'രേഖയുടെ അമ്മയും ജെമിനി ഗണേശന്റെ ഭാര്യയും ഐക്യത്തിൽ കഴിഞ്ഞു; ആ വീട്ടിൽ കുട്ടികൾക്ക് ആഘോഷം'
സിനിമാ ലോകത്ത് രേഖയുടെ ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. അന്നും ഇന്നും രേഖയുടെ ജീവിതം ആരാധകർക്ക് കൗതുകമാണ്. ഉയർച്ചകളും താഴ്ചകളും ഉൾപ്പെടെ പല ഘട്ടങ്ങൾ കണ്ട രേഖ ഇന്നും ഇന്ത്യൻ സിനിമാ രംഗത്തെ ഐക്കോണിക് മുഖങ്ങളിൽ ഒന്നാണ്. സിനിമകളേക്കാൾ നാടകീയമായി രേഖയുടെ ജീവിതം മുന്നോട്ട് പോയതും ജനങ്ങൾ കണ്ടതാണ്. പ്രണയത്തകർച്ചകൾ, വിവാഹം, ഭർത്താവിന്റെ മരണം, വിടാതെ പിന്തുടരുന്ന ഗോസിപ്പുകൾ തുടങ്ങി രേഖയുടെ ജീവിതത്തിൽ സംഭവവികാസങ്ങൾ എന്നും ശ്രദ്ധ നേടുന്നു.
തമിഴ്നാട്ടിൽ ജനിച്ച് വളർന്ന രേഖ ഇപ്പോഴും തന്റെ തെന്നിന്ത്യൻ പാരമ്പര്യത്തെ മറന്നിട്ടില്ല. നടൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളാണ് രേഖ. പുഷ്പവല്ലിയെ തന്റെ ഭാര്യയായി ജെമിനി ഗണേശൻ അംഗീകരിച്ചിരുന്നില്ല. അച്ഛന്റെ സ്നേഹം ലഭിക്കാതെയാണ് രേഖ വളർന്നത്. പിൽക്കാലത്ത് അച്ഛനും മകളും അടുക്കുകയും ചെയ്തു.

രേഖയുടെ കുട്ടിക്കാലത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടി പത്മിനി ബാലതാരമായി അഭിനയിക്കുന്ന കാലത്ത് രേഖയുമായി പരിചയമുണ്ട്. ഇരുവരുടെയും അമ്മമാർ സുഹൃത്തുക്കളുമായിരുന്നു.
രേഖയുടെ അമ്മ പുഷ്പവല്ലി അക്കയും എന്റെ അമ്മയും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലേ അവരെല്ലാം സുഹൃത്തുക്കളാണ്. ആ സമയത്താണ് ജെമിനി അങ്കിൾക്കും പുഷ്പവല്ലിക്കും ഇടയിൽ കടുത്ത പ്രണയം ഉണ്ടാകുന്നത്. അവർക്കിടയിൽ പരസ്പരം മനസ്സിലാക്കലും സ്നേഹവും ഉണ്ടായിരുന്നു. ജെമിനി ഗണേശന് ഒരു ഭാര്യയുണ്ട്. ആ ബന്ധം തകരാതിരിക്കാൻ പുഷ്പവല്ലി ശ്രദ്ധിച്ചിരുന്നു.

ആ രണ്ട് സ്ത്രീകൾക്കുമിടയിൽ പരസ്പരം ഒരു ഐക്യം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ രണ്ട് ഭാര്യമാരുണ്ടാകുന്നത് പതിവാണ്. ആർട്ടിസ്റ്റുകളുടെ കാര്യമെടുത്താൽ മിക്കവർക്കും രണ്ടോ മൂന്നോ ഭാര്യയുണ്ടാകും. രേഖയെ അമ്മ പുഷ്പവല്ലിക്ക് വളരെ ഇഷ്ടമായിരുന്നു. ഞാൻ ബാലതാരമായി വർക്ക് ചെയ്യുമ്പോൾ ഒരു സിനിമയിൽ കമ്മിറ്റ് ചെയ്താൽ മറ്റൊരു സിനിമയിലേക്ക് വിടില്ല. കുറേ ദിവസങ്ങൾ ഷൂട്ട് ഇല്ലാത്തപ്പോഴൊക്കെ ഞാൻ പുഷ്പവല്ലി അക്കയുടെ വീട്ടിൽ പോകുമായിരുന്നു.
അവർ നല്ല രീതിയിൽ ഭക്ഷണം തരും. പുഷ്പവല്ലി അക്കയുടെ വീട്ടിൽ നിന്ന് ഭക്ഷണമെന്നാൽ ഞങ്ങൾ കുട്ടികൾക്ക് ആഘോഷമാണ്. അത്രയും നല്ല സ്ത്രീയായിരുന്നു. വളരെ ഭംഗിയായി സാരി ധരിക്കും. നല്ല പെർഫ്യൂം അടിക്കും. അവരുടെ വീട് വളരെ വലുതായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.
13 വയസുകാരിയായ അന്നത്തെ രേഖയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. അവർക്ക് ആ പ്രായത്തിലും അവരുടേതായ ഒരു ക്യാരക്ടർ ഉണ്ടായിരുന്നു. വെറുതെ എല്ലാവരോടും സംസാരിച്ചിരിക്കില്ല. സ്കൂളിൽ നിന്ന് വന്നാൽ നേരെ റൂമിൽ പോയി കതകടക്കും. ആ പ്രായത്തിലേ രാവിലെ എണീറ്റ് നടക്കുന്ന ശീലമുണ്ടായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.
സിനിമയിൽ നിന്ന് സമ്പാദിക്കാൻ തുടങ്ങിയപ്പോൾ അച്ഛന്റെ ആദ്യ വിവാഹത്തിലെ മക്കളെയുൾപ്പെടെ നല്ല രീതിയിൽ രേഖ സഹായിച്ചു. താരമായ ശേഷം ബന്ധുക്കളെ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്. മാത്രമല്ല എന്റെ സഹോദരൻ മരണക്കിടക്കയിൽ ആയപ്പോൾ രേഖ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. സഹോദരന് അത് വളരെ സന്തോഷമായി.
കുട്ടിക്കാലത്ത് എല്ലാവരും ഒരുമിച്ച് വളർന്നവരല്ലേയെന്നും കുട്ടി പത്മിനി ഓർത്തു. തമിഴ്നാട്ടിലാണ് ജനിച്ച് വളർന്നതെങ്കിലും ഹിന്ദി സിനിമാ രംഗത്താണ് രേഖ പേരെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രേഖയെ സിനിമകളിൽ കാണാറില്ല. അതേസമയം ഷോകളിലും മറ്റും താരം സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications