അച്ഛൻ ജമിനി ഗണേശന് ഒരു ഡസൻ മക്കൾ, ചെറുപ്പത്തിൽ കണ്ടിട്ടേയില്ല: രേഖയുടെ വെളിപ്പെടുത്തൽ വൈറൽ
1970കളിലെയും 1980കളിലെയും ബോളിവുഡിന്റെ താര റാണിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രേഖ ഇപ്പോഴും പ്രശസ്തിയുടെ കൊടുമുടിയിലാണ്. എഴുപത്തിയൊന്നാമത്തെ വയസ്സിൽ എത്തി നിൽക്കുമ്പോഴും, ഹിന്ദി സിനിമയിലെ ഇന്നത്തെ ഏതൊരു മുൻനിര നടിക്കും കടുത്ത മത്സരം നൽകാൻ മാത്രം കഴിവും സൗന്ദര്യവും താരത്തിനുണ്ട്. അത് മാത്രമല്ല, തന്റെ ഫാഷൻ സെൻസ് കൊണ്ടും കോടിക്കണക്കിന് ആരാധകരെ രേഖ സമ്പാദിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇത്രയും വിജയകരമായ ഒരു കരിയർ സിനിമയിൽ ഉണ്ടാക്കിയെടുത്തപ്പോഴും, നടിയുടെ വ്യക്‌തി ജീവിതം എന്നും ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു.
പ്രശസ്ത തമിഴ് നടൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായി ഭാനുരേഖ എന്ന പേരിൽ ജനിച്ച രേഖയ്ക്ക് ഒരിക്കലും തന്റെ അച്ഛന്റെ പാരമ്പര്യത്തിന്റെ ഭാഗമാവാൻ കഴിഞ്ഞിരുന്നില്ല. നടിയുടെ അമ്മയെ വിവാഹം ചെയ്തിരുന്നില്ല എന്ന കാരണം കാണിച്ച്, രേഖയെ ജെമിനി ഒരിക്കലും തന്റെ മകളായി അംഗീകരിച്ചിരുന്നില്ല. പതിമൂന്നാം വയസ്സിൽ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർ പഠനം ഉപേക്ഷിച്ചു സിനിമാ നടിയായി. ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായപ്പോഴും, അതെല്ലാം രേഖ പുഞ്ചിരിയോടെ നേരിട്ടു.

വർഷങ്ങൾക്ക് മുൻപ്, പ്രശസ്ത നടി സിമി ഗരെവാളിന്റെ ഷോയിൽ പങ്കെടുത്തപ്പോഴാണ് രേഖ ആദ്യമായി അച്ഛൻ ജമിനി ഗണേശനെ കുറിച്ച് സംസാരിക്കുന്നത്. ചെറുപ്പത്തിൽ അദ്ദേഹത്തെ തനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു എന്നും, ഒരിക്കൽ പോലും കണ്ടിട്ടേയില്ലയെന്നും നടി അന്ന് തുറന്നു പറഞ്ഞു. കുറെ മുതിർന്നതിന് ശേഷം, അച്ഛൻ മറ്റു മക്കളെ സ്കൂളിൽ ആക്കാൻ വന്നപ്പോൾ മാത്രമാണ് ഒരു നോക്ക് കാണാനായതെന്നും അവർ വെളിപ്പെടുത്തി. രേഖയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

"അദ്ദേഹം താമസം മാറിയപ്പോൾ ഞാൻ ഒരു കൊച്ചു കുഞ്ഞായിരുന്നു. എനിക്ക് അത് ഓർമ്മയില്ല. അത് കൊണ്ട് ഞങ്ങളുടെ ജീവിതം അസാധാരണം ആണെന്നൊന്നും അന്ന് തോന്നിയിട്ടില്ല," രേഖ വെളിപ്പെടുത്തി. "അദ്ദേഹത്തിന് ഒരു ഡസൻ മക്കളുണ്ട്, എല്ലാവരും ഒരു സ്കൂളിലാണ് പഠിച്ചത്. ഞാൻ ഒരിക്കലും അദ്ധേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ല. എനിക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം അവരെ (മറ്റു മക്കളെ) സ്കൂളിൽ കൊണ്ട് വിട്ട് പോകുമായിരുന്നു. അദ്ദേഹം എന്നെ ശ്രദ്ധിച്ചതായി എനിക്ക് തോന്നുന്നില്ല. എന്നെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല," പ്രശസ്ത നടി വളരെ നിസ്സംഗമായി പറഞ്ഞു.
Rekha on her father, Gemini Ganesan
byu/BollyLOVER1 inBollyBlindsNGossip
"എന്റെ അച്ഛനെ ഒന്ന് കണ്ടാൽ പോലും മതിയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ, ഒരുപക്ഷേ ഞാൻ അദ്ദേഹത്തെ മിസ് ചെയ്തിട്ടുണ്ടാകാം. പക്ഷേ നിങ്ങൾ എന്തെങ്കിലും ഒരു കാര്യത്തിന്റെ രുചി അറിഞ്ഞിട്ടില്ലെങ്കിൽ, അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയില്ല. 'അച്ഛൻ' എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു," രേഖ പറഞ്ഞു. ജമിനി ഗണേശൻ രേഖയെ എന്നെങ്കിലും തിരിച്ചറിഞ്ഞു കാണുമോ, എന്ന സിമി ഗരെവാളിന്റെ ചോദ്യത്തതിന്, "അത് ഉറപ്പാണ്. ഞാൻ കാണാൻ അദ്ദേഹത്തെ പോലെ തന്നെയാണ്," എന്നായിരുന്നു നടിയുടെ മറുപടി. എന്തായാലും മുതിർന്നതിന് ശേഷം രേഖ ജമിനി ഗണേശനെ കാണുകയും, ഇരുവരും കുറച്ചു സമയം ഒന്നിച്ച് ചിലവഴിക്കുകയും ചെയ്തിരുന്നു.
രേഖയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാക്കികൊണ്ടിരിക്കുന്ന റെഡിറ്റ് പ്രേക്ഷകർ, ചിലപ്പോൾ ഇത് കൊണ്ടാകാം നടി എന്നും തന്നെ അവഗണിച്ചവരുടെ പിറകെ പോയിട്ടുള്ളത് എന്നാണ് അഭിപ്രായപ്പെടുന്നത്. ജയാ ബച്ചന്റെ ഭർത്താവായിട്ടും അമിതാഭ് ബച്ചനെ രേഖ ഗാഢമായി പ്രണയിക്കുകയും, അദ്ദേഹം ഒരിക്കലും തന്നെ ഭാര്യയും സ്വീകരിക്കില്ല എന്നറിഞ്ഞിട്ടും ഇന്നും അത് തുടരുകയും ചെയ്യുകയാണ്. ഇതൊക്കെ, അച്ഛന്റെ സ്നേഹം അറിയാതെ വളർന്ന കുട്ടിക്കാലത്തിന്റെ ട്രോമ കാരണം ഉണ്ടായ വികാരങ്ങളാവാം എന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ അഭിപ്രായം.


Click it and Unblock the Notifications











