സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ രൂപമാറ്റം: സഞ്ജു ടീസര്‍ പുറത്ത്! കാണൂ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് രണ്‍ബീര്‍ കപൂര്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീര്‍ സിനിമയിലെത്തിയിരുന്നത്. സോനം കപൂറായിരുന്നു ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ രണ്‍ബീറിന് സാധിച്ചിരുന്നു. സാവരിയയിലെ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍ എന്ന ചിത്രമായിരുന്നു രണ്‍ബീറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. മ്യൂസിക്കല്‍ റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായി പുറത്തിറങ്ങിയ റോക്ക് സ്റ്റാറില്‍ ജോര്‍ദ്ദാന്‍ എന്ന നായകകഥാപാത്രമായിട്ടായിരുന്നു രണ്‍ബീര്‍ എത്തിയിരുന്നത്.

പാട്ടുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയിരുന്നത് എ.ആര്‍ റഹ്മാനായിരുന്നു. ബര്‍ഫി, യേ ജവാനി ഹേ ദീവാനി, എ ദില്‍ ഹേ മുഷ്‌കില്‍ തുടങ്ങിയ സിനിമകളും രണ്‍ബീറിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. രണ്‍ബീര്‍ നായകനാവുന്ന പുതിയ ചിത്രമാണ് സഞ്ജു. ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് സഞ്ജു. ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ സൂപ്പര്‍ഹിറ്റ് ആമിര്‍ ഖാന്‍ ചിത്രങ്ങളൊരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീറിനു പുറമേ സോനം കപൂര്‍,പരേഷ് റാവല്‍, മനീഷ കൊയ്രാള, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയും അഭിജത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശാന്തനു മൊയിത്ര, അമാല്‍ മാലിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സഞ്ജുവിന്റെ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തായുളള രണ്‍ബീറിന്റെ പരകായ പ്രവേശമാണ് ടീസറില്‍ കാണാന്‍ സാധിക്കുക. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലെ ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 29നാണ് രണ്‍ബീറിന്റെ സഞ്ജു ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications