മറ്റ് സ്ത്രീകളുമായി ബന്ധം; നിരവധി തവണ ഭർത്താവിന്റെ കള്ളത്തരം പിടിച്ചു; 'അമ്മ അന്നേ എതിർത്ത പ്രണയം'
ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു ഋഷി കപൂറും നീതു കപൂറും. 2020 ഏപ്രിൽ മാസത്തിലാണ് ഋഷി കപൂർ മരിക്കുന്നത്. നീതു കപൂറിനെ ഈ മരണം തളർത്തിയെങ്കിലും പെട്ടെന്ന് തന്നെ കുടുംബത്തെ താങ്ങി നിർത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തു. മകൻ രൺബീർ കപൂറിന്റെ വിവാഹമുൾപ്പെടെ നടന്നത് ഋഷി കപൂറിന്റെ മരണ ശേഷമാണ്. അമ്മ നൽകുന്ന പിന്തുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും രൺബീർ കപൂർ മുമ്പ് സംസാരിച്ചിട്ടുണ്ട്.
1974 ൽ സെഹ്റീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഋഷി കപൂറും നീതു കപൂറും ആദ്യമായി കണ്ടുമുട്ടുന്നത്. ഋഷി കപൂറിന്റെ പെരുമാറ്റ രീതിയിൽ നീതുവിന് ആദ്യം അലോസരം തോന്നിയിരുന്നത്രെ. എന്നാൽ പിന്നീട് ഇരുവരും അടുത്തു. സൗഹൃദത്തിലായ സമയത്ത് ഋഷി കപൂറിന്റെ മറ്റ് പ്രണയങ്ങൾക്ക് ചുക്കാൻ പിടിക്കാനും നീതു കപൂറുണ്ടായിരുന്നു.

ക്രമേണ തന്റെ പ്രണയിനി നീതുവാണെന്ന് ഋഷി കപൂർ മനസ്സിലാക്കി. ഇരുവരും കടുത്ത പ്രണയത്തിലാവുകയും ചെയ്തു. 12 ലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. മകൾ പ്രണയത്തിലായെന്ന് മനസ്സിലാക്കിയ നീതുവിന്റെ അമ്മ രാജി ഈ ബന്ധത്തെ നിശിതമായി എതിർത്തു. ബോളിവുഡിലെ നടൻമാരുടെ ജീവിത രീതിയോട് നീതുവിന്റെ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു.
മകളുടെ പേരിൽ ഗോസിപ്പുകൾ വരുമെന്നും ഇവർ ഭയന്നു. ഇതിന്റെ പേരിൽ അമ്മയിൽ നിന്നും നിരവധി തവണ നീതു കപൂറിന് തല്ലും കിട്ടി. എന്നാൽ നീതു ഈ പ്രണയ ബന്ധം ഉപേക്ഷിച്ചില്ല. മകളുടെ ഇഷ്ടത്തിന് വഴങ്ങിയ അമ്മ പക്ഷെ നീതു, ഋഷി ബന്ധത്തിന് മേൽ എപ്പോഴും ഒരു കണ്ണ് വെച്ചു. ഋഷിക്കൊപ്പം പുറത്തേക്ക് പോവുമ്പോൾ നീതുവിന് കൂടെ ഒരു കസിനെയും അമ്മ അയച്ചു.

കുറച്ച് നാളുകൾക്ക് ശേഷമാണ് മകളുടെ പ്രണയത്തിൽ ഇവർ വിശ്വാസമർപ്പിച്ചത്. ചെറുപ്പ കാലത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടനാണ് ഋഷി കപൂർ. ഒന്നിലേറെ നടിമാരുമായി നടന് പ്രണയവും ഉണ്ടായിട്ടുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് നീതു കപൂർ തന്നെ സംസാരിച്ചിരുന്നു. ഭർത്താവ് മറ്റ് സ്ത്രീകളോട് ഫ്ലേർട്ട് ചെയ്യുന്നത് പല തവണ താൻ കണ്ടു പിടിച്ചിട്ടുണ്ടെന്ന് അന്ന് നീതു കപൂർ പറഞ്ഞു.
അതൊക്കെ വൺ നൈറ്റ് സ്റ്റാൻഡ് ആണെന്ന് എനിക്ക് അറിയാം. രണ്ട് വർഷം മുമ്പേ ഇതേ ചൊല്ലി വഴക്കുണ്ടാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പക്വത വന്നു. എവിടം വരെ പോവുമെന്ന് നോക്കാമെന്ന മനോഭാവമായി. ഞാൻ വഴക്കിടാത്തതായിരുന്നു അദ്ദേഹത്തെ ആശങ്കപ്പെടുത്തിയത്. ഈ ബന്ധത്തിൽ ഞങ്ങൾക്ക് പരസ്പരം ആത്മവിശ്വാസം വന്നു. അദ്ദേഹത്തിന്റെ പ്രഥമ പരിഗണന കുടുംബത്തിനാണെന്ന് എനിക്കറിയാം. പിന്നെ എന്തിന് ആശങ്കപ്പെടണം.
ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ഫാൻസിയാണ്. അദ്ദേഹം എന്നെ ഉപേക്ഷിക്കില്ല. എന്നിൽ അശ്രിതനാണ്. ആണുങ്ങൾക്ക് കുറച്ച് സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. എന്നാൽ ഋഷി കപൂർ ഫ്ലേർട്ടിനപ്പുറം സീരിയസായ പ്രണയ ബന്ധത്തിലായാൽ അദ്ദേഹത്തെ ഒഴിവാക്കുമെന്നും നീതു കപൂർ അന്ന് പറഞ്ഞു.
അച്ഛനെ പോലെ തന്നെ പ്രണയ ഗോസിപ്പുകളിൽ ഇടം പിടിച്ച നടനാണ് രൺബീർ കപൂർ. കത്രീന കൈഫ്, ദീപിക പദുകോൺ തുടങ്ങിയവരുമായുള്ള പ്രണയ ബന്ധം രൺബീറിനെ വാർത്തകളിൽ നിറച്ചിരുന്നു. ഇവർ രണ്ട് പേരുമായും പിരിഞ്ഞ രൺബീർ നടി ആലിയ ഭട്ടിനെയാണ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളും പിറന്നു. കഴിഞ്ഞ വർഷമായിരുന്നു രൺബീർ ആലിയ ഭട്ട് വിവാഹം.


Click it and Unblock the Notifications











