പേര് മാറ്റാതെ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നു; വിശാല്‍ എന്ന പേര് മാറ്റി അജയ് ദേവ്ഗണ്‍ ആക്കിയതിനെ കുറിച്ച് നടന്‍
ഫൂല്‍ ഓര്‍ കണ്ഡെ എന്ന സിനിമയിലൂടെയുള്ള നടന്‍ അജയ് ദേവ്ഗണിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം ഇന്നും ആരാധകരുടെ മനസിലുണ്ടാവും. അതിന് മുന്‍പ് ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായിട്ടുള്ള വരവാണ് അജയിയെ വലിയൊരു നടനിലേക്ക് എത്തിച്ചത്. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായകനായി വളര്‍ന്ന അജയിയുടെ ആദ്യ സിനിമ റിലീസിനെത്തിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1991 നവംബര്‍ ഇരുപത്തി രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്യുന്നത്.
രസകരമായ കാര്യം അരേങ്ങറ്റ സിനിമയിലെ കഥാപാത്രത്തിന്റെ പേര് തന്നെ പിന്നീട് താരത്തിന്റെ ഓര്‍ജിനല്‍ പേരായി മാറിയതിനെ കുറിച്ചാണ്. മുന്‍പും താരങ്ങളുടെ പേരുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ പുറത്ത് വന്നിരുന്നു. അജയ് ദേവ്ഗണ്‍ എന്ന പേര് വന്ന കഥയും താരത്തിന്റെ യഥാര്‍ഥ പേരിനെ കുറിച്ചുള്ള കഥകളും ഇപ്പോള്‍ തരംഗമാവുകയാണ്. വിശദമായി വായിക്കാം...

അജയ് ദേവ്ഗണിന്റെ ആദ്യ സിനിമയായ ഫൂല്‍ ഓര്‍ കണ്ഡെ റിലീസിനെത്തി മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. അജയ് നായകനായിട്ടെത്തിയപ്പോള്‍ മധു, അരുണ ഇറാനി, ജയദീപ്, അമരീഷ് പുരി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് വരെ വിശാല്‍ വീരു ദേവ്ഗണ്‍ എന്നാണ് നടന്റെ പേര്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെയാണ് അജയ് ദേവ്ഗണ്‍ എന്ന പേരാക്കി മാറ്റുന്നത്. 2009 ല്‍ തന്റെ അരങ്ങേറ്റ സിനിമയെ കുറിച്ച് നടന്‍ തുറന്ന് സംസാരിച്ചിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഞാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സമയത്ത് മൂന്ന് വിശാല്‍ എന്ന പേരിലുള്ള താരങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ എന്റെ പേര് അജയ് എന്ന് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമ്മില്ലായിരുന്നു. അതുകൊണ്ട് തന്നെ ആളുകളുടെ ഇഷ്ടം ആ പേരിലൂടെ തന്നെ നേടിയെടുക്കാന്‍ എനിക്ക് സാധിച്ചു. എന്റെ പഴയ സുഹൃത്തുക്കളെല്ലാം എന്നെ വി ഡി (VD)എന്നാണ് വിളിക്കുന്നത്. അത് വിചിത്രമായി തോന്നുന്നുവെന്ന് എനിക്ക് അറിയാം. അമ്മയുടെ കൂടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഞാന്‍ കുടുംബ പേരിന്റെ അക്ഷരങ്ങള്‍ മാറ്റിയത്.
ബോളിവുഡില്‍ എത്തിയിട്ട് മുപ്പത് വര്‍ഷമായതിന്റെ സന്തോഷം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ അജയ് പങ്കുവെച്ചിരുന്നു. എന്നെ ഒരു അഭിനേതാവായി കാണുക എന്നത് പിതാവ് വീരു ദേവ്ഗണിന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാനതില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ആ ഘട്ടത്തില്‍ ചിന്തിച്ചിരുന്നില്ല. എനിക്ക് തോന്നിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. താരകുടുംബത്തിന്റെ പദവി ചൂഷണം ചെയ്ത് കൊണ്ട് ആര്‍ക്കും സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. കഠിനാധ്വാനം ചെയ്യുകയും നമ്മുടെ വിധി മുന്നോട്ട് കൊണ്ട് പോവണമെന്ന് പ്രാര്‍ഥിക്കുകയും വേണം. ആദ്യ സിനിമയില്‍ അഭിനയിച്ചതോട് കൂടി എനിക്ക് താരപദവി ലഭിച്ചിരുന്നു.


Click it and Unblock the Notifications











