വൈറല്‍ ഗായികയുടെ ആദ്യ ബോളിവുഡ് ഗാനം പുറത്ത്! രാണുവിന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയ ഗായികയാണ് രാണു മൊണ്ടല്‍. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ എന്ന ഗാനം പാടിയാണ് രാണു ശ്രദ്ധേയയായത്. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് ആലപിച്ച ഗാനത്തിലൂടെയാണ് രേണു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. സിനിമാ ലോകം ഒന്നടങ്കം രാണുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ഗായികയുടെ ആദ്യ ബോളിവുഡ് ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ഒരുക്കിയ തേരി മേരി കഹാനി എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ രാണുവിനെ ഹിമേഷ് രേഷ്മിയ ക്ഷണിച്ചിരുന്നത്.

തുടര്‍ന്ന് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് ഹിമേഷ് രേഷ്മിയയ്‌ക്കൊപ്പം പാട്ടുപാടുന്ന രാണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാണുവിന് കൈനിറയെ അവസരങ്ങളാണ് വന്നിരുന്നത്. ബോളിവുഡിനൊപ്പം തന്നെ തെന്നിന്ത്യയില്‍ നിന്നും ഗായികയെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു.

കൊല്‍ക്കത്ത, മുംബൈ, കേരളം തുടങ്ങി ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് രേണുവിനെ കണ്ടെത്തിയ എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇവര്‍ക്ക് 55 ലക്ഷം രൂപ വിലവരുന്ന വീട് സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

വീടിനൊപ്പം തന്നെ തന്റെ എറ്റവും പുതിയ ചിത്രമായ ദബാംഗ് 3യില്‍ പാടാനുളള അവസരവും രാണുവിന് സല്‍മാന്‍ ഖാന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ട്രെയിനില്‍ പാട്ട് പാടിയാണ് രണു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു രാണുവിന്റെ ഭര്‍ത്താവ്. രാണു പ്രശസ്തയായതോടെ അടുത്തിടെ പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചുപോയ മകളും തേടി എത്തിയിരുന്നു.

ഏറെക്കാലത്തിന് ശേഷം തന്നെ തേടിയെത്തിയ മകള്‍ സതി റോയിയെ ഇരു കൈയ്യും നീട്ടിയാണ് രാണു സ്വീകരിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് പാട്ടുപാടുന്ന വീഡിയോയും പിന്നീട് പുറത്തിറങ്ങിയിരുന്നു. അതേസമയം തന്നെ ഏറെക്കാലത്തിന് ശേഷം അമ്മയെ തേടിയെത്തിിയ മകളെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ എത്തിയിരുന്നു. രാണു പ്രശ്‌സതയായ ശേഷമാണ് മകള്‍ക്ക് സ്‌നേഹം കൂടിയതെന്നാണ് പലരും വിമര്‍ശിച്ചത്.


Click it and Unblock the Notifications