ക്വിക്കീ ഡിജിറ്റല്‍ മീഡിയ സ്ഥാപകന്‍ സമീര്‍ ബംഗാര റോഡപകടത്തില്‍ മരണപ്പെട്ടു
ക്വിക്കീ ഡിജിറ്റല്‍ മീഡിയ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സമീര്‍ ബംഗാര ബൈക്കപകടത്തില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ മുംബൈ- അഹമ്മദാബാദ് ഹൈവേയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സൂപ്പര്‍ ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏആര്‍ റഹ്മാനും ശേഖര്‍ കപൂറിനുമൊപ്പമാണ് സമീര്‍ ക്വിക്വി ഡിജിറ്റല്‍ മീഡിയയ്ക്ക് തുടക്കമിട്ടത്. ഡിസ്‌നി യുടിവിയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്നു സമീര്‍ ബംഗാര.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഇറക്കുമതി ചെയ്ത ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ ബൈക്കില്‍ ദഹാനുവിലെ ചരോട്ടിയിലേക്ക് പോകുകയായിരുന്നു ബംഗാര. ബൈക്കില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടര്‍ന്ന് ബംഗാരയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. സമീര്‍ ബംഗാരയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ഏആര്‍ റഹ്മാന്‍ അടക്കമുളള സംഗീത ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
Recommended Video
"ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്തിനെ നഷ്ടമായിരിക്കുന്നു. ദര്‍ശനാത്മക കമാന്‍ഡര്‍ ഇന്‍ ചീഫ്, ഒരു നല്ല മനുഷ്യന്‍. സമാധാനത്തോടെ ഇനി വിശ്രമിക്കുക എന്നാണ് ഏആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏആര് റഹ്മാന് പുറമെ സംഗീത സംവിധായകനും ഗായകനുമായ വിശാല്‍ ദദ്‌ലാനിയും ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു.
"സമീര്‍ ബംഗാര ഇനി ഇല്ലെന്ന് കേട്ടത് കുറച്ചുമുന്‍പാണ്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണിത്. അദ്ദേഹം വളരെക്കാലമായി എന്റെ സുഹൃത്താണ്. നല്ലൊരു വ്യക്തിയായിരുന്നു. ഒന്നുമില്ലാതെ കരിയര്‍ കെട്ടിപ്പടുക്കാന്‍ കഷ്ടപ്പെട്ട നിരവധി ആളുകളെ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്‌റെ പാരമ്പര്യം നിലനില്‍ക്കും. കുടുംബത്തിന് വളരെയധികം സ്‌നേഹവും ശക്തിയും. വിശാല്‍ ദദ്‌ലാനി ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications











