പിങ്കിന് പകരം മഞ്ഞ നിറം ഉപയോഗിക്കാൻ കാരണമുണ്ട്, സങ്കൽപ്പങ്ങളെ മാറ്റി എഴുതി കോലിയും അനുഷ്കയും
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. താരങ്ങൾ ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരങ്ങൾക്ക് കുഞ്ഞ് ജനിച്ചത്. വിരാട് കോലിയാണ് ഇക്കാര്യം തങ്ങളുടെ ആരാധകരോട് പങ്കുവെച്ചത്. "ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്," എന്നാണ് കോലി ട്വിറ്ററിൽ കുറിച്ചത്. മഞ്ഞ നിറത്തിലുള്ള പശ്ചാത്തലത്തിലാണ് താരം പെൺകുഞ്ഞിന്റെ പിതാവായ വിവരം പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സാധരണ ഗതിയിൽ പെൺകുഞ്ഞുങ്ങളുടെ ജനനം പിങ്ക് നിറത്തിലുള്ള പശ്ചാത്തലത്തിലാണ് പങ്കുവെയ്ക്കുന്നത്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമായി മഞ്ഞ നിറമാണ് താരങ്ങൾ തിരഞ്ഞെടുത്തത്. ഇതിലൂടെ ശക്തമായ സന്ദേശമാണ് താരങ്ങൾ നൽകുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അടുത്തിടെ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ കുഞ്ഞുങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ചും വസ്ത്രത്തിന്റെ കളറിനെ കുറിച്ചും നടി വാചാലയായിരുന്നു. ആൺകുട്ടികൾ നീലയും പെൺകുട്ടികളും പിങ്ക് ധരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.
കുഞ്ഞ് ജനിച്ചതിന് പിന്നാലെ മുംബൈയിലെ ഫോട്ടോഗ്രാഫർമാരോട് അഭ്യർത്ഥനയുമായി താരദമ്പതികൾ രംഗത്തെത്തിയിട്ടുണ്ട്.തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ മകളുടെ ചിത്രങ്ങൾ പകർത്തരുതെന്നുമാണ് താരങ്ങളുടെ അഭ്യർഥന. ഒരു പ്രസ്താവനയും പങ്കുവെച്ചിട്ടുണ്ട്.'' ഹായ്, ഇക്കഴിഞ്ഞ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന നിമിഷങ്ങൾ നിങ്ങളോടൊപ്പം ആഘോഷിക്കാനാവുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്," വിരാടും അനുഷ്കയും പ്രസ്താവനയിൽ പറഞ്ഞു.
വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം, അമ്മയാകാൻ തയ്യാറെടുത്തതോടൊണ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്ന പുതിയ അതിഥി എത്താൻ പോകുന്ന വിവരം താരങ്ങൾ പങ്കുവെച്ചത് . 2017 ഡിസംബർ 11 നായിരുന്നു വിരാട് കോലിയും അനുഷ്ക ശർമ്മയുടെയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു താരവിവാഹം.


Click it and Unblock the Notifications