വസ്ത്രത്തിന് നീളം കൂട്ടണമെന്നും ഗ്ലാമറസ്സാകേണ്ടെന്നും രാഖി സാവന്തിന് പുതിയ കാമുകന്റെ 'ഉപദേശം'
എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും ബോളിവുഡ് മാധ്യമങ്ങളിലെ വലിയ തലക്കെട്ടുകളായിട്ടുണ്ട്. വിവാദനായിക എന്ന വിളിപ്പേര് പോലും രാഖിക്ക് ഒരു കാലത്തുണ്ടായിരുന്നു.
അടുത്തിടെയാണ് രാഖി സാവന്ത് വിവാഹമോചിതയായത്. വലിയ ബഹളങ്ങളോടെ റിതേഷ് സിങ്ങുമായി നടത്തിയ വിവാഹം അധികംകാലം കഴിയും മുമ്പെ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രാഖി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

പക്ഷെ റിതേഷുമായുള്ള ബന്ധം അവസാനിപ്പിച്ച് അധികം കഴിയുംമുമ്പെ രാഖി വീണ്ടും തന്റെ അടുത്ത ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. ആദില്‍ ഖാന്‍ ദുറാനി എന്ന പുതിയ കാമുകനെ അടുത്തിടെ താരം ആരാധകര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മൈസൂര്‍ സ്വദേശിയാണ് ആദില്‍ ഖാന്‍ ദുറാനി.
ആദിലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ ദിവസമാണ് രാഖി സാവന്ത് മാധ്യമങ്ങളോട് പറഞ്ഞത്. തെളിവിനായി തന്റെ വിവാഹമോതിരം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്റെ പ്രണയം എന്ന് പറഞ്ഞ് ഏറെ വികാരനിര്‍ഭരമായിട്ടായിരുന്നു രാഖിയുടെ തുറന്നുപറച്ചില്‍.

രാഖി സാവന്തും ആദില്‍ ഖാന്‍ ദുറാനിയും അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് അഭിമുഖം അനുവദിച്ചിരുന്നു. താന്‍ ജോലി ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ആദിലിന് മറ്റു ചിലകാര്യങ്ങളില്‍ നിര്‍ബന്ധമുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നും രാഖി അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേക്കുറിച്ച് ആദില്‍ പറയുന്നതിങ്ങനെയാണ്, 'അധികമായി ഒന്നുമില്ല, അവള്‍ ഗ്ലാമറസ്സല്ലാത്തതും ശരീരം കൂടുതല്‍ മറയ്ക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് എന്റെ അഭിപ്രായം.'
തന്റെ പേരില്‍ ആദില്‍ വാങ്ങിയ വീടിനെക്കുറിച്ചും രാഖി അഭിമുഖത്തിനിടെ പറഞ്ഞു.'ആദില്‍ എന്റെ പേരില്‍ ദുബായില്‍ ഒരു വീട് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, അവന്‍ എനിക്ക് ഒരു ബിഎംഡബ്ല്യു സമ്മാനമായി തന്നു. സത്യത്തില്‍, എന്റെ നിധി അവന്റെ സ്‌നേഹമാണ്. അവന്റെ സ്‌നേഹം സത്യമാണ്. അവന്‍ എന്റെ വിശ്വസ്തനാണ്.' രാഖി പറയുന്നു.

തന്റെ കാമുകിയായ രാഖിയില്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും ആദില്‍ തുറന്നുപറയുകയാണ്, 'ടിവിയിലും മറ്റും അവളുടെ ഇമേജ് എന്തായാലും, എനിക്ക് പ്രശ്‌നമില്ല, അവള്‍ അതിന്റെ വിപരീതമാണ്. ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുന്ന, ലളിതമായി ജീവിക്കുന്ന ഒരു ജോളി ടൈപ്പ് കഥാപാത്രമാണ് അവള്‍. പൊതുജനങ്ങള്‍ അവളെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നതെല്ലാം തെറ്റാണ്.' ആദില്‍ വ്യക്തമാക്കുന്നു.
ആദിലിനെ പരിചയപ്പെട്ട കഥ രാഖി പറയുന്നതിങ്ങനെയാണ്.'റിതേഷുമായുള്ള ബ്രേക്ക്അപിന് ശേഷം എന്നെ വിഷാദരോഗം ബാധിച്ചിരുന്നു. ആ സമയത്ത് ദൈവം കൊണ്ടുതന്നാണ് ആദിലിനെ. എന്റെ സുഹൃത്ത് ഷൈലിയുടെ സഹോദരനാണ് ആദില്‍. ഷൈലി വഴിയാണ് ഞാന്‍ ആദിലിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്നെ കാണാന്‍ മൈസൂരില്‍ നിന്ന് മുംബൈയില്‍ വന്നു. എനിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കി.

പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. എനിക്ക് ആദിലിനേക്കാള്‍ ആറു വയസ്സ് കൂടുതലുണ്ട്. അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. പക്ഷെ, ആദിലിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു.
എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ, എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.' അഭിമുഖത്തില്‍ രാഖി സാവന്ത് വ്യക്തമാക്കുന്നു.


Click it and Unblock the Notifications