'മത്സരാർത്ഥികളെ കുറ്റപ്പെടുത്തും മുമ്പ് നിങ്ങൾ നന്നാവൂ'; കയ്യിൽ എരിയുന്ന സിഗരറ്റുമായി ബിഗ് ബോസിൽ സൽമാൻ ഖാൻ!
വധഭീഷണി മൂലം കനത്ത സുരക്ഷയാണ് ബോളിവുഡ് താരം സൽമാൻ ഖാന് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാൻ എപ്പോഴും എന്തെങ്കിലും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. അദ്ദേഹം ഇപ്പോഴിതാ വീണ്ടും ഒരു വിവാദത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഒരേസമയം സിനിമയിലും ടെലിവിഷനിലും സൽമാൻ ഖാൻ സജീവമാണ്.
ഓടി നടന്ന് സമയം കണ്ടെത്തിയാണ് ബിഗ് ബോസ് ഷോയും സൽമാൻ ഖാൻ ചെയ്യുന്നത്. സല്ലുഭായ് അവതാരകനാണ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ബിഗ് ബോസ് ഷോ കാണുന്നവരും നിരവധിയാണ്.
അടുത്തിടെയാണ് ഒടിടി പ്ലാറ്റ്ഫോമിൽ ബിഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ആദ്യ ദിവസം മുതൽ ബിഗ് ബോസ് ഒടിടി വാർത്തകളിൽ നിറയുന്നുണ്ട്. ഇതുവരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മത്സരാർത്ഥികളായ ആകാന്‍ക്ഷ പുരിയും ജദ് ഹദീദും തമ്മിലുള്ള ലിപ് ലോക്കായിരുന്നു. ഇതിന് പിന്നാലെ ഷോയുടെ അവതാരകൻ സൽമാൻ ഖാനും വിമർശനം നേരിടുകയാണ്.

വീക്കെൻഡ് എപ്പിസോഡ് ആങ്കർ ചെയ്യാനെത്തിയ സൽമാൻ കയ്യിൽ എരിയുന്ന സിഗരറ്റുമായാണ് വേദിയിൽ നിന്നത്. ഇതോടെ ജൂലൈ എട്ടിന് സംപ്രേഷണം ചെയ്ത വീക്കെൻഡ് എപ്പിസോഡ് വൈറലായി. ലിപ് ലോക്ക് ചെയ്തതിന് ആകാന്‍ക്ഷ പുരിയേയും ജദ് ഹദീദിനെയും രൂക്ഷമായി വിമർശിക്കുന്ന സമയത്തും സൽമാന്റെ കയ്യിൽ സിഗരറ്റുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇതോടെ സൽമാന് എതിരെ പ്രേക്ഷകർ തിരിഞ്ഞു. മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സൂപ്പർ സ്റ്റാർ സ്വയം ശ്രദ്ധിക്കണമെന്നതടക്കമുള്ള കമന്റുകളാണ് നടന് എതിരെ സോഷ്യൽമീഡിയയിൽ വന്നത്.
നിങ്ങളൊരു ഹിപ്പോക്രാറ്റ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാം... എന്നാല്‍ മറ്റുള്ളവരോട് പ്രസംഗിക്കുമ്പോള്‍ എങ്കിലും മര്യാദയ്ക്ക് നില്‍ക്കൂ എന്നാണ് മറ്റൊരാൾ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തെറ്റായ കാര്യങ്ങൾ ചെയ്യും... എന്നിട്ട് മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കും എന്നും താരത്തെ കുറ്റപ്പെടുത്തി കമന്റുകൾ വന്നു. അതേസമയം ഒരു വിഭാഗം നടനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഇതൊരു ഒടിടി ഷോ ആണെന്നും ചാനലുകളില്‍ വരുന്നില്ലെന്നും അതിനാല്‍ എന്തും ചെയ്യാമെന്നുമാണ് സല്‍മാനെ പിന്തുണച്ച് വന്ന കമന്റുകള്‍. ഓൺ-സ്‌ക്രീനിൽ ചുംബിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അതുകൊണ്ട് തന്നെ ആകാന്‍ക്ഷ പുരി-ജദ് ഹദീദ് ലിപ് ലോക്കിനെ സൽമാൻ ഖാൻ രൂക്ഷമായി വിമർശിച്ച് പ്രേക്ഷകരോട് ക്ഷമ ചോദിച്ചിരുന്നു.

'നിങ്ങൾ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ല ഇവിടെ. നിങ്ങളോട് ആരും അത് ചെയ്യാൻ ആവശ്യപ്പെട്ടില്ല. ഇത് തിരക്കഥയല്ല. ഇത് ചില ആളുകൾക്ക് ഓകെ ആയിരിക്കാം. പക്ഷെ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടും. ഈ രാജ്യം യാഥാസ്ഥിതികമാണ്.'
'പക്ഷെ ഈ രാജ്യം നമ്മളോട് ഒരുപാട് ക്ഷമിച്ചു', എന്നാണ് ആകാന്‍ക്ഷയ്ക്കും ജദ് ഹദീദിനും താക്കീത് നൽകി സൽമാൻ ഖാൻ പറഞ്ഞത്. തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications