വൈറല്‍ ഗായികയ്ക്ക് സല്‍മാന്‍ ഖാന്‍ വീട് നല്‍കിയില്ല! വാര്‍ത്തകള്‍ നിഷേധിച്ച് റാണാഘട്ട് ക്ലബ് അംഗം
സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയയായ താരമാണ് രാണു മണ്ഡല്‍. ലതാ മങ്കേഷ്‌കറിന്‌റെ ഏക് പ്യാര്‍ കാ നഗ്മാ എന്ന ഗാനം പാടിയതിലൂടെയാണ് രാണു ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയയുടെ ചിത്രത്തില്‍ പാടാനുളള അവസരവും ഗായികയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇവര്‍ക്ക് 55 ലക്ഷം രൂപ വിലവരുന്ന വീട് സമ്മാനമായി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നു.

വീടിനൊപ്പം തന്നെ തന്റെ എറ്റവും പുതിയ ചിത്രമായ ദബാംഗ് 3യില്‍ പാടാനുളള അവസരവും രാണുവിന് സല്‍മാന്‍ ഖാന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാണാഘട്ടിലെ ക്ലബ് അംഗം. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ റാണു മണ്ഡലിന് സല്‍മാന്‍ ഖാന്‍ ഫ്‌ളാറ്റ് കൊടുത്തെന്ന വാര്‍ത്ത തെറ്റാണെന്ന് ക്ലബ് അംഗം വിക്കി വിശ്വാസ് പറയുന്നു.
ക്ലബ് അംഗങ്ങളില്‍ ഒരാളാണ് റാണു പാടുന്നത് ആദ്യമായി ഷുട്ട് ചെയ്തിരുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ വീട് നല്‍കിയെന്ന് ഞങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇയാള്‍ പറഞ്ഞു. അവര്‍ 15 ലക്ഷത്തിന്റെ കാറ് വാങ്ങി, അവരെ ബിഗ് ബോസിലേക്ക് വിളിച്ചു. പാട്ട് റെക്കോര്‍ഡ് ചെയ്തതിന് ഹിമേഷ് രേഷ്മിയ 50 ലക്ഷം രൂപ കൊടുത്തു എന്നീ റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്നും വിക്കി വിശ്വാസ് പറഞ്ഞു.
സോണി ടിവിയുടെ റിയാലിറ്റി ഷോ ആയ സൂപ്പര്‍ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതിനുളള പണം മാത്രമാണ് ഇതുവരെയായി രാണു മണ്ഡലിന് ലഭിച്ചിട്ടുളള പ്രതിഫലമെന്നും അറിയുന്നു.


Click it and Unblock the Notifications