ക്രിക്കറ്റ്-സിനിമാ ആരാധകർ ഒന്നിച്ച് തിയറ്ററുകളിലെത്തും! രണ്‍വീര്‍ പുറത്ത് വിട്ട ചിത്രം വൈറലാവുന്നു
ഇന്ത്യന്‍ സിനിമാ ലോകവും ക്രിക്കറ്റ് ആരാധകരും വലിയ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 83. രണ്‍വീര്‍ സിംഗ് നായകനായിട്ടെത്തുന്ന ചിത്രം ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ ചരിത്രവുമായിട്ടാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ രണ്‍വീര്‍ സിംഗ് പങ്കുവെച്ചൊരു ചിത്രം തരംഗമാവുകയാണ്.
ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ സമയത്ത് കപ്പ് ഉയര്‍ത്തി നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. കബീര്‍ ഖാന്‍, ദീപിക പദുക്കോണ്‍, തുടങ്ങിയവരെയെല്ലാം ടാഗ് ചെയ്ത് കൊണ്ടായിരുന്നു രണ്‍വീര്‍ ഈ ചിത്രം പുറത്ത് വിട്ടത്. നിരവധി ആരാധകരാണ് സിനിമയ്ക്കും രണ്‍വീറിനുമെല്ലാം ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് പുറത്ത് വന്ന ഫോട്ടോസെല്ലാം നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

ഇന്ത്യ ആദ്യമായി ലോക കപ്പ് സ്വന്തമാക്കുമ്പോള്‍ കപില്‍ ദേവ് ആയിരുന്നു ക്യാപ്റ്റന്‍. സിനിമയില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി അഭിനയിക്കുന്നത്. കപില്‍ ദേവായി മാറിയ രണ്‍വീറിന്റെ ഫസ്റ്റ് ലുക്ക് വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യയായ റോമി ഭാട്ടിയ ദേവ് ആയി ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് വേദിയില്‍ നിന്നുമൊക്കെ സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. കബീര്‍ സിംഗാണ് സംവിധാനം. ഈ വര്‍ഷം ഏപ്രില്‍ പത്തിന് റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. താഹിര്‍ രാജ് ബഹ്‌സിന്‍, അമ്മി വിര്‍ക്ക്, സാഹിബ് സലീം, തമിഴ് നടന്‍ ജീവ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലും തമിഴിലും സിനിമ റിലീസിനെത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications