'എന്റെ അമ്മ നിങ്ങളുടെ വലിയ ആരാധികയാണ്...'; സൽമാൻ ഖാന്റെ അമ്മയുടെ ഹൃദയം കവർന്ന സീരിയൽ താരം സനയ്യ ഇറാനി
ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചലറാണ് സൽമാൻ ഖാൻ. അമ്പത്തിയെട്ടുകാരനായ നടന്റെ വിവാഹം സിനിമയെ സ്നേഹിക്കുന്നവരുടെയെല്ലാം സ്വപ്നമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരമൂല്യമുള്ള നടനാണെങ്കിലും തനിക്ക് ഇണങ്ങിയ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തിൽ സൽമാൻ പരാജയപ്പെട്ടു. സൽമാൻ ഖാൻ്റെ പ്രണയജീവിതം എല്ലായ്‌പ്പോഴും ഒരു ഹോട്ട് ടോപ്പിക്കാണ്.
ഈ പ്രായത്തിനിടയിൽ നടൻ പലതവണ പ്രണയത്തിലായിട്ടുണ്ട്. സൽമാൻ ഖാന്റെ കാമുകിമാരുടെ ലിസ്റ്റിൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെയുണ്ട്. ചില പ്രണയങ്ങൾ വിവാഹത്തിന്റെ പടിവാതിക്കൽ വരെ എത്തി മുടങ്ങിപ്പോയതുമാണ്. ഐശ്വര്യ റായിയുമായുള്ള സൽമാന്റെ പ്രണയം ഒരു കാലത്ത് ബോളിവുഡിൽ വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു.

സൽമാന്റെ പീഡനം സഹിക്കാൻ വയ്യാതെയാണ് ഐശ്വര്യ ആ ബന്ധം അവസാനിപ്പിച്ചതത്രെ. ആ ബന്ധം അവസാനിപ്പിച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടുവെങ്കിലും അറിയാതെ പോലും സൽമാൻ ഖാൻ എന്ന പേര് ഉച്ചരിക്കാൻ പോലും ഐശ്വര്യയ്ക്ക് ഇഷ്ടമല്ല. അത്തരം സാഹചര്യങ്ങൾ നടി പരമാവധി ഒഴിവാക്കും. ഐശ്വര്യ സൽമാനിൽ നിന്നും പിരിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് അഭിഷേകുമായി പ്രണയത്തിലായി വിവാഹിതയായത്.
ഇരുവർക്കും ഇന്ന് ആരാധ്യയെന്നൊരു മകളുണ്ട്. സൽമാൻ സിനിമയിൽ നിന്നുള്ളതും അല്ലാത്തതുമായ നിരവധി സ്ത്രീകളുമായി പ്രണയത്തിലായിട്ടുണ്ടെങ്കിലും സൽമാന്റെ അമ്മയുടെ ഹൃദയം കവർന്നത് സീരിയൽ താരമായ ഒരു പെൺകുട്ടിയാണ്. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്.
ഇസ് പ്യാർ കോ ക്യാ നാം ദൂൺ എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ സനയ്യ ഇറാനിയാണ് ആ സീരിയൽ താരം. സനയ്യ ഇറാനിയുടെ കടുത്ത ആരാധികയാണ് തന്റെ അമ്മയെന്ന് സനയ്യയുടെ മുമ്പിൽ വെച്ചാണ് ഒരിക്കൽ സൽമാൻ ഖാൻ വെളിപ്പെടുത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഏഴിൽ സനയ്യ അതിഥിയായി ഒരു എപ്പിസോഡിൽ എത്തിയിരുന്നു. രംഗ്രാസിയ എന്ന തങ്ങളുടെ ഷോയുടെ പ്രമോഷനായി നടൻ ആശിഷ് ശർമയ്ക്കൊപ്പമാണ് സനയ്യ എത്തിയത്.
സീരിയലിൽ അഭിനയിച്ചിട്ടുണ്ടല്ലേയെന്ന് സനയ്യയോട് ചോദിച്ചുകൊണ്ടാണ് സൽമാൻ ഖാൻ സംസാരിച്ച് തുടങ്ങിയത്. ഉണ്ടെന്ന് സനയ്യയുടെ മറുപടി വന്നു. ഉടൻ നാണം നിറഞ്ഞ ചിരിയോടെയാണ് അമ്മയ്ക്ക് പ്രിയപ്പെട്ട നടിയാണ് സനയ്യയെന്ന് സൽമാൻ പറഞ്ഞത്. ഞങ്ങളുടെ വീട്ടിൽ അമ്മ എപ്പോഴും കാണാറുള്ളത് സനയ്യ അഭിനയിച്ച പരമ്പരയാണ്.

എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ്. താങ്കളുടെ കടുത്ത ആരാധികയാണ് അമ്മ എന്നാണ് നടൻ പറഞ്ഞത്. സൽമാൻ ഖാന്റെ നാണം നിറഞ്ഞ മുഖഭാവവും ചിരിയും സദസിലും വേദിയിലും ഒരുപോലെ ചിരി പടർത്തി. ഇസ് പ്യാർ കോ ക്യാ നാം ദൂൺ എന്ന സീരിയലിൽ ഖുഷി കുമാരി ഗുപ്ത എന്ന കുറുമ്പിയായ മരുമകളുടെ വേഷമാണ് സനയ്യ ചെയ്തത്.
ബോളിവുഡിൽ മാത്രമല്ല ഇസ് പ്യാർ കോ ക്യാ നാം ദൂണിലൂടെ കേരളത്തിൽ വരെ സനയ്യ ആരാധകരെ സമ്പാദിച്ചിരുന്നു. ബിഗ് ബോസ് ഹിന്ദിയുടെ 18-ാം സീസണിന്റെ സംപ്രേഷണം അടുത്തിടെയാണ് ആരംഭിച്ചത്. പതിവലുപോലെ സൽമാൻ ഖാൻ തന്നെയാണ് അവതാരകൻ.


Click it and Unblock the Notifications