'ഐശ്വര്യക്ക് പകരം കത്രീനയെ കാസ്റ്റ് ചെയ്യണമെന്ന് സൽമാൻ, സംവിധായകൻ എതിർത്തു'; ബജ്റാവോ മസ്താനിക്ക് സംഭവിച്ചത്!
രൺവീർ സിങ്-ദീപിക പദുകോൺ ജോഡിയുടെ ഏറ്റവും മികച്ചതും ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ സിനിമയാണ് ബജ്റാവോ മസ്താനി. ട്രയാങ്കിൾ ലവ് സ്റ്റോറിയാണ് സിനിമയുടെ പ്രമേയം. രൺവീറിനും ദീപികയ്ക്കും പുറമെ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. സിനിമ മാത്രമായിരുന്നില്ല ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.
സഞ്ചയ് ലീല ബെൻസാലി സംവിധാനം ചെയ്ത ഐക്കോണിക്ക് സിനിമ കൂടിയാണ് ബജ്റാവോ മസ്താനി. രൺവീറും ദീപികയും തമ്മിലുള്ള കെമിസ്ട്രിയും പ്രിയങ്കയുടെ ക്ലാസിക്ക് പ്രകടനവുമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് ആരാധകർക്ക് അറിയാത്ത ചില വസ്തുതകളുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യം തിരഞ്ഞെടുത്തത് രൺവീറിനേയും ദീപികയേയും പ്രിയങ്കയേയും ആയിരുന്നില്ല.... ബോളിവുഡ് ഭായ്ജാൻ സൽമാൻ ഖാനെയും ഐശ്വര്യ റായിയേയുമായിരുന്നു.

ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ സൽമാന്റെയും ഐശ്വര്യയുടേയും പ്രകടനം കണ്ടാണ് സഞ്ചയ് ലീല ബെൻസാലിക്ക് അങ്ങനെ ഒരു മോഹം ഉദിച്ചത്. എന്നാൽ ആ സമയത്ത് പ്രണയം തകർന്നതിന്റെ പേരിൽ സൽമാനും ഐശ്വര്യയും തമ്മിലുള്ള വഴക്ക് നടക്കുകയായിരുന്നു. ഇരുവരും കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥയായിരുന്നു.
അതുകൊണ്ട് തന്നെ ഇനി ഒരിക്കലും ഒരുമിച്ച് സിനിമകൾ ചെയ്യുന്നില്ലെന്നുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തിയിരുന്നു. ഐശ്വര്യ സൽമാനൊപ്പം പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നപ്പോഴും ബജ്റാവോ മസ്താനിയിലെ നായകവേഷം സൽമാൻ ആഗ്രഹിച്ചിരുന്നു.
ഐശ്വര്യ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതോടെ നായികയായി അഭിനയിക്കാൻ സഞ്ചയ് ലീല ബെൻസാലിക്ക് മുമ്പിലേക്ക് സൽമാൻ നിർദേശിച്ച പേര് ആ സമയത്തെ കാമുകി കത്രീന കൈഫിന്റേതായിരുന്നു. എന്നാൽ ബെൻസാലിക്ക് കത്രീന മസ്താനിയായി അഭിനയിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല.
കത്രീന ആ വേഷത്തോട് നീതി പുലർത്തില്ലെന്നത് ബെൻസാലിക്ക് അറിയാമായിരുന്നു. കത്രീനയെ ബെൻസാലിയുടെ വീട്ടിൽ കൊണ്ടുപോയിട്ടാണ് മസ്താനിയുടെ വേഷം ചെയ്യിപ്പിക്കുന്നതിനെ കുറിച്ച് സൽമാൻ സംസാരിച്ചത്. 'ദി ഈസ് യുവർ മസ്താനി' എന്ന് പറഞ്ഞാണ് കത്രീനയെ ബെൻസാലിക്ക് മുമ്പിൽ സൽമാൻ പരിചയപ്പെടുത്തിയത്.

കത്രീനയെ ഒഴിവാക്കി സൽമാൻ ഖാന് നായികയായി കരീന കപൂറിനെ കാസ്റ്റ് ചെയ്താലോയെന്നും സഞ്ചയ് ലീല ബെൻസാലി ആലോചിച്ചിരുന്നു. പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കാശി ഭായിയായി സൽമാൻ ഭൂമിക ചൗളയുടെ പേരും ശുപാർശ ചെയ്തിരുന്നു. എന്നാൽ ഓഡീഷൻ സമയത്ത് ഭൂമികയേയും ബെൻസാലി വേണ്ടെന്ന് വെച്ചു.
2015ലാണ് ദീപിക-രൺവീർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബജ്റാവോ മസ്താനി പുറത്തിറങ്ങിയത്. ചിത്രം ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമായാണ് ബജ്റാവോ മസ്താനി തിയേറ്ററുകളിലെത്തിയതെന്ന് ബെൻസാലി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
'ചിത്രം നിർമിക്കാൻ ഏകദേശം 12-13 വർഷമെടുത്തു. എല്ലാം നേരത്തെ തന്നെ പ്ലാൻ ചെയ്ത് വെച്ചിരുന്നു. പക്ഷെ പലവിധ കാരണങ്ങൾ കൊണ്ട് മുടക്കമുണ്ടായി. അന്ന് നിരാശ തോന്നിയിരുന്നു'വെന്നാണ്, ബെൻസാലി പറഞ്ഞത്. ദീപികയ്ക്കൊപ്പം സിനിമകൾ ചെയ്ത ശേഷമാണ് രൺവീറിന് നടിയോട് പ്രണയം തോന്നി തുടങ്ങിയത്. 2018ലായിരുന്നു ദീപിക-രൺവീർ ആഢംബര വിവാഹം. സഞ്ചയ് ലീല ബെൻസാലിയുടെ നിരവധി സിനിമകളിൽ ദീപിക പദുകോൺ അഭിനയിച്ചിട്ടുണ്ട്.
സൽമാൻ ഖാനെക്കാളും ഐശ്വര്യയെക്കാളും എന്തുകൊണ്ടും ബജ്റാവോ മസ്താനിയാകാൻ കൂടുതൽ ചേർച്ച ദീപികയും രൺവീറുമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പഠാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദീപിക പദുകോണിന്റെ സിനിമ. ഷാരുഖാനായിരുന്നു ചിത്രത്തിൽ നായകൻ.


Click it and Unblock the Notifications