ആലിയയെ പ്രപ്പോസ് ചെയ്തത് ഇവിടെ വെച്ചാണ്, കുഞ്ഞിനേയും അവിടേയ്ക്ക് കൊണ്ടുപോകാന്‍ കാത്തിരിക്കുകയാണെന്ന് രണ്‍ബീര്‍
ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിശേഷങ്ങളാണ് ബോളിവുഡ് മാധ്യമങ്ങള്‍ നിറയെ. കഴിഞ്ഞ ഏപ്രില്‍ 14-ന് വിവാഹിതരായ താരങ്ങള്‍ അധികം വൈകാതെ അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചിരുന്നു. പുതിയ അതിഥിയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഇരുവരും.
ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്‌റ്റോണിന്റെ ഷൂട്ടിനിടെയായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. രണ്‍ബീറുമൊത്ത് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് നടത്തുന്നതിന്റെ ചിത്രമാണ് അന്ന് ആലിയ പങ്കുവെച്ചത്. ഒപ്പം ഒരു സിംഹക്കുട്ടിയെ അതിന്റെ അച്ഛനമ്മമാര്‍ താലോലിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.

ആലിയയും രണ്‍ബീറും കമിറ്റ് ചെയ്ത ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ മുംബൈയിലെ വസതിയില്‍ മടങ്ങിയെത്തിരിക്കുകയാണ്. രണ്‍ബീറാകട്ടെ വരാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങ് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.
കപൂര്‍ കുടുംബമാകെ ഇപ്പോള്‍ സന്തോഷത്തിലാണ്. താന്‍ മുത്തച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ആലിയയുടെ അച്ഛനും ബോളിവുഡിലെ മുതിര്‍ന്ന സംവിധായകനുമായ മഹേഷ് ഭട്ടും മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ വെച്ചാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. കെനിയയിലെ പ്രശസ്തമായ മാസായ് മാര ദേശീയോദ്യാനത്തില്‍ വെച്ച് ആലിയയെ പ്രപ്പോസ് ചെയ്ത രണ്‍ബീര്‍ ആ സ്ഥലത്തെക്കുറിച്ച് പലപ്പോഴും അഭിമുഖങ്ങളില്‍ വാതോരാതെ സംസാരിക്കാറുണ്ട്.
അടുത്തിടെ തന്റെ പുതിയ ചിത്രമായ ഷംഷേരയുടെ പ്രമോഷനെത്തിയപ്പോഴും മാസായ് മാരയെക്കുറിച്ച് രണ്‍ബീര്‍ സംസാരിച്ചിരുന്നു. തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ ആദ്യം കൊണ്ടുപോകേണ്ടത് അവിടേയ്ക്കാണെന്നും തങ്ങള്‍ ഇപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ മനോഹരമായ ഇടത്തേക്ക് കുഞ്ഞിനേയും കൊണ്ടുപോയി ആ ഓര്‍മ്മകള്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നതായും രണ്‍ബീര്‍ പറയുന്നു. അതിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് രണ്‍ബീര്‍ പറയുന്നത്.

മാസായ് മാരയെക്കുറിച്ചുള്ള രണ്‍ബീറിന്റെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. 'കുറച്ച് ബുദ്ധിമുട്ടാണ് അവിടെയുള്ള ജീവിതം. അതിനായി നന്നായി തയ്യാറെടുക്കണം. ഇന്റര്‍നെറ്റില്ല, ടെലിവിഷനില്ല. നിങ്ങള്‍ ഒരു കാടിന്റെ നടുവിലാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ അവിടെ ഒരു അന്യഗ്രഹജീവിയായി തോന്നും.
എല്ലാ ദിവസവും പുലര്‍ച്ചെ 4.30-ന് നിങ്ങള്‍ ഉണരും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കാപ്പിയോ ചായയോ കഴിക്കാം. പിന്നീട് നാല് മണിക്കൂര്‍ െ്രെഡവ് ചെയ്യാന്‍ പോകുകയാണ്. പിന്നീട് ആ യാത്രയില്‍ കാണാന്‍ ധാരാളമുണ്ടാകും. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു സുന്ദരമായ കുളിര്‍കാറ്റ് വീശും. നിങ്ങള്‍ പ്രകൃതിയോട് അടുക്കുകയാണ്.

വന്യമൃഗങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. ചിലര്‍ ഇരയെ പിടിയ്ക്കാന്‍ കൊലപാതകങ്ങള്‍ നടത്തുന്നു, ചിലര്‍ ഭക്ഷണം കഴിക്കുന്നു, മറ്റുചിലര്‍ ഉറങ്ങാന്‍ പോകുന്നു...അവരെ തേടി ഒരു വേട്ടക്കാരന്‍ എപ്പോള്‍ വേണമെങ്കിലും വരാം എന്ന ധാരണയോടെ ജാഗരൂകരായി നില്‍ക്കുന്നവര്‍. അങ്ങനെ അനേകം കാഴ്ചകള്‍...' രണ്‍ബീര്‍ പറയുന്നു.
അവിടെ ടെന്‍ഷനുണ്ട്, സൗന്ദര്യമുണ്ട്...അങ്ങനെ എല്ലാമുണ്ട്. ഇതാണ് ജീവിതം. ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അവിടേക്ക് കൊണ്ടുപോകണം. അതിനായി ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാന്‍. രണ്‍ബീര്‍ തന്റെ ആഗ്രഹം തുറന്നുപ്രകടിപ്പിക്കുന്നു.

മാസായ് മാരയില്‍ വെച്ച് രണ്‍ബീര്‍ തന്നെ പ്രപ്പോസ് ചെയ്തതിനെക്കുറിച്ച് കോഫി വിത്ത് കരണില്‍ ആലിയ ഭട്ട് ഏറെ നൊസ്റ്റാള്‍ജിയയോടെയാണ് സംസാരിച്ചത്.
' രണ്‍ബീര്‍ വളരെ മനോഹരമായി പ്ലാന്‍ ചെയ്തിരുന്നു. അതെന്റെ ഹൃദയം തന്നെ കീഴടക്കിക്കളഞ്ഞു. മനസ്സിലെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലം പലതും പ്രതിസന്ധിയിലാക്കി. ഞങ്ങള്‍ അതേക്കുറിച്ച് സംസാരിക്കില്ല എന്നുവരെ തീര്‍ച്ചപ്പെടുത്തിയിരുന്നു.
ഞങ്ങളുടെ തോന്നലുകള്‍ക്കനുസരിച്ച് തീരുമാനം എടുക്കാമെന്ന് പിന്നീട് കരുതി. അതും അങ്ങനെയാണ് സംഭവിച്ചത്. രണ്‍ബീര്‍ ആരോടും ഒന്നും പറഞ്ഞില്ല. ഒരു മോതിരം കൈയില്‍ കരുതിയിരുന്ന രണ്‍ബീര്‍ മാസായ് മാരയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് വെച്ച് എനിക്ക് അത് കൈയിലിട്ടു തന്നു.' ആലിയ പറയുന്നു.
അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications