'ഇരട്ടകുട്ടികളുടെ അപ്രതീക്ഷിത മരണം, ശരീര ഭാരം ഉയർന്നു, കുടുംബത്തിനായി അഭിനയം നിർത്തി'; ഫർദീൻ ഖാന്റെ ജീവിതം!
തൊണ്ണൂറുകളിൽ ബോളിവുഡിലെ ഹോട്ടസ്റ്റ് മാനെന്ന ടൈറ്റിലിൽ അറിയപ്പെടുന്ന നടനായിരുന്നു ഫർദീൻ ഖാൻ. അന്തരിച്ച ഇതിഹാസ നടനും നിർമ്മാതാവുമായ ഫിറോസ് ഖാന്റെ മകനാണ് താരം. 1998ൽ പ്രേം അഗ്ഗനിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടന് ധാരാളം നല്ല സിനിമകൾ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലഭിച്ചു.
ഫർദീന് എല്ലാ സിനിമകളിലും ഒരു പ്ലേബോയ് ഇമേജായിരുന്നു എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം ഒരു ഫാമിലി മാനാണ്. ശ്വാസകോശ അർബുദവുമായി മല്ലിട്ട് 2008ൽ പിതാവ് ഫിറോസ് ഖാൻ അന്തരിച്ചപ്പോൾ ഫർദീൻ ഖാൻ തകർന്നുപോയി. അച്ഛനെ ചുറ്റി പറ്റിയായിരുന്നു നടന്റെ ജീവിതം.
മാത്രമല്ല ഭാര്യ ഒരു കുഞ്ഞുണ്ടാകാത്തതിന്റെ വിഷമങ്ങളും ദുരിതവും അനുഭവിക്കുന്ന സമയമായിരുന്നു. എല്ലാം കൊണ്ടും സിനിമയ്ക്ക് പിന്നാലെ സഞ്ചരിക്കാനുള്ള മാനസികാവസ്ഥ അന്ന് താരത്തിനുണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം നിൽക്കാനാണ് അദ്ദേഹം അന്ന് ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ അഭിനയത്തിന് ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഫുൾ സ്റ്റോപ്പിട്ടു.

'എന്റെ അച്ഛൻ മരിച്ചതിന് ശേഷം എനിക്ക് കുറച്ച് സമയം ആവശ്യമായി വന്നു. ഞാൻ പ്രയാസകരമായ കാലത്തിലൂടെ കടന്നുപോവുകയായിരുന്നു. 2009ൽ എന്റെ അച്ഛൻ മരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം എനിക്ക് ഒരു ചെറിയ ആരോഗ്യ ഭയം ഉണ്ടായിരുന്നു. പിന്നെ നടാഷയും ഞാനും ഒരു കുടുംബം വേണമെന്ന് വളരെ ആഗ്രഹിച്ചു.'
'കുട്ടികളുണ്ടാകുന്നതിൽ ഞങ്ങൾ വെല്ലുവിളികൾ നേരിട്ടു. അതിനാൽ ഞങ്ങൾക്ക് ഐവിഎഫ് സ്വീകരിക്കേണ്ടി വന്നു', എന്നാണ് നേരത്തെ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള തന്റെ ഇടവേളയ്ക്ക് പിന്നിലെ കാരണമായി ഫർദീൻ പറഞ്ഞത്.
2005ലാണ് മുംതാസിന്റെ മകൾ നടാഷ മധ്വാനിയെ ഫർദീൻ ഖാൻ വിവാഹം കഴിച്ചത്. തനിക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങളുണ്ടാകാൻ വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മനസിലായതോടെയാണ് താരം ഭാര്യയ്ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറ്റിയത്. വൈകാതെ നടാഷ ഇരട്ട കുട്ടികളെ ഗർഭിണിയായി.
പക്ഷെ ആറാം മാസത്തിൽ ദമ്പതികൾക്ക് ആ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. പിന്നീട് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത്. 2013ൽ ഒരു മകളും 2017ൽ ഒരു മകനും പിറന്നു. വല്ലപ്പോഴും മാത്രം കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള താരം 2016ൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആളാകെ മാറിയിരുന്നു.

ശരീരഭാരം ക്രമാതീതമായി ഉയർന്നിരുന്നു. ഫർദീൻ തന്നെയാണോ ഇതെന്ന് പോലും ആരാധകർ സംശയിച്ചു. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹാസം വർധിച്ചതോടെ പഴയ ഫിറ്റ്നസ് നടൻ തിരികെ കൊണ്ടുവന്നു. ഇപ്പോഴിതാ നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഫർദീൻ ഖാനും ഭാര്യ നടാഷ മാധ്വാനിയും വേർപിരിയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തോളമായി ഇവരുടെ താമസം രണ്ടിടത്താണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പരാമർശിക്കുന്നു. നിലവിൽ ഫർദീൻ അമ്മയ്‌ക്കൊപ്പം മുംബൈയിലും നടാഷ കുഞ്ഞുങ്ങളുമായി ലണ്ടനിലുമാണ് താമസം എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഫർദീൻ അഭിനയത്തിലേക്ക് തിരികെ വരാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications