കാമുകിയോടുള്ള സ്നേഹം കൊണ്ട് ചെയ്തതാണ്; പക്ഷെ അവൾ നായകനൊപ്പം പോയി; സൽമാന് പരിഹാസം
ബോളിവുഡിലെ സൂപ്പർസ്റ്റാറാണ് സൽമാൻ ഖാൻ. ബി ടൗണിൽ സൽമാനുള്ള ആരാധകവൃന്ദം പലപ്പോഴും കൗതുകമാണ്. തുടരെ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും സൽമാന്റെ ജനപിന്തുണയിൽ കുറവൊന്നും വന്നില്ല. സൽമാൻ ഖാൻ ചിത്രങ്ങൾ ബോക്സ് ഓഫീസിലുണ്ടാക്കുന്ന തരംഗവും ചെറുതല്ല. പണംവാരി ചിത്രങ്ങളുടെ അമരക്കാരനാണ് അന്നും ഇന്നും സൽമാൻ. അതേസമയം ഒടുവിൽ പുറത്തിറങ്ങിയ കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സൽമാന്റെ സിനിമകളിൽ പ്രത്യേകിച്ച് പുതുമയൊന്നും ഇല്ലാതായിട്ട് നാളുകളായെന്ന് നിരൂപകരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടൻ എന്നതിനപ്പുറം സൽമാൻ ആരാധകരുടെ ആവേശമാണ്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറത്താണ് നടന്റെ ജനപ്രീതി. 57ാം വയസ്സിലും സൽമാൻ അവിവാഹിതനാണ്. സൽമാനെതിരെ മുൻ കാമുകിമാർ പരസ്യമായി ആക്ഷേപങ്ങൾ ഉന്നയിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ഐശ്വര്യ റായുമായുളള പ്രണയത്തകർച്ചയാണ് ഇതിലേറെ വാർത്താ പ്രാധാന്യം നേടിയത്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് ഐശ്വര്യ തുറന്നടിച്ചു. ലോകമൊട്ടുക്കും അറിയപ്പെടുന്ന ഐശ്വര്യയെ പോലൊരു താരത്തിന്റെ പരസ്യ പ്രസ്താവനകൾ സൽമാന്റെ പ്രതിച്ഛായയിലുണ്ടാക്കിയ കോട്ടം ചെറുതല്ല. ഇരുവർക്കുമിടയിലുണ്ടായ പ്രശ്നം വർഷങ്ങൾക്കിപ്പുറവും ബോളിവുഡിൽ ചർച്ചാവാറുണ്ട്.
നടി കത്രീന കൈഫുമായുള്ള പ്രണയമാണ് സൽമാനെ പിന്നീട് ഗോസിപ്പ് കോളങ്ങളിൽ നിറച്ചത്. തുടക്കകാലത്ത് സൽമാന്റെ സഹായത്തോടെയാണ് കത്രീന കരിയറിൽ സ്ഥാനമുറപ്പിക്കുന്നത്. കത്രീനയെ സൽമാൻ വളരെയധികം സ്നേഹിച്ചു. എന്നാൽ രൺബീർ കപൂറുമായി പ്രണയത്തിലായതോടെ കത്രീന സൽമാനിൽ നിന്നും അകന്നു. എന്നാൽ ഇവരുടെ സൗഹൃദം അവസാനിച്ചില്ല. ഇന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഐശ്വര്യ സൽമാനുമായി സൗഹൃദം വെച്ചില്ലെന്ന് മാത്രമല്ല, പൊതുവേദികളിൽ സൽമാനെ കണ്ടുമുട്ടാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാറുമുണ്ട്.
സൽമാനുമായി അകന്ന ശേഷം കത്രീനയും ഐശ്വര്യയും തങ്ങളുടെ പുതിയ ജീവിതം കെട്ടിപ്പടുത്തു. നടൻ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. ഇരുവർക്കും ആരാധ്യ എന്ന മകളും പിറന്നു. രൺബീറുമായി പിരിഞ്ഞ കത്രീന നടൻ വിക്കി കൗശലിനെ വിവാഹം ചെയ്തു. ഇരുവരും സന്തോഷകരമായി ജീവിക്കുന്നു.

എന്നാൽ സൽമാൻ ഇന്നും സിംഗിളാണ്. തന്റെ വിവാഹപ്രായം കഴിഞ്ഞെന്ന് നടൻ അടുത്തിടെ പറയുകയുമുണ്ടായി. സൽമാന്റെ പ്രണയത്തകർച്ചകളെക്കുറിച്ച് രസകരമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. നടൻ അതിഥി വേഷം ചെയ്ത ചില സിനിമകൾ വെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അതിഥി വേഷം ചെയ്ത സിനിമകളിലെ നായകൻമാർ സൽമാന്റെ കാമുകിമാരെ വലയിലാക്കി എന്നാണ് വീഡിയോയിൽ ട്രോളുന്നത്.
'അജബ് പ്രേം കി ഗസബ് കഹാനി' എന്ന സിനിമയാണ് ഇതിലൊന്ന്. രൺബീർ കപൂറും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ സൽമാൻ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് കത്രീനയും സൽമാനും പ്രണയത്തിലാണ്. എന്നാൽ പിന്നീട് സിനിമയിൽ കാണിച്ചത് പോലെ യഥാർത്ഥ ജീവിതത്തിലും രൺബീറും കത്രീനയും പ്രണയത്തിലായി.
സമാനമായി ഐശ്വര്യ റായുടെ 'ധായ് അക്ഷർ പ്രേം കേ' എന്ന സിനിമയിലും സൽമാൻ അതിഥിവേഷം ചെയ്തു. ഈ സിനിമയിൽ നായകനാവട്ടെ അഭിഷേക് ബച്ചനും. സൽമാനും ഐശ്വര്യയും കടുത്ത പ്രണയത്തിലായിരിക്കെയാണ് നടിയുടെ സിനിമയിൽ അതിഥിവേഷം ചെയ്യാൻ സൽമാൻ തയ്യാറാവുന്നത്. സിനിമയിൽ അഭിഷേകിന്റെ കഥപാത്രത്തെ സൽമാന്റെ കഥാപാത്രം ഐശ്വര്യക്ക് മുന്നിലെത്തിക്കുന്ന ഒരു സീനുമുണ്ട്.


Click it and Unblock the Notifications











