രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു; അതില്‍ ഇപ്പോഴും വേദന; തുറന്നു പറഞ്ഞ് റാണി മുഖര്‍ജി
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് റാണി മുഖര്‍ജി. കുച്ച് കുച്ച് ഹോത്താഹെ, കഭി കുഷി കഭി ഗം എന്നീ സിനിമകളിലെ ത്രികോണ പ്രണയം ഒന്നും ആളുകള്‍ മറക്കാനിടയില്ല. ഷാരൂഖ് ഖാന്‍ ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റാണി മുഖര്‍ജിയുടെ കഭി അല്‍വിദ നാ കെഹ്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2018ല്‍ പുറത്തിറങ്ങിയ ഹിച്ച്കി വലിയ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ 'അയ്യ' വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
പൃഥ്വിരാജിന്റെ ആദ്യത്തെ ബോളിവുഡ് സിനിമ കൂടിയായിയരുന്നു അയ്യ. 2014ല്‍ സംവിധായകന്‍ ആദിത്യ ചോപ്രയെ വിവാഹം ചെയ്ത നടിക്ക് അദീറ എന്ന ഒരു മകളുമുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ ആദിറക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ സാധിക്കാത്ത ദുഃഖം പങ്കുവെക്കുകയാണ് റാണി മുഖര്‍ജി. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണി മുഖര്‍ജി ഇത് പറഞ്ഞത്. കൊവിഡിന്റെ സമയത്താണ് ഇത് സംഭവിക്കുന്നതെന്നും റാണി മുഖര്‍ജി പറയുന്നു.

'ഞാന്‍ രണ്ടാമതൊരു കുഞ്ഞിന് വേണ്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി ശ്രമിക്കുന്നുണ്ട്. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസുണ്ട്. അവള്‍ ജനിച്ച് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ രണ്ടാമത്തെ കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായി. പക്ഷെ ആ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. അബോര്‍ഷന്‍ സംഭവിച്ചു,' റാണി മുഖര്‍ജി പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് തനിക്ക് മിസിസ് ചാറ്റര്‍ജി v/s നോര്‍വെ എന്ന സിനിമയിലേക്കുള്ള ഓഫര്‍ വരുന്നതെന്നും റാണി മുഖര്‍ജി തുറന്ന് പറഞ്ഞിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടാന്‍ തന്റെ പ്രായവും ഒരു വലിയ ഘടകമാണെന്നും റാണി മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ താന്‍ ആ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷെ തന്റെ മകള്‍ക്ക് കൂട്ടിന് ഒരാളെ നല്‍കാന്‍ കഴിയാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും റാണി മുഖര്‍ജി പറയുന്നു.
'എനിക്ക് രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാവാന്‍ സാധ്യതയുള്ള പ്രായമല്ല എന്റേത്. എനിക്ക് 46 വയസായി. എന്റെ മകള്‍ക്ക് ഒരാളെ കൂട്ടിന് നല്‍കാന്‍ കഴിയുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. അത് ശരിക്കും എന്നെ വേദനിപ്പിക്കുന്നുണ്ട്. പക്ഷെ ഞാന്‍ വിചാരിക്കുന്നത് നമുക്ക് ഉള്ളതെന്താണോ ഇല്ലാത്തതെന്താണോ അതില്‍ നമ്മള്‍ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം,' റാണി മുഖര്‍ജി പറയുന്നു.

അദീറ തനിക്ക് തന്റെ അത്ഭുത കുഞ്ഞാണ്. അവള്‍ എനിക്കൊപ്പം ഉള്ളതില്‍ താന്‍ ഒത്തിരി സന്തോഷവതിയാണ്. കാരണം ഒരു കുഞ്ഞുവരെ ഇല്ലെന്ന് സങ്കടപ്പെടുന്നവരെ കാണുന്നതല്ലേ. അതുകൊണ്ട് തന്നെ ഇപ്പോഴുള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ഇപ്പോള്‍ ഞാന്‍ എന്നെ തന്നെ പറഞ്ഞ് പഠിപ്പിക്കുന്നത് അദീറ തന്നെ മതി. അവള്‍ തന്നെ ധാരാളമാണ് എന്നൊക്കെയാണെന്നും റാണി മുഖര്‍ജി പറയുന്നു.
2015 ഡിസംബര്‍ 9നാണ് റാണി മുഖര്‍ജിക്കും സംവിധായകന്‍ ആദിത്യ ചോപ്രയ്ക്കും അദീറ പിറക്കുന്നത്. ഇരുവരും ഇന്നുവരെ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടില്ല. മെല്‍ബോണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് റാണി മുഖര്‍ജി ആദ്യമായി തന്റെ ഗര്‍ഭഛിദ്രത്തെക്കുറിച്ച് സംസാരിച്ചത്. കൊവിഡ് കാലത്തായിരുന്നു സംഭവമെന്നും എന്നാല്‍ അന്നത്തെ പ്രമോഷനിലും മറ്റും ഒന്നും താന്‍ ഇത് പറഞ്ഞിരുന്നില്ല കാരണം, ഞാന്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്ന സിനിമയെ ബാധിക്കുമെന്ന് അന്ന് കരുതിയിരുന്നതായും റാണി മുഖര്‍ജി പറഞ്ഞു.


Click it and Unblock the Notifications











