നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യുന്ന ക്വീന്‍ ഒരേസമയം റിലീസിന്!
കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം ക്വീന്‍ നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്ത് ഒരേ സമയം തിയറ്ററിലെത്തുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. നാല് ഭാഷകളിലും നാല് നായികമാരാണ്. സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായിക. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയയും കന്നടയില്‍ പരുള്‍ യാദവുമാണ് നായികമാര്‍. ചിത്രങ്ങള്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.
റാണി മെഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ്. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തെലുഗു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പ് ഒരുക്കുന്നത്. രമേഷ് അരവിന്ദ് തമിഴും കന്നടയും സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം ഒരുക്കുന്നത്. മനു കുമാരനാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പാണ് പ്രധാന ലൊക്കേഷന്‍. ലൊക്കേഷനില്‍ നിന്ന് നടിമാര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദിയില്‍ രാജ്കുമാര്‍ റാവു കൈകാര്യം ചെയ്ത പ്രതിശ്രുത വരന്റെ വേഷം മലയാളത്തില്‍ സണ്ണി വെയ്നാണ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











