സല്‍മാന്‍ ഖാന്റെ പിതാവുമായി പ്രണയത്തിലായതിനെ കുറിച്ച് ഹെലന്‍; തുടക്കത്തിൽ കുറ്റബോധം തോന്നിയെന്ന് നടി
ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള ബോളിവുഡ് താരസുന്ദരിമാരെ പ്രണയിച്ച സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ഒരു കാലത്ത് ഇന്ത്യന്‍ യുവത ഏറ്റവും കൂടുതല്‍ മാതൃകയാക്കിയതും സല്‍മാന്‍ ഖാന്റെ ജീവിതശൈലികളായിരുന്നു. എന്നാല്‍ ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് താരം. ലോക്ഡൗണ്‍ കാലത്ത് കാമുകി ലുലിയ വാന്ററിനൊപ്പം ഒരു ഫാം ഹൗസിലാണ് സല്‍മാന്‍ താമസിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സല്‍മാന്‍ വിവാഹിതനല്ലെങ്കിലും അദ്ദേഹത്തിന്റെ പിതാവ് രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. സുശീല ചരക്ക് എന്ന സല്‍മ ഖാനെ ആയിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിലാണ് നാല് മക്കള്‍ ഉള്ളത്. പിന്നീട് നടി ഹെലന്‍ റിച്ചാര്‍ഡ്‌സണുമായി സലീം ഖാന്‍ വിവാഹിതനായി. ഇരുവരും ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ഇപ്പോഴിതാ സലീം ഖാനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന ഹെലന്റെ വാക്കുകള്‍ വൈറലാവുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം തുറന്ന് സംസാരിക്കുന്ന പ്രമുഖ നടിമാരില്‍ ഒരാളാണ് ഹെലന്‍ റിച്ചാര്‍ഡ്‌സണ്‍. ഈ തുറന്ന് പറച്ചിലുകളിലൂടെ തന്നെ ഒരുപാട് സിനിമാപ്രേമികളുടെ പ്രീതിയ്ക്ക് പാത്രമാകാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. 700 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹെലന് 2009 ല്‍ പത്മശ്രീ അവാര്‍ഡും ലഭിച്ചു. അഭിനയത്തിലും നൃത്തതിലും കഴിവ് തെളിയിച്ചിട്ടുണ്ടെന്നതിന് പുറമേ വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തിലും ഹെലന്‍ മികവ് പുലര്‍ത്താറുണ്ട്. ഇന്ന് വരെ നടിയുടെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ജിജ്ഞാസയോടെയാണ് ആരാധകര്‍ കേട്ടിട്ടുള്ളത്.

ഇന്ത്യയിലെ മുതിര്‍ന്ന തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സലീം ഖാനെ ഹെലന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന് ആദ്യ ഭാര്യ സല്‍മ ഖാന്‍ ഒപ്പം ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സോഹെല്‍ ഖാന്‍ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും അല്‍വിറ ഖാന്‍ എന്ന മകളും സല്‍മയില്‍ സലീമിന് ഉണ്ടായിരുന്നു. വ്യക്തി ജീവിതത്തെ കുറിച്ച് സലീം ഖാനോ ഹെലനോ ഇപ്പോള്‍ കാര്യമായി ഒന്നും പറയാറില്ലെങ്കിലും ഇതെല്ലാം തുറന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. അത്തരത്തില്‍ പഴയൊരു അഭിമുഖത്തില്‍ സലീമുമായി ഉണ്ടായ പ്രണയത്തിന്റെ കാരണം എന്താണെന്ന് നടി പറഞ്ഞിട്ടുണ്ട്.

സലീം ഖാന്‍ ഒന്ന് വിവാഹിതന്‍ ആണെന്നുള്ളത് തന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ കുറ്റബോധം തോന്നിയിരുന്നു. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനുമായ വ്യക്തിയോട് അടുപ്പം തോന്നാനുള്ള കാരണത്തെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. സിനിമാ മേഖലയിലുള്ള മറ്റുള്ളവരില്‍ നിന്നും സലീമിനെ വേറിട്ട് നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നെ ഒരിക്കല്‍ പോലും ചൂഷണം ചെയ്യാതെ പലവിധത്തിലും സഹായിച്ച വ്യക്തിയായിരുന്നു സലീം. അദ്ദേഹത്തെ ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്നുവെന്നും ഹെലന്‍ പറയുന്നു.

നാല് മക്കളുടെ പിതാവായ തനിക്ക് രണ്ടാമതും വിവാഹം കഴിക്കുന്നതിനെ കുറിച്ച് കുറേ സമയമെടുത്ത് ആലോചിക്കേണ്ടി വന്നിരുന്നുവെന്ന് പഴയൊരു അഭിമുഖത്തില്‍ സലീം ഖാനും പറഞ്ഞിട്ടുണ്ട്. ഹെലനെ പോലൊരു നടിയെ വിവാഹം കഴിച്ചെങ്കിലും ഇപ്പോള്‍ ഖാന്‍ കുടുംബം സന്തുഷ്ടരായി കഴിയുകയാണ്. സല്‍മാന്‍ ഖാന്‍ ഏറെ ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ രണ്ടാനമ്മയായ ഹെലനാണ്. ഇരുവരും ഒന്നിച്ച് പല പ്രമുഖ പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു. സല്‍മാന്‍ ഖാന്റെ ജന്മദിനത്തിലാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷം നടക്കാറുള്ളത്.


Click it and Unblock the Notifications











