'പ്രപ്പോസ് ചെയ്തതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയം... റിസ്‌ക്ക് എടുക്കാന്‍ തയാറായിരുന്നില്ല'; രൺവീർ സിങ്!
കരൺ ജോഹർ അവതാരകനാകുന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് കോഫി വിത്ത് കരൺ. ഡിസ്നി ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ഈ ചാറ്റ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്. എട്ടാമത്തെ സീസണിന്റെ ഏറ്റവും പുതിയ പ്രമോ എത്തി കഴിഞ്ഞു. ഇത്തവണ ആദ്യം അതിഥികളായി എത്തിയിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായ രൺവീർ സിങും ദീപിക പദുകോണുമാണ്. സ്റ്റാർ വേൾഡിലൂടെ 2004ലാണ് കോഫി വിത്ത് കരൺ ആദ്യം പ്രദർശിപ്പിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ടതടക്കമുള്ള ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങളും ദമ്പതികൾ കോഫി വിത്ത് കരൺ ഷോയിൽ വെളിപ്പെടുത്തുന്നത് പ്രമോയിൽ കാണാം. കോഫി വിത്ത് കരൺ ഷോയുടെ പ്രമോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെന്റിങ്.

പ്രപ്പോസ് ചെയ്ത ഉടൻ തന്നെ ദീപികയുമായുള്ള തന്റെ വിവാഹനിശ്ചയം നടത്തിയിരുന്നുവെന്നാണ് രൺവീർ സിങ് ഷോയിൽ വെളിപ്പെടുത്തിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇരുവരും. 2015ല്‍ താന്‍ ദീപികയെ പ്രപ്പോസ് ചെയതതിന് പിന്നാലെയാണ് വിവാഹനിശ്ചയം നടത്തിയത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
മറ്റാരെങ്കിലും ദീപികയെ പ്രപ്പോസ് ചെയ്യുന്നതിന് മുമ്പെ താന്‍ ഇഷ്ടം പറയുകയായിരുന്നെന്നും റിസ്‌ക് എടുക്കാന്‍ തയാറായിരുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. അഡ്വാൻസ് ബുക്കിങ് എന്നാണ് അന്ന് നടന്ന വിവാഹനിശ്ചയത്തെ ദീപിക വിശേഷിപ്പിച്ചത്.
ദീപിക എപ്പോഴെങ്കിലും റോക്കി രൺധാവയുമായി ഡേറ്റ് ചെയ്യുമോ എന്നാണ് പിന്നീട് കരൺ നടിയോട് ചോദിച്ചത്. അതിന് താരം നൽകിയ മറുപടി താൻ റോക്കി രൺധാവയെ വിവാഹം കഴിച്ചുവെന്നാണ്. റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ രൺവീറിന്റെ കഥാപാത്രത്തിന്റെ പേരാണ് റോക്കി രൺധാവ.
രൺവീറിനെ കൂടാതെ വേറെ ആരുമായിട്ടാണ് മികച്ച കെമിസ്ട്രിയുണ്ടെന്ന് കരുതുന്നതെന്ന് കരൺ ചോദിച്ചപ്പോഴും കൃത്യമായ മറുപടി ദീപിക നൽകി. അതിശയകരമായ ഒരു കെമിസ്ട്രി ഹൃത്വിക്കുമായി എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അത് എല്ലാവരും കാണാനിരിക്കുന്നതേയുള്ളു എന്നായിരുന്നു ദീപികയുടെ മറുപടി. ഫൈറ്ററിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

എന്റെ പ്രിയപ്പെട്ട രൺവീർ സിങിനും ദീപിക പദുകോണിനുമൊപ്പം കോഫി വിത്ത് കരണിന്റെ പുതിയ സീസൺ കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ് എന്നാണ് കരൺ ജോഹർ പ്രമോ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ആദ്യമായാണ് കപ്പിളായി ദീപികയും രൺവീറും കോഫി വിത്ത് കരണിലേക്ക് എത്തുന്നത്. സ്വര്‍ഗത്തില്‍ വെച്ച് കൂട്ടിച്ചേര്‍ത്ത ബന്ധമാണ് ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിങിന്‍റെയുമെന്നാണ് ആരാധകർ പറയാറുള്ളത്.
2013ലാണ് ഇവരുടെ പ്രണയകഥയുടെ ആരംഭം. ഗോലിയോ കി റസ്‌ലീല രാം-ലീല എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2018ൽ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്ന ഇരുവരുടെയും വിവാഹം. രൺബീർ കപൂറുമായുള്ള പ്രണയം തകർന്നശേഷമാണ് ദീപിക രൺവീർ സിങുമായി പ്രണയത്തിലായത്.


Click it and Unblock the Notifications











