ആദ്യ വിവാഹം പിരിഞ്ഞ ശേഷവും നസീറുദ്ദീന് ബന്ധങ്ങൾ; താൻ കാര്യമാക്കുന്നില്ല; തുറന്ന് പറഞ്ഞ് ഭാര്യ രത്ന
അഭിനയരംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരാണ് നസീറുദ്ദീൻ ഷായും രത്ന പതക് ഷായും. സിനിമയ്ക്കപ്പുറം രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുന്ന ഇരുവരും പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ രണ്ട് പേരും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് നസീറുദ്ദീൻ ഷാ രത്ന പതകുമായി അടുക്കുന്നത്. മനാര സിക്രി എന്നാണ് നസ്റുദീന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ ഹീബ എന്ന മകളുമുണ്ട്.
എഴുപതുകളിലാണ് നസീറുദ്ദീൻ ഷായും രത്നയും കണ്ടുമുട്ടുന്നത്. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ഇരുവരും 1982 ൽ വിവാഹിതരായി. ഇമാദ്, വിവാൻ എന്നിവരാണ് ദമ്പതികളുടെ മക്കൾ. രണ്ട് പേരും നടൻമാരാണ്. നസീറുദ്ദീൻ ഷായുമായുള്ള പ്രണയകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രത്ന പതക്.

'സംഭോക് സെ സന്യാസ് തക്' എന്ന നാടകത്തിൽ ഒരുമിച്ച് അഭിനയിക്കുകയായിരുന്നു ഞങ്ങൾ. ഒരുമിക്കണമെന്ന് ഞങ്ങൾക്ക് വളരെ പെട്ടെന്ന് തോന്നി. ഞങ്ങൾ അധികമൊന്നും ചോദ്യങ്ങൾ ചോദിച്ചില്ല. ഇന്നാണെങ്കിൽ ആളുകൾ പരസ്പരം ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ഞങ്ങളെ സംബന്ധിച്ച് കൊള്ളാം, നമുക്കൊന്ന് ശ്രമിച്ച് നോക്കാം എന്ന തോന്നലായിരുന്നെന്നും രത്ന തുറന്ന് പറഞ്ഞു.
ഭർത്താവിന്റെ മുൻബന്ധങ്ങളെക്കുറിച്ച് താൻ ആശങ്കപ്പെട്ടിട്ടില്ലെന്നും രത്ന വ്യക്തമാക്കി. കുറേക്കാലമായി മുൻ ഭാര്യയിൽ നിന്നും വേർപിരിഞ്ഞ് കഴിയുകയായിരുന്നു അദ്ദേഹം. അതിന് ശേഷം മറ്റ് ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. അതും പഴയ കാര്യങ്ങളാണ്. അവസാനത്തെ പങ്കാളി ഞാനായിരിക്കുന്നതിടത്തോളം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും രത്ന തുറന്ന് പറഞ്ഞു.

പൊതുവെ കണ്ടുവരുന്ന വിവാഹ ജീവിതം പോലെയായിരുന്നില്ല തങ്ങളുടേതെന്നും രത്ന തുറന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ ഹണിമൂണിന് പോയി. ഇടയ്ക്ക് വെച്ച് തിരിച്ച് വന്നു. 'ജാനേ ഭി ദൊ യാരോ' എന്ന സിനിമയിലുടെ ഷൂട്ടിംഗിലേക്ക് നസീറുദ്ദീൻ കടന്നു. പല ദിവസങ്ങളിലും അദ്ദേഹത്തെ കണ്ടത് പോലുമില്ല. ഷൂട്ടിന് പോയി മൂന്ന് ദിവസം കഴിഞ്ഞാണ് തിരിച്ച് വരിക. അദ്ദേഹം ജീവനോടെയുണ്ടോ മരിച്ചോ ആരുടെയെങ്കിലൂം കൂടെ ഓടിപ്പോയോ എന്ന് പോലും അറിയാത്ത ദിവസങ്ങളായിരുന്നു അതെന്നും രത്ന ചിരിച്ച് കൊണ്ട് പറഞ്ഞു.
മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ രത്നയുമായുള്ള തന്റെ വിവാഹത്തെ നടിയുടെ വീട്ടുകാർ എതിർത്തതിനെക്കുറിച്ച് നസീറുദ്ദീൻ ഷാ സംസാരിച്ചിരുന്നു. താൻ ദേഷ്യക്കാരനും ഡ്രഗ് അഡിക്ടുമാണെന്ന് മാതാപിതാക്കൾ കരുതി. വിവാഹത്തെ എതിർത്തെങ്കിലും രത്ന അത് കാര്യമാക്കിയില്ല. ഇതിനിടെ അവൾ മൂന്ന് വർഷത്തേക്ക് ഡ്രാമ സ്കൂളിൽ പോയി. ആ സമയത്ത് ഞങ്ങൾ ലിവിംഗ് ടുഗെദറിൽ ആയിരുന്നെന്നും നടൻ വ്യക്തമാക്കി.
വിവാഹജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ചും നസീറുദ്ദീൻ ഷാ അന്ന് സംസാരിച്ചു. പരസ്പരം നിസാരമായി കാണുന്നതാണ് വിവാഹശേഷം ആളുകൾ ചെയ്യുന്ന തെറ്റ്. മികച്ച വിവാഹബന്ധത്തിൽ ഭാര്യയുടെയോ ഭർത്താവിന്റെയും റോൾ നിർവചിക്കപ്പെടില്ല. വിവാഹത്തിന് മുമ്പുണ്ടായിരുന്ന അതേ സൗഹൃദം തന്നെയായിരിക്കണം. സുഹൃത്തായി കരുതുന്ന ഒരാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധമാണ്. ഞാൻ വീടിന്റെ അധിപനോ അവൾ വീട്ടുകാര്യങ്ങൾ നോക്കുന്നയാളോ അല്ലെന്നും നസീറുദ്ദീൻ വ്യക്തമാക്കി.


Click it and Unblock the Notifications











