കോടിക്കണക്കിന് രൂപയുടെ സ്വത്ത്; രേഖയുടെ സമ്പാദ്യമെല്ലാം ഭാവിയിൽ ആർക്ക്?; ഉയർന്ന് വരുന്ന പേര്
ഹിന്ദി സിനിമാ രംഗത്ത് ഇനി എത്ര നടിമാർ വന്നാലും രേഖ എന്ന നടിക്കുള്ള സ്ഥാനം അത് പോലെ തുടരും. അഭിനയ രംഗത്ത് നിന്ന് മാറിയിട്ട് വർഷങ്ങളായെങ്കിലും രേഖയെന്ന പേര് ഇന്നും ഇന്ത്യൻ സിനിമയിൽ പ്രസക്തമാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച നടിയെന്നാണ് രേഖയെ ആരാധകർ വിശേഷിപ്പിക്കുന്നത്. പൊതുവെ പഴയ കാല നടിമാരോട് ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് മാത്രമാണ് ആരാധന തോന്നാറ്.
എന്നാൽ 68 കാരിയായ രേഖയ്ക്ക് പുതുതലമുറയിലും ആരാധകരുണ്ടന്നത് കൗതുകകരമാണ്. സോഷ്യൽമീഡിയ ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യാഥാസ്ഥിതിക ചിന്താഗതികൾക്ക് പുറത്ത് നിൽക്കാൻ മടിക്കാഞ്ഞ രേഖ പഴയ കാലത്ത് കുറ്റപ്പെടുത്തലുകൾക്കും ഇരയായിട്ടുണ്ട്. എന്നാൽ തന്റെ ജീവിതത്തെക്കുറിച്ച് രേഖ അന്ന് അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്.

രേഖയെ കുറേക്കൂടി മനസ്സിലാക്കാൻ പുതുതലമുറയ്ക്ക് കഴിയുന്നു. അമിതാഭ് ബച്ചൻ, ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നിരവധി പേരുമായി ചേർത്ത് രേഖയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നു. ഇതിൽ ഒരിക്കലും അവസാനിക്കാത്ത ഗോസിപ്പാണ് അമിതാഭ് ബച്ചനുമായുള്ളത്.
വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും കുറച്ച് കാലം മാത്രമേ ഇതിന് ആയുസുണ്ടായിരുന്നുള്ളൂ. ബിസിനസ്കാരനായ മുകേഷ് അഗർവാളിനെയാണ് രേഖ വിവാഹം ചെയ്തത്. എന്നാൽ ഇദ്ദേഹം ആത്മഹത്യ ചെയ്തു. ഇതിന് രേഖയ്ക്കാണ് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നത്. എന്നാൽ ഇതെല്ലാം നടി മറികടന്നു.
രേഖയെ സംബന്ധിച്ചുള്ള ചർച്ചകളാണ് ബോളിവുഡ് മാധ്യമങ്ങളിപ്പോൾ. വർഷങ്ങൾ നീണ്ട സിനിമാ കരിയറിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ രേഖയുണ്ടാക്കിയിട്ടുണ്ട്. 25 കോടിയുടെ ആസ്തി നടിക്കുണ്ടെന്നാണ് വിവരം. ബാന്ദ്രയിലുള്ള നടിയുടെ ബംഗ്ലാവിന്റെ വില 13 കോടി രൂപയാണത്രെ.
മറ്റ് പലയിടത്തും നടിക്ക് പ്രോപ്പർട്ടികളുണ്ട്. ഭർത്താവോ മക്കളോ ഇല്ലാത്ത നടിയുടെ ഈ സ്വത്തുവകകളുടെ അവകാശം ഭാവിയിൽ ആർക്കായിരിക്കുമെന്നാണ് ഉയരുന്ന ചോദ്യം. നടിയുമായി വലിയ ആത്മബന്ധമുള്ള എപ്പോഴും കൂടെയുള്ള മാനേജർ ഫർസാനക്കായിരിക്കുമെന്നാണ് ഒരു ഹിന്ദി മാധ്യമത്തിൽ വന്ന റിപ്പോർട്ട്.

രേഖയും ഫർസാനയും തമ്മിലുള്ള ബന്ധം ഇന്നും ഒരു ചോദ്യചിഹ്നമാണ്. മാനേജർ എന്നതിനപ്പുറം ഇവർക്ക് രേഖയുമായുള്ള ബന്ധമെന്താണെന്ന് ആർക്കും വ്യക്തമായി അറിയില്ല. ഇതേക്കുറിച്ച് രേഖ അധികമെവിടെയും സംസാരിച്ചിട്ടുമില്ല. കഴിഞ്ഞ നാൽപതിലേറെ വർഷമായി ഫർസാന രേഖയ്ക്കൊപ്പമുണ്ട്. കാഴ്ചയിൽ പുരുഷൻമാരുടെ വസ്ത്രധാരണവും ഹെയർസ്റ്റെെലുമാണ് ഫർസാനയ്ക്ക്. ഇത് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർത്തി.
സിൽസില എന്ന യാഷ് ചോപ്ര ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രേഖയും ഫർസാനയും ആദ്യമായി പരിചയപ്പെടുന്നത്. രേഖയുടെ മേക്കപ്പ് ടീമിലേക്ക് ഫർസാന വന്നു. പിന്നീട് ഇരുവരും കൂടതൽ അടുത്തു. രേഖയുടെ എല്ലാ കാര്യങ്ങളുടെ ഉത്തരവാദിത്വം ഫർസാനയിലേക്ക് വന്നു. 1986 ഓടെ ഫർസാര രേഖയുടെ സെക്രട്ടറിയുമായി. ഫർസാനയുടെ അനുവാദമില്ലാതെ ആർക്കും രേഖയെ കാണാൻ കഴിയാത്ത തരത്തിലേക്ക് ഈ ബന്ധം ശക്തിപ്പെട്ടു.
സിനിമാ രംഗത്തെയും മറ്റും വാർത്തകളും വിശേഷങ്ങളും രേഖ അറിയുന്നത് ഫർസാനയിലൂടെയാണ്. കരിയറിലും ഫർസാനയുടെ ഉപദേശം രേഖ തേടി. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോഴും ഫർസാന രേഖയ്ക്കൊപ്പം അടിയുറച്ച് നിന്നു. രേഖയുടെ വ്യക്തി ജീവിതം എന്നും ഒരു സിനിമാക്കഥ പോലെയാണ് മുന്നോട്ട് പോയത്.
അന്തരിച്ച നടൻ ജെമിനി ഗണേശന്റെ മകളാണ് രേഖ. രേഖയെ മകളായി ഇദ്ദേഹം അംഗീകരിച്ചിരുന്നില്ലത്രെ. അമ്മ പുഷ്പവല്ലി രേഖയ്ക്ക് എല്ലാമായിരുന്നു. അമ്മയുടെ ഓർമ്മകൾ നടി മുമ്പ് പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications