വിവാഹത്തിന് മുന്‍പ് സെയിഫിന്റെ പിതാവിന് നല്‍കിയ നിബന്ധന; അവനെ വളര്‍ത്തിയത് താനല്ലെന്നും ഷാര്‍മിള
സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ വിവാഹിതരാവുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. വീരാട് കോലി-അനുഷ്‌ക ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡെ നടാഷ തുടങ്ങി പുതിയ പല താരദമ്പതിമാരും രണ്ട് മേഖലകളില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ്. ഇവര്‍ക്കൊക്കെ ഏറെ മുന്‍പ് വിവാഹിതരായ നിരവധി താരങ്ങളുടെ പ്രണയകഥയും ഈ ലിസ്റ്റിലുണ്ട്.
ഇതുപോലെ ക്രിക്കറ്റ്-സിനിമ മേഖലയില്‍ നിന്നും വിവാഹിതരായ മന്‍സൂര്‍ അലി ഖാനും ഭാര്യ ഷാര്‍മിള ടാഗോറും ഇന്ത്യയിലെ മുതിര്‍ന്ന താരദമ്പതിമാരാണ്. നടന്‍ സെയിഫ് അലി ഖാന്റെ മാതാപിതാക്കളാണ് ഇരുവരുമെന്നത് മറ്റൊരു കാര്യം. ഇപ്പോഴിതാ മന്‍സൂറും ഷാര്‍മിളയും തമ്മില്‍ പ്രണയം ഉടലെടുത്തതിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായിരുന്നു മന്‍സൂര്‍ അലി ഖാന്‍. അന്ന് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന നടിയായിരുന്നു ഷാര്‍മിള. ഇരുവരും തമ്മിലുള്ള സ്വഭാവം വിപരീത ദിശകളിലായിരുന്നു. പക്ഷെ സംഭവിക്കാനിരിക്കുന്നത് എന്താണോ അത് തന്നെ നടക്കുമെന്നാണ് ഇരുവരും പറയുന്നത്. 1965 ല്‍ ഇരുവരും ആദ്യമായി കണ്ട സമയത്ത് തന്നെ പരസ്പരം ഒരു ആകര്‍ഷണം ഇവര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ 1969 ല്‍ ഇരുവരും വിവാഹിതരായി.

അക്കാലത്ത് രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിവാഹങ്ങളിലൊന്ന് ഇരുവരുടേതുമായിരുന്നു. മന്‍സൂറിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ചില നിബന്ധനകള്‍ ഷാര്‍മിള മുന്നോട്ട് വെച്ചിരുന്നു. ക്രിക്കറ്റ് മത്സരത്തില്‍ മൂന്ന് സിക്‌സ് ഒന്നിച്ചെടുക്കണമെന്നായിരുന്നു ഇതിഹാസ ക്രിക്കറ്റ് താരമായ മന്‍സൂറിനോട് ഷാര്‍മിള ആവശ്യപ്പെട്ടത്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച ഇരുവരും സന്തുഷ്ടരായി ജീവിച്ചു. സെയിഫ് അലി ഖാന്‍, സോഹ അലി ഖാന്‍, സബ അലി ഖാന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്.

സെയിഫ് വളര്‍ന്ന് വന്ന കാലത്ത് താന്‍ അവിടെ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഷാര്‍മിള പറഞ്ഞിരുന്നു. സെയിഫിന്റെ രണ്ടാമത്തെ അമ്മയാണ് അവനെ വളര്‍ത്തുന്ന കാര്യത്തില്‍ ഏറെ സഹായിച്ചത്. സോഹയ്ക്കും സബയ്ക്കുമൊപ്പം ഉണ്ടായിരുന്ന അത്രയും പോലും സെയിഫിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഞാന്‍ ഇല്ലായിരുന്നു. മകന്‍ വളര്‍ന്ന് വരുന്ന സമയത്ത് ഞാന്‍ വളരെ തിരക്കിലായിരുന്നു. അന്നെനിക്ക് ഡബിള്‍ ഷിഫ്റ്റായിട്ടാണ് ജോലികള്‍ ഉണ്ടായിരുന്നത്.

എന്റെ ഭര്‍ത്താവും അയല്‍ക്കാരി സുനിത ഗോസ്വാമിയുമായിരുന്നു അക്കാലത്ത് ഏറെയും സഹായങ്ങള്‍ ചെയ്ത് തന്നിരുന്നത്. സെയിഫിനെ പഠിപ്പിച്ചതൊക്കെ അവരാണ്. അതുകൊണ്ട് തന്നെ സെയിഫിന്റെ രണ്ടാമത്തെ അമ്മ എന്ന് അവരെ വിശേഷിപ്പിക്കാനുള്ള കാരണവും അതാണ്. സുനിതയും അവരുടെ ഭര്‍ത്താവും സെയിഫിനെ നന്നായി നോക്കിയിരുന്നു. അവന്റെ വിജയങ്ങളിലെല്ലാം ഞാന്‍ കൂടെ ഉണ്ടായിരുന്നുവെങ്കിലും പ്രതിദിനമുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ ഒപ്പമില്ലായിരുന്നു എന്നും ഷാര്‍മിള പറയുന്നു.


Click it and Unblock the Notifications