വിവാഹം കഴിക്കുകയാണെങ്കില്‍ ജൂഹി ചൗളയെ തന്നെയായിരിക്കും! നടന്‍ മാധവന്‍ ഏറെ ആഗ്രഹിച്ച സുന്ദരി
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന ചോക്ലേറ്റ് ഹീറോയായിരുന്നു ആര്‍ മാധവന്‍. അക്കാലത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മാധവന്‍ വളരെ എളിമയുള്ള സ്വഭാവക്കാരനാണ്. സഹനടന്മാരും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം മാധവനെ സ്‌നേഹിക്കുന്നതിന് കാരണവും ഈ സ്വഭാവമാണ്.
ഒരുവിധം മുന്‍നിര നടിമാരെല്ലാം മാധവന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ്. അതുപോലെ മാധവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒത്തിരി യുവതികളും ഇന്ത്യയിലുണ്ട്. എന്നാല്‍ മാധവന്‍ വിവാഹം കഴിക്കണമെന്ന് ഏറെ ആഗ്രഹിച്ചൊരു നടിയുണ്ട്. തന്റെ തലമുറയിലെ ഏറ്റവും സുന്ദരിയായ നടി ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ നടന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍, ഒരു അഭിമുഖത്തിലൂടെയാണ് തന്റെ ആഗ്രഹത്തെ കുറിച്ച് മാധവന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ വെബ് സീരീസായ ദി റെയില്‍വേ മെന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരിക്കുകയാണ് മാധവനും ജൂഹി ചൗളയും. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുമാണ് രസകരമായ കാര്യങ്ങള്‍ പുറത്ത് വരുന്നത്. താന്‍ ജൂഹിയെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്.
1988-ല്‍ പുറത്തിറങ്ങിയ ജൂഹിയുടെ ഖയാമത്ത് സേ ഖയാമത് തക് എന്ന സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ജൂഹിയോട് ഭ്രാന്തമായ ഇഷ്ടം തോന്നുന്നത്. അന്ന് മുതല്‍ ജൂഹിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു എന്നും നടന്‍ പറഞ്ഞു. ആ സമയത്ത് താന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നില്ല. അന്ന് തനിക്ക് തോന്നിയ ആഗ്രഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നതായിട്ടും നടന്‍ വ്യക്തമാക്കുന്നു.
'ഭാഗ്യവശാല്‍ നീ യെസ് എന്ന് പറഞ്ഞു, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണം. എല്ലാവരുടെയും മുന്നില്‍ വെച്ച് ഒരു കുമ്പസാരം നടത്തുകയാണ്. ഖയാമത്ത് സെ ഖയാമത്ത് തക് എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് നടി ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന് എന്റെ അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് എന്റെ ലക്ഷ്യം തന്നെ ജൂഹിയെ വിവാഹം കഴിക്കുക എന്നത് മാത്രമായിരുന്നു' എന്നാണ് മാധവന്‍ പറയുന്നത്.

എന്നാല്‍ മാധവന്റെ ആഗ്രഹം സഫലമാകാതെ പോയി. വിവാഹം കഴിക്കുന്നത് പോയിട്ട് ഇരുവര്‍ക്കും ഒരുമിച്ച് സിനിമയില്‍ പോലും അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഒരേ വെബ് സീരീസില്‍ അഭിനയിച്ചിട്ടും മാധവനും ജൂഹിയും ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞില്ല. തന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതിന് ശേഷമാണ് ജൂഹിയെ കാസ്റ്റ് ചെയ്തതെന്നും അതുകൊണ്ട് ജൂഹിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.
മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത് ജൂഹി ചൗള നായികയായിട്ടെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'ഖയാമത്ത് സേ ഖയാമത് തക്'. ചിത്രത്തില്‍ ആമിര്‍ ഖാന്റെ നായികയായിട്ടാണ് ജൂഹി അഭിനയിച്ചത. 1993 ലാണ് മാധവന് ജനപ്രിയ ടിവി ഷോയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്.
2001-ല്‍ പുറത്തിറങ്ങിയ മാധവന്റെ 'രഹ്ന ഹേ തേരേ ദില്‍ മേ' എന്ന സിനിമ ഇന്നുവരെയുള്ള ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് ബോളിവുഡ് ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. ദിയാ മിര്‍സയും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തില്‍ മാധവനും ദിയയും തമ്മിലുള്ള കെമിസ്ട്രി അക്കാലത്ത് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.
പിന്നീട് തമിഴ് സിനിമകളില്‍ സജീവമായ താരം ജൂഹിയ്ക്ക് പകരം സരിത ബിര്‍ജെയെ വിവാഹം കഴിച്ചു, ഇരുവര്‍ക്കും വേദാന്ത് എന്നൊരു മകനുമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു മികച്ച അത്ലറ്റായി തിളങ്ങി നില്‍ക്കുകയാണ് താരപുത്രന്‍. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് വേദാന്ത്.


Click it and Unblock the Notifications











