For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വന്‍താരനിരയുമായി രാജ്കുമാര്‍ സന്തോഷിയുടെ ലജ്ജ

  By Staff
  |

  വന്‍താരനിരയുമായി രാജ്കുമാര്‍ സന്തോഷിയുടെ ലജ്ജ

  ചൈനാഗേറ്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായ്ച്ചുകളയാന്‍ രാജ്കുമാര്‍ സന്തോഷിയും ഭരത്ഷായും വീണ്ടും ഒന്നിക്കുന്നു. വന്‍ താരനിരകളെ നിരത്തിക്കൊണ്ടുള്ള ലജ്ജയിലാണ് സന്തോഷി ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നത്. രേഖ, അനില്‍ കപൂര്‍, മാധുരി ദീക്ഷിത്, മനീഷ കൊയ്റാള, ജാക്കി ഷ്രോഫ്, അജയ് ദേവ്ഗണ്‍, മഹിമ ചൗധരി എന്നിവരെ ഇതിനകം തന്നെ ലജ്ജക്കുവേണ്ടി സന്തോഷി ഉറപ്പാക്കിക്കഴിഞ്ഞു.

  എന്നാല്‍ ഇവരെക്കൊണ്ടും സന്തോഷി തൃപ്തിയടയാന്‍ ഒരുക്കമല്ലത്രെ. ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് സോണാലി ബാന്ദ്രയെ അതിഥി താരമായി തീരുമാനിച്ചു കഴിഞ്ഞു. കൂടാതെ ഗോഡ്മദര്‍ ഫെയിം ഷര്‍മാന്‍ ജോഷി ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഐശ്വര്യ റായിയും ലജ്ജയില്‍ അതിഥി റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് കേള്‍വി.

  ഇത്രയും വിലപിടിപ്പുള്ള താരങ്ങളെവെച്ച് സന്തോഷി എന്താണ് ചെയ്യാന്‍ പോകുന്നത്? അതും മൂന്നു മണിക്കൂര്‍ മാത്രമുള്ള ഒരു ചിത്രത്തില്‍...!

  സിഡ്നി ഷെല്‍ഡന്റെ സാന്‍ഡ്സ് ഓഫ് ടൈം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിനുള്ള കഥ ഒരുങ്ങുന്നത്. സൈന്യം നടത്തിയ ഒരു റെയ്ഡിനുശേഷം കോണ്‍വെന്റ് വിടേണ്ടി വന്ന നാലു കന്യാസ്ത്രീകളുടെ കഥയാണ് സാന്‍ഡ്സ് ഓഫ് ടൈം. പിന്നീടുള്ള സാഹസികത നിറഞ്ഞ ജീവിതത്തിനിടയില്‍ കന്യാസ്ത്രീകള്‍ക്ക്ചില തീവ്രവാദികളുമായി ബന്ധപ്പെടേണ്ടിവന്നു. സാഹസികതയും തീവ്രവാദികളുമായുള്ള ബന്ധവും അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് നോവലിന്റെ പ്രമേയം.

  എന്നാല്‍ അന്‍ജും രാജാബാലിയും സന്തോഷിയും ചേര്‍ന്ന് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടാണ് ലജ്ജ ഒരുക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തെ അഞ്ചു എപ്പിസോഡുകളായാണ് സന്തോഷി കാണികള്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്.

  ഈ ചിത്രത്തില്‍ മേല്‍പ്പറഞ്ഞ താരനിരകള്‍ എന്തൊക്കെ റോളുകളാണ് കൈകാര്യം ചെയ്യുന്നതെന്ന് പൂര്‍ണമായും വ്യക്തമായിട്ടില്ല. ജാക്കിഷ്രോഫിന് ചിത്രത്തില്‍ നെഗറ്റീവ് റോളാണ്. കന്യാസ്ത്രീയായും പിന്നീട് ജാക്കിയുടെ ഭാര്യയായും മനീഷ കൊയ്രാള രംഗത്തെത്തുന്നു. ജാക്കിക്കെതിരെ പോരാടാന്‍ മനീഷയുടെ കൂട്ടുകാരനായെത്തുന്ന കൊള്ളക്കാരനാണ് അജയ് ദേവ്ഗണ്‍.

  ചിത്രത്തിന്റെ എഴുപത് ശതമാനം ചിത്രീകരണവും പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും ബാക്കിയുള്ളവരുടെ കഥാപാത്രങ്ങളേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ അനില്‍ കപൂര്‍ ഒരു കള്ളന്റെ വേഷവും രേഖ ഒരു മധ്യവയസ്കയുടെ വേഷവുമാണ് അവതരിപ്പിക്കുന്നതെന്ന് കരുതുന്നു. രേഖയുടെ യുവതിയായ മകളെ അവതരിപ്പിക്കാനുള്ള നടിയെ ഇനിയും കണ്ടെത്താനുമുണ്ട്..! ഡബിംഗ് ഉടനെത്തന്നെ ഉണ്ടാകുമെന്ന് കരുതുന്നു.

  ചൈനാഗേറ്റ്ില്‍ നിന്ന് വ്യത്യസ്തമായി ലജ്ജയുടെ കാര്യത്തില്‍ സന്തോഷി തികഞ്ഞ നിശബ്ദത പാലിക്കുകയാണ്. നിര്‍മ്മാതാവായ ഭരത്ഷായുമായുണ്ടായ ഒരു ധാരണയുടെ പുറത്താണ് ഈ നിശബ്ദതയെന്ന് കരുതുന്നു. ചൈനാഗേറ്റിനെക്കുറിച്ച് ഇരുവരും വാതോരാതെ സംസാരിച്ചെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. എന്തായാലും നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ലജ്ജ നവംബറില്‍ പ്രദര്‍ശനത്തിനെത്തും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X