മുൻ കാമുകിയുടെ ശബ്ദത്തിൽ കാമുകനെ വിളിച്ച രേഖ; ആ പ്രണയം തകർന്നതിങ്ങനെ
ബോളിവുഡിലെ എവർഗ്രീൻ നടിയാണ് രേഖ. 70 കളിലും 80 കളിലും സിനിമകളിൽ നിറഞ്ഞ് നിന്ന രേഖയ്ക്ക് ബോളിവുഡിൽ ബഹുമാന്യ സ്ഥാനം ആണുള്ളത്. കൊമേഴ്ഷ്യൽ സിനിമകളിലെ നായിക ആയിരുന്ന രേഖ 90 കളിൽ നിരൂപക പ്രശംസ നേടിയ നിരവധി പരീക്ഷണ സിനിമകളുടെ ഭാഗമായി.
കരിയറിലും ജീവിതത്തിലും ഒരു പോലെ വ്യത്യസ്തത പുലർത്തിയ താരമാണ് രേഖ. തെന്നിന്ത്യയിൽ ജനിച്ച് വളർന്ന രേഖയക്ക് ഹിന്ദി സിനിമയിൽ പെട്ടെന്ന് തന്നെ സ്ഥാനം ലഭിച്ചു. അമിതാഭ് ബച്ചന്റെ ഹിറ്റ് ഓൺ സ്ക്രീൻ ജോഡി ആയിരുന്നു രേഖ.
തെലുങ്ക് സൂപ്പർ താരം ജെമിനി ഗണേശന്റെ മകളാണ് രേഖ. നടി പുഷ്പവല്ലി ആണ് രേഖയുടെ അമ്മ. ചെറുപ്പകാലം മുതൽ രേഖ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. പുഷ്പവല്ലിയുമായുള്ള വിവാഹേതര ബന്ധത്തിൽ ജെമിനി ഗണേശന് പിറന്ന മകളാണ് രേഖ. അതിൽ തന്നെ രേഖയെ മകളായി ജെമിനി ഗണേശൻ അംഗീകരിച്ചിരുന്നില്ല.

കുടുംബത്തിലെ സാമ്പത്തിക ഞെരുക്കം മൂലം സിനിമകളിലേക്ക് കടന്ന് വന്ന രേഖ സിനിമകളിലൂടെ ജീവിതം പടുത്തുയർത്തി. ഗോസിപ്പുകൾ അന്നും ഇന്നും ഒരുപോലെ രേഖയെ പിന്തുടർന്നു. സിനിമകളിലെ നായിക നടിക്ക് ജീവിതത്തിൽ ദുഖങ്ങൾ ഏറെ ആയിരുന്നു. ഭർത്താവിന്റെ ആത്മഹത്യ, പിന്നീടുണ്ടായ ഒറ്റപ്പെടൽ തുടങ്ങിയവ എല്ലാം രേഖയെ ബാധിച്ചു.
ചെറുപ്പ കാലത്ത് നടൻ കിരൺ കുമാറുമായി പ്രണയത്തിലായിരുന്നു രേഖ. 70 കളിലായിരുന്നു ഈ പ്രണയം പൂത്തുലഞ്ഞത്. അന്ന് സ്റ്റാർഡസ്റ്റ് മാഗസിന് നൽകിയ അഭിമുഖത്തിൽ രേഖയും കിരൺ കുമാറും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ഇറിറ്റേറ്റ് ചെയ്യുന്ന സ‍്വഭാവമെന്തെന്ന് രണ്ട് പേരും അന്ന് മാഗസിനോട് തുറന്ന് പറഞ്ഞു.

അമ്മയുടെ ഓമന മകനാണ് കിരൺ കുമാർ എന്നും, രാത്രി പത്ത് മണിക്ക് വീട്ടിൽ കയറണമെന്നും രേഖ പറഞ്ഞു. അമ്മമാരുടെ ഓമന മക്കളെ പ്രണയിച്ച് മതിയായെന്ന് തോന്നുന്നില്ലേയെന്നും രേഖ അന്ന് അഭിമുഖത്തിൽ പറഞ്ഞു. രേഖയുടെ സ്വഭാവ രീതികളെ പറ്റി കിരൺ കുമാറും സംസാരിച്ചു.
തന്റെ മുൻ കാമുകിയുടെ ശബ്ദം അനുകരിച്ച് രേഖ തന്നെ വിളിക്കുമായിരുന്നെന്നാണ് കിരൺ കുമാർ പറഞ്ഞത്. താൻ സ്നേഹത്തോടെ ഫോണിൽ മറുപടി നൽകുമ്പോൾ രേഖ ദേഷ്യപ്പെടുമെന്നും കിരൺ കുമാർ പറഞ്ഞു.
കിരണിന്റെ വീട്ടുകാർ എതിർത്തതോടെ ആണ് രേഖയുടെ ഈ ബന്ധം തകർന്നത്. കശ്മീരി പണ്ഡിറ്റ് ആയിരുന്നു കിരൺ കുമാറും കുടുംബവും. രേഖയെ മകന്റെ ജീവിത പങ്കാളി ആയി അംഗീകരിക്കാൻ കിരൺ കുമാറിന്റെ കുടുംബം തയ്യാറായില്ല. ഇതോടെ ഈ ബന്ധം അവസാനിച്ചു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച വിഷയമായത് രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള ഗോസിപ്പുകളാണ്. രേഖയുമായി ബച്ചന് പ്രണയമാണെന്ന് പരക്കെ പ്രചരണം ഉണ്ടായിരുന്നു. രേഖയും ബച്ചനും ഓൺസ്ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡി ആയിരിക്കെ ആണ് ഗോസിപ്പ് പരന്നത്. ഇതിനിടെ ആണ് ജയ അമിതാഭ് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും ബച്ചൻ-രേഖ ഗോസിപ്പ് തുടർന്നു. എന്നാൽ ഇത് ജയ-ബച്ചൻ വിവാഹ ബന്ധത്തെ ബാധിച്ചില്ല.


Click it and Unblock the Notifications