തിരിച്ചു പോവാനല്ല വീട് വിട്ടിറങ്ങിയത് ; ട്രോളുകളോട് പ്രതികരിച്ച് രാഖി സവന്ദ്
ബോളിവുഡിലെ പ്രധാന എന്റർടെയ്നറിലൊരാളാണ് രാഖി സവന്ദ്. ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ രാഖി ബി ടൗൺ മാധ്യമങ്ങളിൽ സ്ഥിരമായി എത്താറുണ്ട്. എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കുന രാഖി നിരന്തരമായി ട്രോളുകളിലും പെടാറുണ്ട്. ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് എന്ത് നടന്നാലും ഇക്കാര്യത്തിൽ രാഖി സാവന്ദിന്റെ അഭിപ്രായം തേടുന്നത് ബി ടൗൺ മാധ്യമങ്ങളുടെ പതിവാണ്.
രാഖിയാവട്ടെ തനിക്ക് തോന്നുന്നതെല്ലാം ക്യാമറയ്ക്ക് മുന്നിൽ പറയുകയും ചെയ്യും. തന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് സംസാരിക്കുന്ന രാഖി അടുത്തിടെ തന്റെ പുതിയ കാമുകൻ ആദിൽ ഖാനെയും പരിചയപ്പെടുത്തിയിരുന്നു. ആദിലിനോടൊപ്പം നിരവധി തവണ രാഖി സവന്ദ് പാപ്പരാസികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

തനിക്കെതിരെ വരുന്ന ട്രോളുകളെ പറ്റി സംസാരിക്കുകയാണ് രാഖി സവന്ദിപ്പോൾ. 'നിങ്ങൾ ട്രോളിയില്ലെങ്കിൽ എങ്ങനെ ഞങ്ങൾ താരങ്ങളാവും. പരമാവധി നിങ്ങൾക്കെന്താണ് ചെയ്യാൻ പറ്റുക. ഞങ്ങളെ ആക്ഷേപിക്കാം. നിങ്ങൾക്കെന്നെ കൊല്ലാൻ പറ്റില്ല. എല്ലാവരും നമ്മളെ പറ്റി നല്ലത് മാത്രം പറഞ്ഞാൽ നമ്മൾ ഡയബറ്റിക് ആവും. ട്രോളിംഗിലൂടെ ഒരാൾ നന്നാവും'
'പക്ഷെ എന്റെ കാര്യത്തിൽ അത് നടക്കില്ല. നിങ്ങൾ മാറും. ഞാൻ മാറില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും. ഞാൻ ആരെയും വേദനിപ്പിക്കുന്നില്ല. ഞാൻ സത്യസന്ധയും ഒരു എന്റർടെയ്നറുമാണ്,' രാഖി സവന്ദ് പറഞ്ഞു.

ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ട സമയത്തൊന്നും ട്രോൾ ചെയ്യുന്നവരല്ല തന്നെ രക്ഷിച്ചതെന്നും രാഖി പറയുന്നു. 'നിങ്ങൾ മാറിടം കാണിക്കുന്നു. ഈ വസ്ത്രം ധരിക്കൂ, വീട്ടിലിരിക്കൂ എന്നാണ് ആളുകൾ പറയുന്നത്. തിരിച്ചു പോവാൻ വേണ്ടിയല്ല ഞാൻ വീടു വിട്ടിറങ്ങിയത്. ബോളിവുഡിൽ എനിക്ക് എന്തെങ്കിലുമൊക്കെ ആകണമായിരുന്നു. എന്റെ അമ്മയ്ക്ക് സുഖമില്ലായിരുന്നു. ഞാൻ വേദനയിലായിരുന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല'
'എന്റെ അമ്മയ്ക്ക് ഹൃദയാഘാതം വന്നു. കാൻസർ മൂലം അവർ വളരെ വേദനയിലായിരുന്നു. ആരും അന്ന് ഉണ്ടായിരുന്നില്ല. ഞാൻ കഠിനാധ്വാനം ചെയ്തു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു. ബോളിവുഡിൽ ഒരിടം കണ്ടെത്തി. അധ്വാനിച്ച് എല്ലാം ശരിയാക്കി. എന്റെ എല്ലാ സഹോദരൻമാരുടെയും വിവാഹം കഴിഞ്ഞു. എനിക്ക് സ്വയം അഭിമാനമുണ്ട്,' രാഖി സവന്ദ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ തന്റെ അമ്മയ്ക്ക് ആദ്യ കാലങ്ങളിൽ ആശങ്കയുണ്ടായിരുന്നെന്നും അന്ന് താൻ അമ്മയോട് പറഞ്ഞ വാക്കുകളും രാഖി സാവന്ദ് ഓർത്തു. 'ഞാൻ വന്നില്ലെങ്കിൽ പകരം മറ്റാെരാൾ അവിടെ വരും. അവൾ വിജയിക്കും. എന്റെ പിതാവ് ബോളിവുഡിൽ നിന്നുള്ള ആളല്ല', രാഖി സവന്ദ് പറഞ്ഞു. അതേസമയം തന്റെ കാമുകൻ ആദിൽ ഖാന് സോഷ്യൽ മീഡിയയിലെ ഇത്തരം കമന്റുകളിൽ വിഷമമുണ്ടെന്നും രാഖി സവന്ദ് പറഞ്ഞു.
സിനിമകളിൽ തനിക്ക് നല്ല റോളുകൾ കിട്ടുന്നില്ലെന്നും രാഖി സവന്ദ് പറഞ്ഞു. 'ഞാൻ സിനിമകളിലും വെബ് സീരീസിലും വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഇമേജ് വെച്ച് എനിക്ക് ബലാത്സംഗ സീനുകൾ മാത്രമാണ് ലഭിക്കുന്നത്. അത് എനിക്ക് ചെയ്യാൻ താൽപര്യമില്ല. ചുംബന സീനുകളും റേപ് സീനുകളും'
'എന്തിന് ഞാനത് ചെയ്യണം. എനിക്ക് നല്ല ഡാൻസിംഗ് കഴിവുണ്ട്. നിരവധി ഐറ്റം സോങ്ങുകൾ ചെയ്തിട്ടുണ്ട്. ഞാൻ ഒരു നല്ല നടിയാണ്. എനിക്ക് അഭിനയിക്കാൻ അവസരം കിട്ടുന്നില്ല. അതിനാലാണ് മീഡിയക്ക് മുന്നിൽ അഭിനയിക്കുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ഞാനിങ്ങനെ ചെയ്യരുതെന്നുണ്ടെങ്കിൽ നല്ല റോളുകൾ എനിക്ക് തരൂ,' രാഖി സവന്ദ് പറഞ്ഞു.


Click it and Unblock the Notifications