രേഖയ്ക്ക് പറ്റിയ തെറ്റ് ശ്രീദേവിയെ തുണച്ചു; ഒരു വാക്ക് മാറ്റി മറിച്ചത് താരത്തിന്റെ കരിയറിനെ തന്നെ
ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് ശ്രീദേവി. മരിച്ച് അഞ്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും നടി ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ചെയ്ത് വെച്ച കഥാപാത്രങ്ങളാണ് ശ്രീദേവി ഇത്രമാത്രം ആഘോഷിക്കപ്പെടാൻ കാരണമായത്. ഹിമ്മത് വാല, ചാന്ദ്നി, ലമ്ഹേ, ലഡ്ല, നാഗിന, മിസ്റ്റർ ഇന്ത്യ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ശ്രീദേവി നായികയായെത്തി. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കവെയാണ് ശ്രീദേവി ഹിന്ദി സിനിമയിലേക്ക് കടക്കുന്നത്.
സൊൾവ സെവൻ ആയിരുന്നു ശ്രീദേവിയുടെ ആദ്യ ഹിന്ദി സിനിമ. ഈ സിനിമ പരാജയപ്പെട്ടെങ്കിലും പിന്നീടിറങ്ങിയ ഹിമ്മത് വാല എന്ന സിനിമയുടെ വൻ വിജയം ശ്രീദേവിയെ തുണച്ചു. നടി രേഖ കരിയറിൽ തിളങ്ങി നിൽക്കവെയാണ് പിൻമുറക്കാരിയായ ഹിന്ദി സിനിമയിലേക്ക് ശ്രീദേവി കടക്കുന്നത്. ഒരു ഘട്ടത്തിൽ രേഖയുടെ താരപ്രഭയെയും ശ്രീദേവി മറികടന്നു.

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാവാൻ കഴിഞ്ഞത് ശ്രീദേവിക്കാണ്. രേഖ ചെയ്ത ഒരു കാര്യമാണ് ശ്രീദേവിക്ക് ഇത്രയും വലിയ വളർച്ച ഹിന്ദി സിനിമാ രംഗത്തുണ്ടാവാൻ കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 1983 ലിറങ്ങിയ ഹിമ്മത്വാലയാണ് ശ്രീദേവിക്ക് ബോളിവുഡിൽ ശ്രദ്ധ നേടിക്കൊടുത്ത സിനിമ. ഈ സിനിമ ആദ്യം ഓഫർ ചെയ്തത് രേഖയ്ക്കായിരുന്നത്രെ.
എന്നാൽ രേഖയ്ക്ക് മറ്റ് സിനിമകളുടെ തിരക്ക് കാരണം ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. നായകനായ ജീതേന്ദ്രയും രേഖയും നല്ല സുഹൃത്തുക്കളായിരുന്നു. തമാശയെന്നോണം ശ്രീദേവിയെ നായികയാക്കെന്ന് രേഖ അന്ന് പറഞ്ഞത്രെ. ഒടുവിൽ ശ്രീദേവി തന്നെ നായികയായെത്തുകയും നടി വൻ പ്രശസ്തി നേടുകയും ചെയ്തു.

ആദ്യ ഹിന്ദി സിനിമ പരാജയപ്പെട്ടിരിക്കെയാണ് ശ്രീദേവിയെ തേടി ഹിമ്മത്വാല എന്ന ഹിറ്റ് സിനിമ വരുന്നത്. ഒരുപക്ഷെ ശ്രീദേവിക്ക് ഈ അവസരം വന്നില്ലായിരുന്നെങ്കിൽ ഇത്തരമാെരു കരിയർ ഗ്രാഫ് നടിക്കുണ്ടാവുമായിരുന്നില്ലെന്നും ആരാധകരിൽ ചിലർ പറയുന്നു.രേഖയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയെ പ്രശംസിച്ച് രേഖ സംസാരിച്ചിട്ടുമുണ്ട്.
'എനിക്കാ പെൺകുട്ടിയോട് എന്നും ഇഷ്ടമായിരുന്നു. വൈജയന്തിമാലയ്ക്കും ഹേമ മാലിനിക്കും ശേഷം ഹിന്ദി സിനിമയിലേക്ക് തമിഴകത്ത് നിന്നും വന്ന മൂന്നാമത്തെ ലേഡി സൂപ്പർസ്റ്റാറാണ് ശ്രീദേവി. ഈ നടിമാരുടെ അടുത്ത് പോലും ഞാൻ വരില്ല,' രേഖ മുമ്പൊരിക്കൽ പറഞ്ഞതിങ്ങനെ. ശ്രീദേവി മികച്ച ഡാൻസറാണെന്നും തനിക്ക് നൃത്തം വശമില്ലെന്നും സ്ക്രീനിൽ നർത്തകിയെ പോലെ തോന്നിക്കാനേ കഴിയൂയെന്നും രേഖ തുറന്ന് പറഞ്ഞു.

ഹിമ്മത് വാലയുടെ വിജയത്തിന് ശേഷം കരിയറിൽ പിന്നീട് ശ്രീദേവിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നായകൻമാരുടെ താരപ്രഭയെ വെല്ലുന്ന തരത്തിലേക്ക് ശ്രീദേവി ആഘോഷിക്കപ്പെട്ടു. ഹിന്ദി സിനിമയിലേക്ക് വന്നപ്പോഴേക്കും ശ്രീദേവി മുമ്പത്തേക്കാൾ സുന്ദരിയായിരുന്നു. ഇക്കാലഘട്ടത്തിലാണത്രെ നടി മൂക്കിന് ചില ശാസ്ത്രക്രിയകൾ നടത്തുന്നത്. സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ അവസാനം വരെയും ശ്രീദേവി ശ്രമിച്ചിരുന്നു. നടി ചെയ്ത ഒന്നിലേറെ പ്ലാസ്റ്റിക് സർജറികൾ നിരവധി തവണ ചർച്ചയായിട്ടുണ്ട്.
2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ഡബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. അബോധാവസ്ഥയിലാണ് ബാത്ത് ടബ്ബിൽ മുങ്ങിയത്. ശരീരത്തിൽ മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നത്രെ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും പിന്നീടിത് കെട്ടടങ്ങി. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് സിനിമാ രംഗത്തെ മുൻനിര നായിക നടിയാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടക്കാനിരിക്കുന്നു.


Click it and Unblock the Notifications