രണ്‍ബീര്‍ കപൂര്‍ കുറച്ചുകൂടി സ്‌പെഷ്യലെന്ന് രണ്‍വീര്‍! നാണത്താല്‍ ഉത്തരംമുട്ടി ആലിയ! വീഡിയോ വൈറല്‍
ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും പ്രണയത്തിലായതുമുതല്‍ വിശേഷങ്ങളറിയാനായി ആരാധകര്‍ താല്‍പര്യം കാണിക്കാറുണ്ട്. സിനിമകളില്‍ ഒന്നിച്ച് അധികം അഭിനയിച്ചില്ലെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമാണ് ഈ താരജോഡികളെ. രണ്‍ബീറും ആലിയയും തമ്മിലുളള ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.
ഇരുവരുടെയും വിവാഹം എന്നുണ്ടാവുമെന്ന് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ ക്യത്യമായ ഉത്തരം പലപ്പോഴും നല്‍കാറില്ല. ബോളിവുഡില്‍ രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍ വിവാഹത്തിനു ശേഷമായിരുന്നു ഇരുവരുടെയും കല്യാണ വാര്‍ത്തയും സജീവമായത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ രണ്‍ബീറിനെയും രണ്‍വീറിനെയുംകുറിച്ച് ചോദിച്ചപ്പോള്‍ ആലിയ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഗല്ലി ബോയ് എന്ന ചിത്രം
ആലിയ ഭട്ടിന്റെ പുതിയ ചിത്രം ഗല്ലി ബോയുടെ പ്രചാരണ പരിപാടിക്കിടെ ആയിരുന്നു നടിക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്. ഗല്ലി ബോയില്‍ രണ്‍വീര്‍ സിങാണ് ആലിയയുടെ നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‌റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രണ്‍വീറും ആലിയയും ആദ്യമായിട്ടാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. ബോളിവുഡില്‍ സിന്ദഗി ന മിലേഖി ദൊബാര,ലസ്റ്റ് സ്‌റ്റോറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോയ അക്തറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

രണ്‍വീര്‍ സിങും ആലിയ ഭട്ടും
ഫെബ്രുവരി 14നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ ഒരു മ്യൂസിക്കല്‍ ഫിലിമുമായിട്ടാണ് സോയ അക്തര്‍ എത്തുന്നത്. ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാണ് രണ്‍വീര്‍ സിങും ആലിയ ഭട്ടും എത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍,റിതേഷ് സിദ്വാനി ,സോയ അക്തര്‍ തുടങ്ങിയവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

രണ്‍ബിറും രണ്‍വീറും തമ്മിലുളള സാമ്യം
ഗല്ലി ബോയുടെ പ്രചാരണ പരിപാടിക്കിടെ രണ്‍ബിറും രണ്‍വീറും തമ്മിലുളള സാമ്യത്തെക്കുറിച്ചായിരുന്നു ആലിയയ്ക്ക് ചോദ്യം വന്നത്. രണ്‍വീര്‍ സിംഗും നടിക്ക് ഒപ്പമുണ്ടായിരുന്നു. തന്ത്രപൂര്‍വ്വം ഇരുനായകന്മാരും നല്ല വ്യക്തിത്വത്തിന് ഉടമകളാണെന്നും നല്ല കഴിവുളള നടന്മാരാണെന്നും ആലിയ മറുപടി നല്‍കി. രണ്ടും പേരും എനിക്ക് സ്‌പെഷ്യലാണ്. ഒരാള്‍ക്കൊപ്പം ഗല്ലി ബോയ് ചെയ്യുന്നു. മറ്റൊരാള്‍ക്കൊപ്പം ബ്രഹ്മാസ്ത്രയും എന്നായിരുന്നു ആലിയയുടെ മറുപടി.

ഒരാള്‍ കുറച്ചുകൂടി സ്‌പെഷ്യല്‍
ആലിയ പറഞ്ഞതു കേട്ട് രണ്‍വീര്‍ സിങ് രസകരമായ കളിയാക്കലിലൂടെയായിരുന്നു മറുപടി നല്‍കിയത്. രണ്ടു പേരും സ്‌പെഷ്യലാണെങ്കിലും ഒരാള്‍ കുറച്ചുകൂടി സ്‌പെഷ്യലാണെന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്. രണ്‍ബീറിനെ ഉദേശിച്ചായിരുന്നു രണ്‍വീര്‍ സിങിന്റെ മറുപടി. ഇതുകേട്ട് നാണത്തോടെ ചമ്മിയ മുഖത്തോടെയിരിക്കുന്ന ആലിയയുടെ മുഖ ഭാവമാണ് ആരാധകരെ ഏറെ രസിപ്പിച്ചത്. ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.
വീഡിയോ


Click it and Unblock the Notifications