ഋഷി കപൂര്‍ ആശുപത്രിയില്‍! ശ്വാസതടസ്സമുണ്ടെന്ന് സഹോദരന്‍! ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ടുകള്‍
സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയൊരു വിയോഗമായിരുന്നു ഇര്‍ഫാന്‍ ഖാന്റേത്. 53 കാരനായ താരം കഴിഞ്ഞ ദിവസമായിരുന്നു വിടവാങ്ങിയത്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന്വ ചികിത്സയില്‍ കഴിഞ്ഞുുവരുന്നതിനിടയിലായിരുന്നു മരണം. അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാത്തതിനെക്കുറിച്ചായിരുന്നു താരങ്ങളും ആരാധകരുമെല്ലാം പറഞ്ഞത്.ഇതിന് പിന്നാലെയായാണ് ബോളിവുഡിലെ മറ്റൊരു താരം കൂടി ആശുപത്രിയിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മുതിര്‍ന്ന ചലച്ചിത്ര താരമായ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഋഷി കപൂറിന്റെ ഭാര്യ നീതുവും മകന്‍ രണ്‍ബീര്‍ കപൂറും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് സഹോദരനെ ആശുപത്രിയിലാക്കിയതെന്ന് രണ്‍ധീര്‍ കപൂറും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2018ലായിരുന്നു അദ്ദേഹത്തിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തിയത്.

ഡല്‍ഹിയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ അണുബാധയെത്തുടര്‍ന്ന് ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു അത്. തിരികെയെത്തിയ അദ്ദേഹത്തെ വൈറല്‍ പനിയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഋഷി കപൂര്‍. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായാണ് അദ്ദേഹം വിവരിക്കാറുള്ളത്. ഏപ്രില്‍ രണ്ട് മുതല്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമായിരുന്നു. ദ ഇന്റേണ്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദീപിക പദുക്കോണിനൊപ്പമാണ് അഭിനയിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്.
നെറ്റ്ഫ്‌ളിക്‌സിലെ ദ ബോഡി എന്ന വെബ് സീരീസില്‍ ഋഷി കപൂറും അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആശുപത്രിയിലെ വിവരങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് രണ്‍ധീര്‍ കപൂര്‍ സഹോദരന്റെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.


Click it and Unblock the Notifications