എന്റെ മുൻ ബന്ധങ്ങളെക്കുറിച്ച് മക്കളോട് പറഞ്ഞു; അതിന് കാരണമുണ്ട്; രവീണ ടണ്ടന്റെ വാക്കുകൾ
ബോളിവുഡിൽ 90 കളിൽ സജീവമായിരുന്ന നടിയാണ് രവീണ ടണ്ടൻ. ഹിറ്റുകളുടെ ഒരു നിര തന്നെ രവീണയ്ക്ക് സ്വന്തമായുണ്ട്. ടിപ് ടിപ് ബർസാ പാനി എന്ന ഗാനരംഗത്തിലെ രവീണയെ ആരാധകർ മറക്കാനിടയില്ല. ബോളിവുഡിലെ ഐക്കോണിക് ഗാനമായാണ് ടിപ് ടിപ് ബർസാ പാനി അറിയപ്പെടുന്നത്. 90 കളിലെ മിക്ക നായികമാരെയും പോലെ കരിയറിന്റെ ഒരു ഘട്ടത്തിൽ രവീണയുടെ താരത്തിളക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് രവീണ.
കെജിഎഫ് 2 വിൽ രവീണ ചെയ്ത വേഷം വൻ ജനപ്രീതി നേടി. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ നടിക്ക് മുന്നിലുള്ള അവസരങ്ങൾ ഏറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ രവീണയെ തേടിയെത്തുന്നു. ഡിപ്ലോമസിയില്ലാതെ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് രവീണ ടണ്ടൻ.

പലപ്പോഴും ഇക്കാരണത്താൽ നടി വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ബി ടൗൺ മാധ്യമങ്ങളിൽ രവീണ ടണ്ടനെക്കുറിച്ചുള്ള നിരവധി കഥകൾ പ്രചരിച്ചിട്ടുണ്ട്. അക്ഷയ് കുമാറുമായുള്ള പ്രണയവും വേർപിരിയലുമെല്ലാം വലിയ വാർത്താ പ്രാധാന്യം നേടി.
വിവാഹനിശ്ചയം വരെ എത്തിയതായിരുന്നു രവീണയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയം. എന്നാൽ രണ്ട് പേരും പിന്നീട് അകന്നു. 2004 ലാണ് രവീണ വിവാഹിതയായത്. ഫിലിം ഡിസ്ട്രിബ്യൂട്ടർ അനിൽ തദാനിയെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ച് രവീണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തന്റെ മുൻ പ്രണയങ്ങളെക്കുറിച്ചെല്ലാം പെൺമക്കളോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് രവീണ വ്യക്തമാക്കിയത്. തൊണ്ണൂറുകളിലെ മഞ്ഞ പത്രങ്ങളുടെ അതിപ്രസരം കാരണമാണ് ഇങ്ങനെ ചെയ്തതെന്നും നടി വ്യക്തമാക്കി. തന്നെക്കുറിച്ച് വളരെ മോശമായ ഗോസിപ്പുകൾ മക്കൾ വായിക്കാനിടയുണ്ട്.
അതിനാൽ അവരോട് സത്യസന്ധത കാണിക്കുന്നതാണ് നല്ലതെന്ന് തോന്നി. അക്കാലത്തെ മാധ്യമങ്ങൾക്ക് യാതൊരു അടിസ്ഥാന മൂല്യങ്ങളും ഇല്ലായിരുന്നു. താരങ്ങൾ എഡിറ്റർമാരുടെ ദയയിലായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽമീഡിയ കാരണം മാധ്യമങ്ങൾക്ക് അത് സാധ്യമാകുന്നില്ലെന്നും രവീണ ടണ്ടൻ ചൂണ്ടിക്കാട്ടി.

ഫിലിം മാഗസിനുകളിലെ ലേഖനങ്ങൾ പലപ്പോഴും ക്രൂരമായിരുന്നെന്നും രവീണ ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ച് വളരെ മോശമായ എഴുത്തുകൾ വന്നു. സ്ലട്ട് ഷെയിമും ബോഡി ഷെയ്മിംഗും നടത്തി, പല പേരുകളും വിളിച്ചെന്നും രവീണ തുറന്നടിച്ചു.
നാല് മക്കളാണ് രവീണയ്ക്കുള്ളത്. വിവാഹിതയാകുന്നതിന് മുമ്പ് 1995 ൽ രണ്ട് പെൺമക്കളെ രവീണ ദത്തെടുത്തു. പൂജ, ഛായ എന്നീ മക്കളെയാണ് നടി ദത്തെടുത്തത്. വിവാഹിതയായ ശേഷം നടിക്ക് മറ്റൊരു പെൺകുഞ്ഞ് കൂടി പിറന്നു. റാഷ എന്നാണ് മകളുടെ പേര്. 2008 ൽ ഒരു മകനും നടിക്ക് ജനിച്ചു. രബീർവർധൻ എന്നാണ് മകന്റെ പേര്. മകൾ റാഷ അധികം വൈകാതെ സിനിമാ രംഗത്തേക്ക് അരങ്ങേറുമെന്നാണ് റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇതിനകം താരപുത്രി ശ്രദ്ധ നേടിയിട്ടുണ്ട്.
അമ്മയെ പോലെ മകളും ബോളിവുഡിലെ താരമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1991 ൽ പുറത്തിറങ്ങിയ പഥർ കെ ഫൂൽ എന്ന സിനിമയിലൂടെയാണ് രവീണ ടണ്ടൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡിലെ ശ്രദ്ധേയ താരമായി മാറാൻ രവീണയ്ക്ക് കഴിഞ്ഞു. ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം നടിക്ക് തുടരെ അവസരങ്ങൾ വന്നു. ഇന്നും ബോളിവുഡിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം രവീണ ടണ്ടനുണ്ട്.


Click it and Unblock the Notifications











