'അമിതാഭ് ബച്ചനൊപ്പം സമയം ചെലവഴിക്കണം, ഷൂട്ടിംഗ് സമയം മാറ്റാത്തതിന് രേഖ സിനിമ ഉപേക്ഷിച്ചു'; അന്ന് നടന്നത്
സിനിമാ ലോകത്ത് പല പ്രണയങ്ങളും ചർച്ചയായിട്ടുണ്ടെങ്കിലും അമിതാഭ് ബച്ചൻ-രേഖ ഗോസിപ്പുകളാണ് ദീർഘകാലം ജനശ്രദ്ധ കുറയാതെ നിലനിന്നത്. ജീവിതത്തിൽ ഒരുമിക്കാതെ പോയ പ്രണയിതാക്കളായാണ് രേഖയെയും ബച്ചനെയും ആരാധകർ കാണുന്നത്. ഇതിൽ എത്ര മാത്രം സത്യമുണ്ടെന്ന് ഇവർക്ക് മാത്രമേ അറിയൂ. രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് ബച്ചൻ ഒരിക്കലും തുറന്ന് സമ്മതിച്ചിട്ടില്ല.
എന്നാൽ സഹപ്രവർത്തകർ ഉൾപ്പെടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ നൽകി. ഇതിന് പുറമെ രേഖയും അക്കാലത്തെ ചില അഭിമുഖങ്ങളിൽ അമിതാഭ് ബച്ചനോടുള്ള സ്നേഹത്തെക്കുറിച്ച് സംസാരിച്ചു.

ഗോസിപ്പുകൾ കടുത്തിരിക്കെ ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചൻ രേഖയ്ക്കൊപ്പം അഭിനയിക്കുന്നത് നിർത്തി. ജയ ബച്ചനുമായുള്ള തന്റെ കുടുംബ ജീവിതത്തിലേക്ക് താരം ശ്രദ്ധ നൽകിയെന്നും രേഖയുമായി അകന്നെന്നും ബി ടൗണിൽ സംസാരമുണ്ടായി. സഹപ്രവർത്തകരുടെ പരാമർശങ്ങളാണ് രേഖയും ബച്ചനും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന് ആരാധകർ ഉറപ്പിക്കാനുള്ള കാരണം.
നടൻ രഞ്ജീത് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇതിന് ഉദാഹരണമാണ്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജീത് കാർനമ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രേഖയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചത്. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. ഇതേക്കുറിച്ച് ഇദ്ദേഹം ഒരിക്കൽ സംസാരിച്ചത്.

തന്റെ സിനിമയുടെ ഷൂട്ടിംഗിന്റെ ഭൂരിഭാഗവും വൈകുന്നേരങ്ങളിലാണ്. എന്നാൽ അമിതാഭ് ബച്ചനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ച രേഖ സിനിമയുടെ ഷൂട്ടിംഗ് സമയം മാറ്റാൻ പറ്റുമോ എന്ന് ചോദിച്ചു. ഒരു ദിവസത്തെ ഷൂട്ടിംഗ് രാവിലത്തേക്ക് മാറ്റാനാകുമോ എന്നായിരുന്നു രേഖ ചോദിച്ചത്. എന്നാൽ രഞ്ജീത് ഇതിന് തയ്യാറായില്ല. ഇതോടെ രേഖ അഡ്വാൻസായി വാങ്ങിയ പണം തിരികെ നൽകി സിനിമ വേണ്ടെന്ന് വെച്ചു.
ഇതോടെ തന്റെ സിനിമ പൂർത്തിയാക്കാൻ വൈകിയെന്ന് രഞ്ജീത് അന്ന് തുറന്ന് പറഞ്ഞു. കാസ്റ്റിംഗ് നടക്കാത്തതിനാൽ ഷൂട്ടിംഗ് വൈകി. ധർമ്മേന്ദ്രയെയായിരുന്നു ആദ്യം നായകനായി തീരുമാനിച്ചത്. താരത്തിന് മറ്റ് സിനിമകളുടെ തിരക്ക് വന്നു. ഒടുവിൽ വിനോദ് ഖന്ന നായകനായി. രേഖയ്ക്ക് പകരം ഫറ നാസ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. 1990 ലാണ് കാർനമ റിലീസ് ചെയ്തത്.
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് രേഖ. അതേസമയം ബോളിവുഡിലെ അവാർഡ് നിശകളിലും മറ്റും നടി സാന്നിധ്യം അറിയിക്കാറുണ്ട്. മറുവശത്ത് അമിതാഭ് ബച്ചൻ ഇപ്പോഴും കരിയറിലെ തിരക്കുകളിലാണ്. കൽക്കി 2898 എഡി എന്ന സിനിമയിലാണ് അടുത്തിടെ അമിതാഭ് ബച്ചൻ ശ്രദ്ധേയ വേഷം ചെയ്തത്.
ഷോകളും സിനിമകളുമായി 83ാം വയസിലും അമിതാഭ് ബച്ചൻ ഊർജ്വസ്വലനാണ്. ബച്ചൻ കുടുംബത്തെക്കുറിച്ച് അടുത്തിടെയും ചില ഗോസിപ്പുകൾ വന്നു. മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായും പിരിയുന്നെന്ന് ബോളിവുഡിൽ പരക്കെ സംസാരമുണ്ടായി. എന്നാൽ അഭിഷേകും ഐശ്വര്യയും ഗോസിപ്പുകളോട് പ്രതികരിച്ചില്ല.


Click it and Unblock the Notifications