 ൽ റീമേക്ക് ചെയ്യുകയും ചെയ്തു. ഈ ചിത്രത്തിന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും വരെ വളരെയധികം സാമ്യമാണ് സൽമാൻ ചിത്രവുമായുള്ളത്‌.

20 വർഷം പിന്നിടുമ്പോൾ

ബന്ധങ്ങളുടെ വിലയും, ആഴവും ബോധ്യപ്പെടുത്തിയുള്ള ഒരു ഫുൾ ടൈം എന്റർടെയ്ൻമെന്റാണ് ‘പ്യാർ കിയാ തൊ ഡർനാ ക്യാ'. പ്രത്യേകിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ലെങ്കിലും എത്ര വർഷങ്ങൾ പിന്നിട്ടാലും തൃപ്തിയോടെ കാണാനാകുന്നൊരു ചിത്രം.

Read more about: salman khan kajol
English summary
pyar kiya to darna kya bollywood movie- twenty years since

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X