രാവണനെ ന്യായീകരിച്ച് സെയ്ഫ് അലിഖാൻ, ഒടുവിൽ മാപ്പ് പറഞ്ഞ് താരം...
രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ബാഹുബലി താരം പ്രഭാസ് രാമനായി എത്തുമ്പോൾ ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ആദിപുരുഷിന്റെ പേരിൽ വിമർശനങ്ങൾ തലപൊക്കുന്നത്. നടൻ സെയ്ഫ് അലിഖാന്റെ പരാമർശമാണ് വിവദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Recommended Video

രാവണനെ മാനുഷികമായ കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇതാണ് ആരാധകരെ ചെടിപ്പിച്ചടിരിക്കുന്നതും.ചിത്രത്തിനെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെയാണ്. ''രാവണനെ മാനുഷികമായ കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ്. ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള സംഗതിയാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെയാണ് മറ്റൊരു കാഴ്ചപ്പാടിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാവണന്റെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്‍മണൻ ഛേദിച്ചതല്ലേയെന്നും സെയ്‍ഫ് അഭിമുഖത്തിൽ ചോദിക്കുന്നു
നടന്റെ ഈ വാക്കുകളാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിൽ നിന്ന് സെയ്ഫിനെ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. #RemoveSaifSaveAdipurush #WakeUpOmraut എന്ന ഹാഷ്ടാഗുകളോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂടാതെ സെയ്ഫിനെ മാറ്റി റാണ, യഷ് തുടങ്ങിയ തെന്നിന്ത്യൻ നടൻമാരെ പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
പ്രശ്നം രൂക്ഷമായതോടെ വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞ് സെയ്ഫ് രംഗത്തെത്തിയിട്ടുണ്ട്. 'ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞാനറിഞ്ഞു. ഇത് ഒരിക്കലും മനഃപൂർവം ചെയ്തതല്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിൻവലിക്കാനും ഞാൻ ആഗ്രഹിക്കുന്നു. രാമൻ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും ധീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥ വികലമാക്കാതെ അവതരിപ്പിക്കാനാണ് മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നും' സെയ്ഫ് പറഞ്ഞു.
2022 ഓഗസ്റ്റ് 11നാണ് ആദിപുരുഷ് റിലീസിനെത്തുക. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തുന്നുണ്ട്.


Click it and Unblock the Notifications