'മദ്യം കഴിച്ചാൽ നിർത്താൻ പറ്റാത്ത അവസ്ഥ'; അതിന്റെ ഫലം മുഖത്ത് കാണാനുണ്ടെന്ന് സോഷ്യൽ മീഡിയ
ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിൽ നിന്നും വന്ന മികച്ച നടൻമാരിൽ ഒരാളാണ് രൺബീർ കപൂർ. റോക്ക് സ്റ്റാർ, തമാശ, വേക് അപ് സിദ്, സഞ്ജു തുടങ്ങി ഒട്ടനവധി സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച നടൻ. കഴിവുണ്ടെങ്കിലും കരിയർ പ്ലാനിംഗിൽ രൺബീറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അടുത്ത കാലത്തായി പുറത്തിറങ്ങിയ രൺബീറിന്റെ മിക്ക സിനിമകളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.
കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാരണങ്ങളാലാണ് രൺബീർ പലപ്പോഴും വാർത്താ പ്രാധാന്യം നേടാറ്. ബോളിവുഡിലെ പ്രമുഖ നടിമാരുമായി രൺബീറിനുണ്ടായിരുന്ന പ്രണയം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവരാണ് രൺബീറിന്റെ മുൻ കാമുകിമാർ. കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രൺബീർ ആലിയ ഭട്ടുമായി അടുത്തത്. കഴിഞ്ഞ വർഷം ഇവർ വിവാഹിതരായി.

രാഹ എന്ന മകളും താരദമ്പതികൾക്ക് ജനിച്ചു. രൺബീറിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. ന്യൂയോർക്കിൽ വെച്ച് അഫ്ഗാനിസ്താൻ ക്രിക്കറ്റർ റാഷിദ് ഖാനൊപ്പം രൺബീറും ആലിയയും പോസ് ചെയ്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഫോട്ടോയിൽ രൺബീറിന്റെ മുഖം കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. നടന്റെ മുഖത്ത് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ക്ഷീണിച്ച കണ്ണുകളോടെയാണ് രൺബീറിനെ കാണുന്നത്. നാൽപതുകാരനായ രൺബീറിന് മുഖത്ത് പ്രായം തോന്നിത്തുടങ്ങിയെന്ന് ചിലർ കമന്റ് ചെയ്തു. അതേസമയം മറ്റ് ചിലർ നടന്റെ ദുശീലങ്ങളാണ് ഇതിന് കാരണമെന്നും ആരോപിച്ചു. മദ്യപാനവും പുകവലിയും രൺബീർ നിർത്തണമെന്നാണ് ഇവരുടെ അഭിപ്രായം. ഷാഹിദ് കപൂറിന് രൺബീറിനേക്കാൾ രണ്ട് വയസ് കൂടുതലാണ്. എന്നാൽ നടന് ഇത്ര പ്രായം തോന്നിക്കുന്നില്ലെന്നും കമന്റ് വന്നു.

താൻ പുകവലിക്കാറുണ്ടെന്ന് രൺബീർ മുമ്പ് ഒരഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. 15 വയസിൽ പുകവലി തുടങ്ങിയതാണ്. ഈ ശീലം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും നടൻ അന്ന് വ്യക്തമാക്കി. ഓസ്ട്രിയയിൽ പോയി മെഡിക്കൽ ചികിത്സ തേടാനും നടൻ തയ്യാറായി. പുകവലിക്കാൻ തോന്നാതിരിക്കാൻ ചെവിയിൽ ഇഞ്ചക്ഷൻ എടുത്തെന്നും രൺബീർ കപൂർ അന്ന് തുറന്ന് പറഞ്ഞു.
മദ്യപാനത്തെക്കുറിച്ചും രൺബീർ തുറന്ന് പറഞ്ഞിട്ടുണ്ട്. മദ്യപാനത്തിന് അടിമപ്പെട്ടിട്ടില്ലെങ്കിലും കഴിച്ച് തുടങ്ങിയാൽ തനിക്ക് നിർത്താൻ പറ്റാറില്ലെന്ന് നടൻ വ്യക്തമാക്കി. മദ്യപാനാസക്തി തന്റെ രക്തത്തിൽ ഉള്ളതാണെന്ന് കരുതുന്നു. എന്റെ കുടുംബത്തെക്കുറിച്ച് അറിയാമല്ലോ. അവർക്കെല്ലാം മദ്യം ഇഷ്ടമാണ്. അതിനാൽ ഇതെന്റെ ജീനിൽ ഉള്ളതാണെന്ന് കരുതുന്നു.
ജോലി ചെയ്യുമ്പോൾ മദ്യപിക്കാറില്ല. പക്ഷെ ഒരുപാട് സമയം വെറുതെയിരിക്കുമ്പോൾ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുകയും മദ്യപിക്കുകയും ചെയ്യും. ഞാൻ മാറ്റിനിർത്താൻ പരമാവശി ശ്രമിക്കുന്ന ശീലമാണത്. അതിൽ പുരോഗതയുണ്ടെന്നും രൺബീർ കപൂർ വ്യക്തമാക്കി. 2018 ൽ നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ കുറേ നാളുകളായി രൺബീറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുന്നുണ്ട്. ടോക്സിക് ഭർത്താവ് എന്ന് രൺബീറിനെ ഹേറ്റേഴ്സ് കുറപ്പെടുത്തുന്നു. ഭാര്യ ആലിയ ഭട്ടിനെ രൺബീർ കപൂർ ബഹുമാനിക്കുന്നില്ല എന്നാണ് ഇവരുടെ വാദം. എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരെ നടന്റെ ആരാധകർ രംഗത്തെത്താറുണ്ട്.
അനാവശ്യമായി രൺബീറിനെ കുറ്റപ്പെടുത്തുന്നെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ആനിമൽ ആണ് രൺബീറിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. സന്ദീഫ് റെഡ്ഡി വാംഗയാണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മിക മന്ദാനയും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications