'ആലിയയുമായി പ്രണയത്തിലായപ്പോള്‍ ആദ്യം പറഞ്ഞത് കുട്ടികളെക്കുറിച്ച്, അവള്‍ക്കും അതാണ് ഇഷ്ടം'; രണ്‍ബീര്‍ കപൂര്‍
ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സെലിബ്രിറ്റികളും കുടുംബാംഗങ്ങളും ആരാധകരും ഉള്‍പ്പെടെ വലിയൊരു നിര തന്നെ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചിരുന്നു. താരങ്ങളുടെ വിവാഹം പോലെ തന്നെ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരകുടുംബത്തിലെ പുതിയ വിശേഷവാര്‍ത്തയും.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കത്രീന കൈഫുമായുള്ള ബ്രേക്കപ്പിന് ശേഷം അധികം വൈകാതെ രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത് ആരാധകരെ അന്ന് ഞെട്ടിച്ചിരുന്നു.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചായിരുന്നു പ്രണയം മൊട്ടിട്ടത്. കോവിഡ് കാലത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോഴിതാ അച്ഛനാകാന്‍ താന്‍ വളരെ നാളായി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് രണ്‍ബീര്‍ കപൂര്‍. ആലിയയുമായി പ്രണയത്തിലായപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നതായും രണ്‍ബീര്‍ പറയുന്നു.
അതേക്കുറിച്ച് രണ്‍ബീര്‍ ഒരു സിനിമാ മാഗസിനോട് പറയുന്നത് ഇപ്രകാരമാണ്:' ഞാനും ആലിയയും കണ്ടുമുട്ടിയതും പ്രണയത്തിലായതുമായ ആദ്യ ദിനത്തില്‍ തന്നെ കുട്ടികളെക്കുറിച്ച് സംസാരിച്ചിരുന്നു. എനിക്ക് എപ്പോഴും കുട്ടികളെ വേണം. അതുപോലെ അവള്‍ക്കും കുട്ടികളെ വലിയ ഇഷ്ടമാണ്.
ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാന്‍ പോവുകയാണ് ഇപ്പോള്‍. ഞാന്‍ വളരെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. സത്യത്തില്‍ എനിക്ക് കാത്തിരിക്കാനേ വയ്യ.' രണ്‍ബീര്‍ കപൂര്‍ തുറന്നു പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ ആഴ്ച തന്നെ ഇരുവരും കമിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു.
തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. അതിനിടെയാണ് കുടുംബത്തില്‍ സന്തോഷം പരത്തിയ പുതിയ വിശേഷവാര്‍ത്ത അറിയുന്നത്.

അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications