ശ്രീദേവി ഗർഭിണിയായിരുന്നു, ഭർത്താവിന്റെ ബന്ധമറിഞ്ഞ് ഞാൻ ഞെട്ടി; കുടുംബം തകർന്നതിനെക്കുറിച്ച് മോണ കപൂർ പറഞ്ഞത്
ബിഗ് സ്ക്രീനിലെ മിന്നിത്തിളങ്ങുന്ന താര റാണിയായപ്പോഴും ജീവിതത്തിൽ പല പരീക്ഷണ ഘട്ടങ്ങൾ നടി ശ്രീദേവിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശ്രീദേവിയെ അടുത്തറിഞ്ഞ് മനസിലാക്കാൻ സാധിച്ച സഹപ്രവർത്തകർ കുറവാണ്. അധികമാരോടും സംസാരിക്കാത്ത അന്തർമുഖയായിരുന്നു പലർക്കും ശ്രീദേവി. അമ്മയുടെ സംരക്ഷണ വലയത്തിൽ കഴിഞ്ഞ നടിക്ക് പിന്നീട് തണലായത് ബോണി കപൂറിന്റെ സാന്നിധ്യമാണ്. നടൻ മിഥുൻ ചക്രബർത്തിയുമായുള്ള ബന്ധം തകർന്നതോടെയാണ് ശ്രീദേവി ബോണിയുമായി അടുക്കുന്നത്.
എന്നാൽ ബോണി കപൂർ അന്ന് വിവാഹിതനാണ്. മോണ കപൂർ എന്നായിരുന്നു ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. അർജുൻ കപൂർ അൻഷുള കപൂർ എന്നിവർ മക്കൾ. ശ്രീദേവി ബോണി നിർമ്മിക്കുന്ന സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് നടിയും മോണ കപൂറും സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയും ഭർത്താവും തമ്മിൽ അടുപ്പമുണ്ടെന്ന് മോണ അറിയില്ലായിരുന്നു. ബോണി കപൂർ തന്നെയാണ് ഇക്കാര്യം മോണ കപൂറിനോട് തുറന്ന് പറയുന്നത്.

ഉൾക്കൊള്ളാൻ സമയമെടുത്തെങ്കിലും ഭർത്താവിനെ തടയാൻ മോണ ശ്രമിച്ചില്ല. ഇതേക്കുറിച്ച് ഒരിക്കൽ മോണ കപൂർ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നേക്കാൾ പത്ത് വയസ് കൂടുതലാണ് അദ്ദേഹത്തിന്. വിവാഹം ചെയ്യുമ്പോൾ എനിക്ക് 19 വയസാണ്. അക്ഷരാർത്ഥത്തിൽ ഞാനദ്ദേഹത്തിനൊപ്പമാണ് വളർന്നത്. 13 വർഷം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു ഞങ്ങളുടേത്. ഭർത്താവ് മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഞെട്ടലായിരുന്നു.
ഒരു അവസരം നൽകാൻ ഞങ്ങളുടെ ബന്ധത്തിൽ ഒന്നും ബാക്കിയില്ലായിരുന്നു. കാരണം ശ്രീദേവി ഗർഭിണിയായിരുന്നെന്ന് മോണ കപൂർ തുറന്ന് പറഞ്ഞു. അന്ന് വിവാദമായ ചില റിപ്പോർട്ടുകൾ സ്റ്റാർഡസ്റ്റ് എന്ന മാഗസിനിൽ വന്നു. ഇത് പ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തെങ്കിലും ബോണിയുടെ ഔദ്യോഗിക ഭാര്യ മോണ കപൂറാണെന്നത് ശ്രീദേവിയെ അക്കാലത്ത് അലട്ടിയിരുന്നു. മോണ കപൂറും മക്കളുമായുള്ള ബന്ധം പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് ശ്രീദേവിയായിരുന്നു.

കുടുംബം തകർത്തു എന്ന കുറ്റപ്പെടുത്തൽ അക്കാലത്ത് ശ്രീദേവിക്ക് കേൾക്കേണ്ടി വന്നു. ശ്രീദേവിയുടെ വീട്ടുകാർക്കും ഈ ബന്ധത്തോട് എതിർപ്പായിരുന്നു. ബോണി കപൂർ വിവാഹിതനാണ് എന്നതായിരുന്നു കാരണം. എന്നാൽ ശ്രീദേവി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ഇവർക്ക് പിറന്ന മക്കൾ. 1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായായത്.
റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് മുമ്പേ ശ്രീദേവി ഗർഭിണിയായിരുന്നു. വിവാഹം ചെയ്യുമ്പോൾ ബോളിവുഡിലെ താര റാണിയാണ് ശ്രീദേവി. കരിയറിൽ നിന്ന് മാറി നിന്ന നടി പിന്നീട് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. 2012 ൽ മോണ കപൂർ മരിച്ചു. കാൻസർ ബാധിതയായിരുന്നു മോണ കപൂർ. 2018 ലായിരുന്നു ശ്രീദേവിയുടെ വിയോഗം. താരത്തിന്റെ ചർമ വാർഷിക ദിനമാണിന്ന്. പ്രിയ നടി മരിച്ചിട്ട് ഏഴ് വർഷം പിന്നിട്ടു. തീർത്തും അപ്രതീക്ഷിതമായിരുന്നു മരണം. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മരിക്കുന്നത്.


Click it and Unblock the Notifications