നീ എന്റെ കൂടെയുണ്ട്! നിന്നെ കാണാനായി സര്‍വ്വശക്തിയും വീണ്ടെടുക്കും,ദില്‍ബേച്ചാര കാണുമെന്ന് റിയ
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാര ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുകയാണ്. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. സുശാന്ത് ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളുമെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മുകേഷ് ചബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം സഞ്ജനയാണ് സുശാന്തിന്റെ നായികയായി എത്തുന്നത്.

ഇവര്‍ക്കൊപ്പം സ്വാസ്തിക മുഖര്‍ജി, ജാവേദ് ജഫ്രി, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരും ദില്‍ ബേച്ചാരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുശാന്തിനോടുളള അദരസൂചകമായി സിനിമാ കാണാനുളള തയ്യാറെടുപ്പുകളിലാണ് പ്രേക്ഷകര്‍. ഇന്ന് വൈകീട്ട് ഏഴരയോടെയാണ് ദില്‍ ബേച്ചാര ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നത്. അതേസമയം സുശാന്ത് ചിത്രത്തിന്റെ റിലീസ് ദിനം കാമുകി റിയ ചക്രബര്‍ത്തിയുടെതായി വന്ന വൈകാരികമായ വാക്കുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
നിന്നെ കാണാനായി ഞാന്‍ സര്‍വ്വശക്തിയും വീണ്ടെടുക്കും എന്നാണ് റിയ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. "നീ എന്റെ ഒപ്പമുണ്ട്. നിന്നെ എനിക്കറിയാം. നിന്നെയും നിന്റെ പ്രണയത്തെയും ഞാന്‍ ആഘോഷമാക്കും. എന്റെ ജീവിതത്തിലെ നായകനാണ് നീ. ഞങ്ങളുടെ ഒപ്പം നീയിരുന്ന് കാണുന്നുണ്ടെന്ന് എനിക്കറിയാം. ദില്‍ബേച്ചാരയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് റിയ ചക്രബര്‍ത്തി കുറിച്ചു. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ റിയയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രണയത്തിലായതിന് പിന്നാലെ സുശാന്തിനൊപ്പമായിരുന്നു റിയ താമസിച്ചിരുന്നത്. പിന്നീട് ഇരുവരും പിണങ്ങിയതിനെ തുടര്‍ന്ന് റിയ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
അതേസമയം സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് സുശാന്ത് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഒമ്പത് ഗാനങ്ങളാണ് സിനിമയ്ക്കായി റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം അതിഥി താരമായിട്ടാണ് സെയ്ഫ് അലി ഖാനും എത്തുന്നത്. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസാണ് സുശാന്തിന്‌റെ ദില്‍ബേച്ചാര നിര്‍മ്മിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമാണ് സുശാന്തിന്റെതായി എറ്റവുമൊടുവിലായി പുറത്തിറങ്ങിയ സിനിമ.
ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് നടന്‍ എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പിന്നാലെ ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്ത് സിംഗ് രജ്പുത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications