മുൻ കാമുകൻ വരുന്നത് മുൻകൂട്ടിയറിഞ്ഞു; ഒറ്റയ്ക്ക് വന്ന ഐശ്വര്യ പെട്ടെന്ന് മടങ്ങി; പാർട്ടിക്കിടെ സംഭവിച്ചത്
സൗന്ദര്യത്തിന്റെ അവസാന വാക്കായി അറിയപ്പെടുന്ന ഐശ്വര്യ റായ്ക്ക് കഴിഞ്ഞ ദിവസമാണ് 50 വയസ് പൂർത്തിയായത്. അമ്മയ്ക്കും മകൾക്കുമൊപ്പം താരം പിറന്നാൾ ദിനം ആഘോഷിക്കുകയും ചെയ്തു. പിറന്നാൾ ആഘോഷത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോ ഇദ്ദേഹത്തിന്റെ കുടുംബമോ പങ്കെടുക്കാതിരുന്നത് അഭ്യൂഹങ്ങൾക്ക് വഴി വെച്ചു. ഐശ്വര്യയും ഭർത്താവിന്റെ കുടുംബവും സ്വര ചേർച്ചയിൽ അല്ലെന്ന് നാളുകളായി ബി ടൗണിൽ സംസാരമുണ്ട്. ഒരു വീട്ടിൽ കഴിയുന്നവരാണെങ്കിലും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ അകലം പാലിക്കുന്നു എന്നത് പ്രകടമാണ്.
പൊതുവേദികളിലൊന്നും ഐശ്വര്യ അഭിഷേകിന്റെ വീട്ടുകാരെക്കുറിച്ച് സംസാരിക്കാറില്ല. ഒരുമിച്ചുള്ള ഫോട്ടോകളും പങ്കുവെക്കാറില്ല. അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഫോട്ടോയിൽ നിന്നും ജയ ബച്ചന്റെയും നാത്തൂൻ ശ്വേത ബച്ചന്റെ മക്കളുടെയും മുഖം നടി ക്രോപ് ചെയ്ത് നീക്കുകയും ചെയ്തു. ഭർത്താവുമായും ഐശ്വര്യക്ക് പ്രശ്നമുണ്ടോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്. പിറന്നാൾ ദിനത്തിന് പുറമെ ഐശ്വര്യ കഴിഞ്ഞ ദിവസം പങ്കെടുത്ത ഇവന്റിലും അഭിഷേക് ഒപ്പമെത്തിയില്ല. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര വെച്ച ദീപാവലി പാർട്ടിയിൽ ഐശ്വര്യ ഒറ്റയ്ക്കാണ് എത്തിയത്.

പൊതുവെ മകൾ ഒപ്പമുണ്ടാകാറുണ്ടായിരുന്നെങ്കിലും ഇത്തവണ മകളെയും ഐശ്വര്യക്കൊപ്പം കണ്ടില്ല. പാർട്ടിയിൽ പങ്കെടുത്ത ഐശ്വര്യ കുറച്ച് സമയത്തിനുള്ളിൽ മടങ്ങുകയും ചെയ്തു. ഐശ്വര്യ പെട്ടെന്ന് മടങ്ങിയതിന് കാരണമെന്തെന്ന് തിരയുകയാണ് ബി ടൗൺ മാധ്യമങ്ങൾ. മുൻ കാമുകൻ സൽമാൻ ഖാൻ വരുന്നതറിഞ്ഞാണ് ഐശ്വര്യ മടങ്ങിയതെന്ന് അഭ്യൂഹമുണ്ട്. ഐശ്വര്യ മടങ്ങി മിനിട്ടുകൾക്കുള്ളിലാണ് സൽമാൻ ഖാൻ പാർട്ടിക്ക് എത്തുന്നത്.
സൽമാനുമായുള്ള കണ്ടുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണോ ഐശ്വര്യ റായ് പെട്ടെന്ന് പോയതെന്ന ചോദ്യം വന്നു. അതേസമയം പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യ നേരത്തെ പോയതിന് കാരണം മറ്റൊന്നാണ്. ഒറ്റയ്ക്കാണ് ഐശ്വര്യ റായ്
വന്നത്. മനീഷ് മൽഹോത്ര നടിയുടെ അടുത്ത സുഹൃത്താണ്. സുഹൃത്തിന്റെ പാർട്ടിയായതിനാൽ തന്റെ സാന്നിധ്യം അറിയിച്ച് പെട്ടെന്ന് മടങ്ങാൻ ഐശ്വര്യ തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം.

അതേസമയം സൽമാനുമായി നേർക്ക് നേർ കണ്ടുമുട്ടുന്ന അവസരങ്ങൾ ഐശ്വര്യ റായ് ഒഴിവാക്കാറാണ് പതിവ്. വർഷങ്ങൾക്കിപ്പുറവും ഇരുവരും തമ്മിൽ സംസാരിക്കാറില്ല. കോളിളക്കം സൃഷ്ടിച്ച പ്രണയവും വേർപിരിയലുമായതിനാൽ വീണ്ടും അനാവശ്യ ചർച്ചകൾ വരുന്നത് ഒഴിവാക്കുന്നതിനാണ് ഐശ്വര്യ പൊതുവേദികളിൽ സൽമാനെ അവഗണിക്കുന്നത്. 1997 ലാണ് ഐശ്വര്യ റായും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അടുപ്പം തുടങ്ങുന്നത്.
ഒരു ഘട്ടത്തിൽ ഇരുവർക്കും ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. സൽമാൻ തനിക്ക് ശല്യമായി തുടങ്ങിയ ഘട്ടത്തിലാണ് ഐശ്വര്യ ബന്ധം ഉപേക്ഷിച്ചത്. ശാരീരികമായും മാനസികവുമായുള്ള ഉപദ്രവം സൽമാന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ഐശ്വര്യ തുറന്നടിക്കുകയും ചെയ്തു. പരാമർശം വലിയ തോതിൽ ചർച്ചയായി. ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ സൽമാൻ ഖാൻ നിഷേധിക്കുകയാണുണ്ടായത്.
സൽമാൻ പിന്നീട് മറ്റ് പ്രണയ ബന്ധങ്ങളിലേക്ക് കടന്നെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടു. 57 കാരനായ നടൻ ഇന്നും അവിവാഹിതനായി തുടരുന്നു. മറുവശത്ത് ഐശ്വര്യ അഭിഷേക് ബച്ചനുമായി അടുത്തു. 2007 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.


Click it and Unblock the Notifications