ദൈവ തുല്യരായി കാണുന്ന കൃഷ്ണ മൃഗം, മറക്കാത്ത പക; സൽമാൻ അതീവ സുരക്ഷയിൽ; നടുങ്ങി ബോളിവുഡ്
എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകം മുംബെെയെ പിടിച്ച് കുലുക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബോളിവുഡിനെ. ബി ടൗണിലെ പ്രമുഖ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് ബാബ സിദ്ദിഖ്. ഇദ്ദേഹമൊരുക്കുന്ന ഇഫ്താർ വിരുന്നിലും പാർട്ടികളിലും ബി ടൗണിലെ ഒട്ടുമിക്ക മുൻനിര താരങ്ങളും എത്താറുണ്ടായിരുന്നു. പ്രത്യേകിച്ചും സൂപ്പർസ്റ്റർ സൽമാൻ ഖാന്റെ അടുത്ത സുഹൃത്താണ് ബാബ സിദ്ദിഖ്.
ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം അധോലോക നേതാവ് ലോറൻസ് ബിഷ്ണോയുടെ ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. തങ്ങളാണ് ബാബ സിദ്ദിഖിയെ കൊന്നതെന്നും അടുത്ത ലക്ഷ്യം സൽമാൻ ഖാൻ ആണെന്നും ഈ സംഘം പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഭീഷണിക്ക് പിന്നാലെ സൽമാൻ ഖാൻ കനത്ത സുരക്ഷയിലാണ്. ലോറൻസ് ബിഷണോയ്ക്ക് സൽമാൻ ഖാനോടുള്ള വൈര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഇതാദ്യമായല്ല താരത്തിന് നേരെ ഇയാളിൽ നിന്നും വധഭീഷണി വരുന്നത്. കഴിഞ്ഞ കുറേ നാളുകളായി സൽമാൻ ഖാന് കനത്ത സുരക്ഷയിലേ പൊതുവേദികളിലെത്താറുള്ളൂ. ഇതിന് കാരണം ലോറൻസ് ബിഷണോയിയുടെ ഭീഷണിയാണ്. ഈ വർഷമാദ്യം സൽമാൻ ഖാൻ താമസിക്കുന്ന ഗാലക്സി അപാർട്മെന്റിന് നേരെ ലോറൻസ് ബിഷണോയി വെടിയുതിർത്തിരുന്നു. 1998 ലാണ് ലോറൻസ് ബിഷ്ണോയുടെ പകയ്ക്ക് കാരണമായ സംഭവങ്ങൾ നടക്കുന്നത്.
ഹം സാത്ത് സാത്ത് ഹെയിൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സൽമാൻ ഖാനും കൂട്ടുകാരും ജോധ്പൂരിനടുത്ത് വെച്ച് രണ്ട് കൃഷ്ണ മൃഗങ്ങളെ വെടി വെച്ച് കൊന്നു എന്ന കേസ് വന്നു. ഈ സംഭവം ബിഷ്ണോയ് സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിട്ടില്ല. കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ സൽമാൻ തന്നെയാണ് കുറ്റവാളിയെന്ന് ലോറൻസ് ബിഷ്ണോയ് വാദിക്കുന്നു.

ബിഷ്ണോയ് സമുദായത്തെ സംബന്ധിച്ച് കൃഷ്ണ മൃഗം ദൈവ തുല്യമാണ്. 550 വർഷങ്ങളായി കാടിനെ സംരക്ഷിച്ച് ജീവിക്കുന്നവരാണിവർ. ഗുരു ജംബേശ്വർ ആണ് ഈ സമുദായത്തെ മുന്നോട്ട് നയിച്ചത്. കൃഷ്ണന്റെ പുനർജന്മമായാണ് ഇദ്ദേഹത്തെ ബിഷ്ണോയ് സമൂഹം കാണുന്നത്. മരണ ശേഷം കൃഷ്ണ മൃഗങ്ങളിൽ തന്റെ അംശമുണ്ടാകുമെന്ന് ഇദ്ദേഹം പറഞ്ഞെന്നാണ് വിശ്വാസം. വിശുദ്ധ മൃഗമായാണ് കലമാനുകളെ ഇവർ കാണുന്നത്. അമ്മയില്ലാത്ത കലമാനുകളെ ബിഷ്ണോയ് സമുദായത്തിലെ സ്ത്രീകൾ സ്വന്തം കുഞ്ഞിനെ പോലെ വളർത്തുന്നു.
ഈ സമൂഹത്തിൽ നിന്നുള്ളയാളാണ് ലോറൻസ് ബിഷ്ണോയ്. ദൈവ തുല്യമായി കാണുന്ന കൃഷ്ണ മൃഗങ്ങളെ കൊന്നതിൽ സൽമാൻ ഖാനോട് പകരം വീട്ടാൻ വർഷങ്ങളായി കാത്തിരിക്കുകയാണ് ഇയാൾ. ബിഷ്ണോയ് ക്ഷേത്രത്തിൽ വന്ന് തങ്ങളുടെ ദൈവത്തിന് മുന്നിൽ നിന്ന് മാപ്പ് പറഞ്ഞാൽ സൽമാനോട് ക്ഷമിക്കുമെന്ന് ലോറൻസ് ബിഷണോയ് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൽമാൻ ഇതിന് ഇതുവരെ തയ്യാറായിട്ടില്ല.
ഏത് നിമിഷവും ആക്രമണം വരാവുന്ന സാഹചര്യത്തിലാണ് സൽമാൻ ഖാനിപ്പോഴുള്ളത്. യുദ്ധം തുടങ്ങി വെച്ചത് ഞങ്ങളല്ല, സൽമാനാണെന്ന് ലോറൻസ് ബിഷ്ണോയ് കഴിഞ്ഞ ദിവസം പറഞ്ഞു. ബാബ സിദ്ദിഖിന്റെ മരണ ശേഷമാണ് ഇത് വെറുമൊരു ഭീഷണിയല്ലെന്നും അത്യന്തം അപകടകരമായ സാഹചര്യമാണെന്നും മനസിലാക്കുന്നത്.


Click it and Unblock the Notifications