മകളാണെന്ന് അംഗീകരിക്കാത്തതിലുള്ള വെറുപ്പ്, മരിച്ചപ്പോഴും കാണാൻ കൂട്ടാക്കിയില്ല; എഴുപതിലും ഒറ്റപ്പെട്ട് രേഖ!
ഐതിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി രേഖ ഇന്ത്യൻ സിനിമയിലെ ഏറ്റവും ആകർഷകമായ നടികളിലൊരാളാണ്. 1969ൽ തന്‍റെ പതിനാലാം വയസിൽ അഞ്ജന സഫർ എന്ന ചിത്രത്തിലൂടെയാണ് രേഖ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എഴുപതാം വയസിലും ബോളിവുഡിലെ താരറാണിമാരിൽ ഒരാളാണ് രേഖ. സെലിബ്രിറ്റികളുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാറുള്ളത് അവരുടെ വ്യക്തി ജീവിതമാണ്.
താരകുടുംബാംഗമായതുകൊണ്ട് തന്നെ ജനനം മുതൽ രേഖ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. സിനിമ പാരമ്പര്യം മാതാപിതാക്കളായ ജെമിനി ഗണേശനും അമ്മ പുഷ്പവല്ലിയ്ക്കും ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും നടിയാകാൻ രേഖയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ല. അറിവായ പ്രായം മുതൽ ഈ എഴുപതാം വയസിലും ഒറ്റപ്പെട്ട ജീവിതമാണ് രേഖയുടേത്.

രേഖ എല്ലാ പ്രായത്തിലും ഒറ്റയ്ക്കായിരുന്നു. നടിയുടെ പിതാവും തെന്നിന്ത്യൻ സൂപ്പർ താരവുമായിരുന്ന ജെമിനി ഗണേശൻ ഇന്ന് ജീവനോടെയില്ല. ജെമിനി ഗണേശനെ പുതിയ തലമുറ അറിയുന്നത് അവ്വേ ഷൺമുഖിയിലെ കമൽഹാസന്റെ ഭാര്യാപിതാവായിട്ടാണ്. പക്ഷെ ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ താരമായിരുന്നു ജെമിനി ഗണേശൻ.
അമ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അദ്ദേഹം ഇരുനൂറോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും വേഷമിട്ടു. അദ്ദേഹത്തിന്റെ കാമുക കഥാപാത്രങ്ങളെ ഇന്നും ജനം ഓർക്കുന്നത് അനശ്വര ഗായകരായ എ. എം രാജ, പി. ബി ശ്രീനിവാസ് തുടങ്ങിയവർ പാടിയ നിരവധി പ്രണയഗാനങ്ങളിലൂടെയാണ്. ഒരു കാലത്ത് പെൺകുട്ടികൾക്കെല്ലാം പ്രിയപ്പെട്ട ഹീറോയായിരുന്നു ജെമിനി ഗണേശൻ.
സിനിമയിൽ മാത്രമല്ല യഥാർത്ത ജീവിതത്തിൽ ജെമിനി ഗണേശൻ ഒരു കാസിനോവയായിരുന്നു. നിരവധി പ്രണയങ്ങളും വിവാഹങ്ങളും ജെമിനി ഗണേശന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് നടനായ വ്യക്തിയല്ല താനെന്ന് പല അഭിമുഖങ്ങളിലും ജെമിനി ഗണേശൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 1920ൽ തഞ്ചാവൂരിലെ പുതുക്കോട്ടൈയിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. പേര് രാമസ്വാമി ഗണേശൻ.
ബിരുദം എടുത്ത ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ലക്ചററായി ജോലിക്ക് കയറി. പക്ഷെ അപ്പോഴും മനസിൽ സിനിമയായിരുന്നു. വൈകാതെ ലക്‌ച്ചറർ ജോലി ഉപേക്ഷിച്ച് കോടമ്പോക്കത്തെ ജെമിനി സ്റ്റുഡിയോയിൽ അദ്ദേഹം പ്രൊഡക്ഷൻ അസിസ്റ്റന്റായി. അങ്ങനെയാണ് രാമസ്വാമി ഗണേശൻ ജെമിനി ഗണേശനായത്. 1947ൽ മിസ് മാലിനിയിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും ശ്രദ്ധിക്കപ്പെട്ടത് അമ്പത്തി മൂന്നിൽ തായ് ഉള്ളം എന്ന ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു.

പിന്നീട് 1954ൽ മനം പോലെ മംഗല്യം എന്ന ചിത്രത്തിലൂടെ താര പദവിയും നേടി. നിരവധി സ്ത്രീകളുമായി ബന്ധവും വിവാഹങ്ങളും വിവാഹ മോചനവും ഒക്കെയായി ജെമിനി ഗണേശന്റെ ജീവിതം എന്നും ചർച്ചയായിരുന്നു. അക്കാലത്തെ ആചാരപ്രകാരം വളരെ ചെറുപ്രായത്തിൽ തന്നെ അലമേലു എന്ന യുവതിയെ അദ്ദേഹം ജീവിത സഖിയാക്കി. ആദ്യ വിവാഹ സമയത്ത് അദ്ദേഹത്തിന് പ്രായം 19 വയസ് മാത്രമായിരുന്നു. നടൻ ആയത് പിന്നീടാണ്.
അതിനുശേഷം നടി പുഷ്പവല്ലി, നടി സാവിത്രി എന്നിവർക്കൊപ്പം ലിവിങ്ങ് ടുഗദർപോലെ ജീവിക്കുകയും പിരിയുകയും ചെയ്തു. അലമേലുവിൽ അദ്ദേഹത്തിന് നാല് പെൺമക്കളുണ്ടായിരുന്നു. പുഷ്പവല്ലിയുമായുള്ള രഹസ്യ ബന്ധത്തിലായിരുന്നു ജെമിനി ഗണേശന് രേഖ ജനിച്ചത്. എന്നാൽ രേഖയെ ഗണേശൻ മകളായി സ്വീകരിച്ചിരുന്നില്ല. രേഖ ജനിക്കുമ്പോൾ ജെമിനി ഗണേശൻ പുഷ്പവല്ലിയെ വിവാഹം കഴിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.
പുഷ്പവല്ലി ഒരു നടി കൂടിയാണ്. സിനിമകളിൽ അഭിനയിക്കുന്നതിനിടയിലാണ് പുഷ്പവല്ലി ജെമിനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. കുട്ടിക്കാലം മുതൽ പിതാവിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയതുകൊണ്ടാകാം രേഖയ്ക്കും അച്ഛൻ എന്ന സ്നേഹം ജെമിനി ഗണേശനോട് ഉണ്ടായിരുന്നില്ല.
ജെമിനി ഗണേശന്റെ മരണശേഷം സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും രേഖ എത്തിയിരുന്നില്ലത്രെ. അച്ഛനെപ്പോലെ തന്നെ നിരവധി പ്രണയങ്ങളും പ്രണയ പരാജയങ്ങളും രേഖയ്ക്കും സംഭവിച്ചിരുന്നു. അമിതാഭ് ബച്ചനുമായുള്ള രേഖയുടെ അടുപ്പം ഒരു കാലത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കുള്ള ജീവിതമാണ് രേഖയുടേത്.


Click it and Unblock the Notifications











